സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം മുഖ്യമന്ത്രി സയ്യിദ അന്‍വറ തൈമൂര്‍ അന്തരിച്ചു
ആസാമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സയ്യിദ അന്‍വറ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം മുഖ്യമന്ത്രിയും ആസാമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ സയ്യിദ അന്‍വറ തൈമൂര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണം. കഴിഞ്ഞ നാല് വര്‍ഷമായി ആസ്ട്രേലിയയിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ച് തന്നെയാണ് അന്ത്യം.
1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെയുള്ള കാലയളവിലായിരുന്നു കോണ്‍ഗ്രസ് അംഗമായ സയ്യിദ അന്‍വറ തൈമൂര്‍ മുഖ്യമന്ത്രി കസേരയിലിരുന്നത്. പിന്നീട് സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന് കീഴിലായതോടെയാണ് തൈമൂറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്നത്. 1972,1978,1983,1991 എന്നീ കാലയളവില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്‍വറ തൈമൂര്‍ രണ്ട് പ്രാവശ്യം മന്ത്രി കസേരയിലും ഇരുന്നിട്ടുണ്ട്. രണ്ട് പ്രാവശ്യം രാജ്യസഭയിലേക്കും അന്‍വറ തൈമൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ നോമിനേഷനിലൂടെയും 2004ല്‍ തെരഞ്ഞെടുപ്പിലൂടെയുമാണ് രാജ്യസഭയിലെത്തിയത്. 2011ൽ ഇവർ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫില്‍ ചേര്‍ന്നു.
2018ല്‍ ആസാമിലെ പൗരത്വ രജിസ്ട്രേഷനില്‍ അന്‍വറ തൈമൂറിനും കുടുംബത്തിനും പൗരത്വം നഷ്ടപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തന്‍റെ പേര് പൗരത്വ പട്ടികയില്‍ ഇല്ലാത്തതില്‍ സങ്കടമുണ്ടെന്നും ആസാമിലേക്ക് തിരിച്ചുവന്ന് എന്‍.ആര്‍.സി പട്ടികയില്‍ താനും കുടുംബവും ഇടം പിടിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നുമാണ് അന്‍വറ തൈമൂര്‍ ഇതിനോട് പ്രതികരിച്ചത്.
അന്‍വറ തൈമൂറിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും അനുശോചിച്ചു.
Saddened by the sudden demise of former Chief Minister of Assam, Syeda Anwara Taimur.
— Sarbananda Sonowal (@sarbanandsonwal) September 28, 2020
Praying for the departed soul, I offer my heartfelt condolences to her family members and well-wishers.
Adjust Story Font
16

