Quantcast

പൗരത്വ നിയമം: ബംഗാളിലും അസമിലും ബിജെപിക്ക് ഇരട്ടത്താപ്പ്

പശ്ചിമബംഗാളിലെ പ്രകടന പത്രികയിൽ മുഖ്യ ഇനമായി പൗരത്വ നിയമം ഉൾപ്പെടുത്തിയ ബി.ജെ.പി അസമിൽ അപ്പാടെ അവഗണിച്ചു

MediaOne Logo

പി പി ജസീം

  • Published:

    24 March 2021 2:13 AM GMT

പൗരത്വ നിയമം: ബംഗാളിലും അസമിലും ബിജെപിക്ക് ഇരട്ടത്താപ്പ്
X

പൗരത്വ നിയമത്തിന്റെ കാര്യത്തിൽ ബംഗാളിലും അസമിലും ബി.ജെ.പിക്ക് ഇരട്ടത്താപ്പ്. പശ്ചിമബംഗാളിലെ പ്രകടന പത്രികയിൽ മുഖ്യ ഇനമായി പൗരത്വ നിയമം ഉൾപ്പെടുത്തിയ ബി.ജെ.പി അസമിൽ അപ്പാടെ അവഗണിച്ചു. പൗരത്വ പ്രക്ഷോഭം ആദ്യം പൊട്ടിപ്പുറപ്പെട്ട അസമിൽ വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ആൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ.

മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് ഇറക്കാനും വയ്യ എന്നതാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ ബി.ജെ.പിയുടെ അവസ്ഥ. അധികാരത്തിലേറിയുള്ള ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ നിയമം നടപ്പിലാക്കാൻ നടപടികൾ ആരംഭിക്കുമെന്നായിരുന്നു പശ്ചിമ ബംഗാൾ പ്രകടന പത്രികയിലെ ബി.ജെ.പിയുടെ വാഗ്ദാനം. ലക്ഷ്യം ബംഗാളി ഹിന്ദു വോട്ട് ബാങ്ക് തന്നെ. ഇതോടെ വരാനിരിക്കുന്ന അസം പ്രകടന പത്രികയിൽ ഇക്കാര്യത്തിൽ ബി.ജെ.പി എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാനായിരുന്നു രാഷ്ട്രീയ നിരീക്ഷകർ കാത്തിരുന്നത്.

പ്രതീക്ഷിച്ചത് പോലെ പത്തിന പ്രകടന പത്രികയിൽ ഇക്കാര്യം പാർട്ടി അപ്പാടെ അവഗണിച്ചു. നിയമഭേദഗതിക്കെതിരെ ആദ്യം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട അസമിൽ ഇത് തിരിച്ചടിയാകുമെന്നത് തന്നെ കാരണം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരം മാത്രമായാണ് നിയമത്തെക്കുറിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ പ്രതികരിച്ചത്. കേന്ദ്ര നിയമമായതിനാൽ സമയമാകുമ്പോൾ നടപ്പിലാക്കേണ്ടി വരുമെന്ന് പത്രിക പ്രകാശനം ചെയ്യവെ നദ്ദ മയപ്പെടുത്തി നിലപാട് പറഞ്ഞു.

ക്ഷീണം തീർക്കാൻ എൻ.ആർ.സി പട്ടിക പുതുക്കുമെന്നത് പത്രികയിലെ മുഖ്യ ഇനവുമാക്കി. ഇതോടെ അസമിൽ പൗരത്വ വിഷയം വീണ്ടും ചർച്ചയാവുകയാണ്. പ്രതിഷേധവുമായി ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ ആൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ തന്നെ രംഗത്തെത്തി. ശനിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പിനായി അസം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് സി.എ.എക്കെതിരെ ഗുവാഹത്തിയിൽ ആസു പ്രക്ഷോഭം പുനരാരംഭിക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story