'വേദന സഹിക്കാനാവുന്നില്ല'; പല്ല് വേദനക്ക് ചികിത്സ നല്‍കുന്നില്ലെന്ന് ഉമര്‍ ഖാലിദ്
തനിക്ക് വേദനയുണ്ടെന്നും ഡോക്ടറുടെ സന്ദർശനത്തിനായി ഒരാഴ്ച കാത്തിരിക്കാൻ ബുദ്ധിമുട്ടാണെന്നും ഉമര്‍ ഖാലിദ്

തിഹാര്‍ ജയിലില്‍ നിന്നും പല്ല് വേദനക്ക് ഉചിതമായ വൈദ്യസഹായം നല്‍കുന്നില്ലെന്ന് ആക്ടിവിസ്റ്റും ജെ.എന്‍.യു വിദ്യാര്‍ഥിയുമായ ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ജയില്‍ സൂപ്രണ്ടുമാരോട് പരാതിപ്പെട്ടിട്ടും വൈദ്യസഹായം നല്‍കിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർഥി നേതാവായ ഖാലിദിനെ ഡല്‍ഹി കലാപക്കേസിൽ പ്രതിചേര്‍ത്ത് ജയിലിൽ അടച്ചിരിക്കുകയാണ്.
വൈദ്യസഹായം നൽകാനും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് നൽകാനും മജിസ്‌ട്രേറ്റ് ദിനേശ് കുമാർ ജയിൽ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ദന്തഡോക്ടര്‍ ജയിലിൽ ലഭ്യമല്ലെങ്കിൽ, ചികിത്സക്കായി പ്രതിയെ ജയിലിന് പുറത്ത് കൊണ്ടുപോകാമെന്നും കോടതി അറിയിച്ചു.
ബുധനാഴ്ച ജയിൽ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന ദന്തരോഗവിദഗ്ദ്ധൻ എത്തിയിട്ടില്ലെന്ന് ഖാലിദ് കോടതിയെ അറിയിച്ചു. തനിക്ക് വേദനയുണ്ടെന്നും ഡോക്ടറുടെ സന്ദർശനത്തിനായി ഒരാഴ്ച കാത്തിരിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി കലാപ കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്നിനാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. ഈ മാസം തുടക്കത്തില്‍ അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിരുന്നു.
Adjust Story Font
16

