Quantcast

ത്രിവര്‍ണ പതാക ആലേപനം ചെയ്ത കേക്ക് മുറിക്കുന്നത് രാജ്യദ്രോഹമല്ല: മദ്രാസ് ഹൈക്കോടതി

അതിദേശീയത രാജ്യപുരോഗതിക്ക് തടസ്സമാണെന്നും കോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    23 March 2021 2:28 PM GMT

ത്രിവര്‍ണ പതാക ആലേപനം ചെയ്ത കേക്ക് മുറിക്കുന്നത് രാജ്യദ്രോഹമല്ല: മദ്രാസ് ഹൈക്കോടതി
X

ത്രിവര്‍ണ പതാകയും അശോക ചക്രവും ആലേപനം ചെയ്ത കേക്ക് മുറിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തീവ്രദേശീയത രാജ്യത്തിനോ രാജ്യത്തിന്റെ പാരമ്പര്യത്തിനോ ചേര്‍ന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യയുടെ ഭൂപടമുള്ള കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. എന്‍ ആനന്ദ് വെങ്കിടേഷ് ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ച് കേസ് തള്ളുകയും ചെയ്തു.

2013ല്‍ കോയമ്പത്തൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രിസ്മസ് ആഘോഷത്തിനിടെ ഇന്ത്യയുടെ ഭൂപടം ആലേപനം ചെയ്ത ഭീമാകാരമായ കേക്ക് മുറിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്‍.ജി.ഒ പ്രവര്‍ത്തകരും ഉള്‍പ്പടെ രണ്ടായിരത്തോളം പേരായിരന്നു ആഘോഷത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു പബ്ലിക് പാര്‍ട്ടിയുടെ ഡി സെന്തില്‍ കുമാര്‍ പരാതിപ്പെടുകയായിരുന്നു.

ഭരണഘടനയേയും ദേശീയ ചിഹ്നങ്ങളേയും അപമാനിക്കുന്നതാണ് സംഭവമെന്നും 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട്' പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാല്‍ ഈ വാദം നിഷേധിച്ച കോടതി, കേസ് തള്ളുകയും ചെയ്തു.

റിപബ്ലിക് ദിനത്തില്‍ പേപ്പറില്‍ നിര്‍മിച്ച ത്രിവര്‍ണ തൊപ്പി ധരിച്ച ആയിരങ്ങളാണ് ആഘോഷ ചടങ്ങുകളില്‍ എത്തുന്നത്. ഒടുവിലതെല്ലാം എത്തുന്നത് ചവറ്റുകൂട്ടിയിലാണ്. എന്നാല്‍ ഇവരെല്ലാവരും ദേശദ്രോഹികളാണെന്ന് വിധിക്കാന്‍ പറ്റുമോ എന്നും കോടതി ചോദിച്ചു.

ജനാധിപത്യത്തില്‍ ദേശീയത വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി, അതിദേശീയത രാജ്യപുരോഗതിക്ക് തടസ്സമാണെന്നും ചൂണ്ടിക്കാട്ടി. ദേശീയ പതാക ഉയര്‍ത്തുന്നവരും ചിഹ്നങ്ങള്‍ ധരിക്കുന്നവരും മാത്രമാണ് ദേശസ്‌നേഹികള്‍ എന്ന ധാരണ ശരിയല്ല. നല്ല ഭരണത്തിനായി പ്രയത്‌നിക്കുന്നതും അതിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story