ആഗോള ലിംഗ പദവി സൂചികയില്‍ 28 സ്ഥാനം പിന്നോട്ട് പോയി ഇന്ത്യ
ദക്ഷിണേഷ്യയിൽ അഫ്ഗാനിസ്താനും പാകിസ്താനും ശേഷം ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ആഗോള ലിംഗ പദവി സൂചികയിൽ (Global Gender Gap index) പിന്നാക്കം പോയി ഇന്ത്യ. കഴിഞ്ഞ വർഷത്തെ 112-ൽ നിന്നും 28 സ്ഥാനം പിന്നോട്ട് പോയി 140-ലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം.
വേൾഡ് ഇക്കണോമിക്സ് ഫോറം പുറത്തിറക്കിയ 156 രാജ്യങ്ങൾ ഉൾപ്പെട്ട ലിംഗ പദവി സൂചികയിൽ 140-ാമതാണ് രാജ്യം. 153 അംഗ രാജ്യങ്ങളുള്ള 2020ലെ പട്ടികയിൽ 112-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 28 സ്ഥാനം പിന്നോട്ട് പോവുകയായിരുന്നു.
The Forum's latest report on the global gender gap addresses the divide between men and women in the workplace, schools and society at a large -- and outlines what we need to do to build a gender-equal world.
— World Economic Forum (@wef) March 30, 2021
Read the report here: https://t.co/i21IA3WyS9 #gendergap21 pic.twitter.com/S8IN4yMmcw
സാമ്പത്തിക മേഖലയിലെ അവസര സമത്വവും സ്ത്രീ പ്രാതിനിധ്യവും, വിദ്യഭ്യാസ പുരോഗതി, ആരോഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ചൊവ്വാഴ്ച്ചയാണ് വേൾഡ് ഇക്കണോമിക് ഫോറം സൂചിക പുറത്തിറക്കിയത്.
രാഷ്ട്രീയ ശാക്തീകരണത്തിൽ ഇന്ത്യ വളരെയധികം പിന്നോട്ട് പോയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 13.5 ശതമാനത്തിന്റെ ഇടിവാണ് രാഷ്ട്രീയ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിലുണ്ടായത്. 2019ൽ രാജ്യത്തെ വനിത മന്ത്രിമാർ 23.1 ശതമാനമായിരുന്നെങ്കിൽ, 2021-ൽ അത് കേവലം 9.1 ശതമാനമായി ചുരുങ്ങി. എന്നാൽ പാർലമെന്റിലെ വനിതാ പ്രാതിനിധ്യം 14.4 ശതമാനമായി തന്നെ തുടരുകയാണ്.
രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തിലുണ്ടായ ഇടിവും ലിംഗ പദവി സൂചികയിൽ പ്രതിഫലിച്ചിട്ടുണ്ട്. സാങ്കേതിക - പ്രൊഫഷണൽ മേഖലയിലെ വനിതാ പ്രാതിനിധ്യത്തിൽ 29.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ആരോഗ്യ മേഖലയിലും കടുത്ത വിവേചനം രാജ്യത്തെ സ്ത്രീകൾ നേരിടുന്നതായി റിപ്പോർട്ട് പറയുന്നു.
ദക്ഷിണേഷ്യയിൽ അഫ്ഗാനിസ്താനും പാകിസ്താനും ശേഷം ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പട്ടികയിൽ ഐസ്‍ലാൻഡ് ആണ് ഏറ്റവും തുല്യതയുള്ള രാജ്യം. ഫിൻലാൻഡ്, നോർവേ, ന്യൂസിലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
Adjust Story Font
16

