Quantcast

കോവിഡ് മഹാമാരി: ശമ്പളമുപേക്ഷിച്ച് ജോലി ചെയ്ത്‌ മുകേഷ് അംബാനി

മുൻ സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയാണ് അംബാനി ശമ്പളമായി കൈപറ്റിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-06-03 13:13:43.0

Published:

3 Jun 2021 1:12 PM GMT

കോവിഡ് മഹാമാരി: ശമ്പളമുപേക്ഷിച്ച് ജോലി ചെയ്ത്‌  മുകേഷ് അംബാനി
X

മുംബൈ: കോവിഡ് മഹാമാരിയെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നുള്ള ശമ്പളം ഉപേക്ഷിച്ച് ചെയർമാൻ മുകേഷ് അംബാനി. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലാണ് അംബാനി ശമ്പളവും മറ്റാനുകൂല്യങ്ങളും വേണ്ടെന്നു വച്ചത്. 2020-21 സാമ്പത്തിക വർഷത്തിന്റെ വാർഷിക റിപ്പോർട്ടിൽ ചെയർമാന്റെ ശമ്പളം 'ഇല്ല' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മുൻ സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയാണ് അംബാനി ശമ്പളമായി കൈപറ്റിയിരുന്നത്. കഴിഞ്ഞ 11 വർഷമായി ഇതേ ശമ്പളമാണ് ചെയർമാൻ എടുക്കുന്നതും. റിലയൻസിൽ അംബാനിയേക്കാൾ കൂടുതൽ പണം ശമ്പളമായി കൈപറ്റുന്നവർ ഉണ്ട് എന്നാണ് ഏറെ കൗതുകകരം.

ബന്ധുക്കളായ നിഖിൽ, ഹിതൽ മേസ്വാനി എന്നിവർക്ക് 24 കോടി രൂപയാണ് ശമ്പളം. 17.28 കോടി രൂപ കമ്മിഷൻ ഉൾപ്പെടെയാണ് ഇതെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ പിഎംഎസ് പ്രസാദ്, പവൻ കുമാർ കപിൽ എന്നിവർക്ക് യഥാക്രമം 11.15, 4.24 കോടി രൂപയാണ് ശമ്പളം.

നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അംബാനിയുടെ ഭാര്യ നിത അംബാനിക്ക് കഴിഞ്ഞ വർഷം സിറ്റിങ് ഫീസായി എട്ടു ലക്ഷം രൂപയും മറ്റു കമ്മിഷനായി 1.65 കോടി രൂപയും കിട്ടിയിട്ടുണ്ട്. നിതയ്ക്ക് പുറമേ, യോഗേന്ദ്ര പി ത്രിവേദി, ദീപക് സി ജെയിൻ, രഘുനാഥ് എ മഷേൽക്കർ, ആദിൽ സൈനുൽഭായ്, രമീന്ദർ സിങ് ഗുജ്‌റാൾ, ഷുമീത് ബാനർജി, മുൻ സിബിഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യ, മുൻ സിവിസി കെവി ചൗധരി എന്നിവരാണ് മറ്റു നൊൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണുകൾ. എല്ലാ സ്വതന്ത്ര ഡയറക്ടർമാർക്കും പ്രതിവർഷം 1.65 കോടി രൂപയാണ് കമ്മിഷൻ. സിറ്റിങ് ഫീയായി 36 ലക്ഷം രൂപയും ലഭിക്കും.

അതിനിടെ, ശമ്പളം വാങ്ങിയില്ലെങ്കിലും റിലയൻസ് ഓഹരികൾ കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ മുകേഷിന്റെ ആസ്തിയും വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അംബാനിയുടെ സമ്പത്തിൽ 6.2 ബില്യൺ ഡോളർ വർധനയാണ് ഉണ്ടായതെന്ന് ബ്ലൂംബർഗ് ബില്യണയർ സൂചിക പറയുന്നു. ചൊവ്വാഴ്ചയിലെ കണക്കു പ്രകാരം 83.2 ബില്യൺ ഡോളറാണ് (6.07 ലക്ഷം കോടി) അംബാനിയുടെ ആസ്തി.

TAGS :

Next Story