Quantcast

അമിത്ഷായുടെ വിശ്വസ്തൻ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ 'ട്രബിൾ ഷൂട്ടർ'

അസം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഹിമാന്ത ബിശ്വ ശർമ, കോൺഗ്രസിൽനിന്ന് കൂടുമാറി കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ എങ്ങനെ വടക്കുകിഴക്കൻ മേഖലയില്‍ ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങളുടെ ബുദ്ധികേന്ദ്രമായി മാറി?

MediaOne Logo

Shaheer

  • Updated:

    2021-05-09 16:55:50.0

Published:

9 May 2021 12:47 PM GMT

അമിത്ഷായുടെ വിശ്വസ്തൻ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ട്രബിൾ ഷൂട്ടർ
X

അധികാരതർക്കങ്ങൾക്കൊടുവിൽ അസം മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശർമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്നു ചേർന്ന ബിജെപിയുടെ നിയമസഭാ യോഗത്തിലാണ് ഹിമാന്തയെ ഐക്യകണ്‌ഠ്യേന സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തന്നെയാണ് ഹിമാന്തയുടെ പേര് സ്ഥാനത്തേക്ക് നിർദേശിച്ചതെന്നാണ് അറിയുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വിശ്വസ്തനായ ശർമ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎ സഖ്യത്തിന്റെ 'ട്രബിൾ ഷൂട്ടറാ'യാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥി ജീവിതം തൊട്ടുതന്നെയുള്ള സമരങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അസം രാഷ്ട്രീയത്തിൽ ശക്തനായി മാറിയ സർബാനന്ദയ്ക്കും മീതെ ഹിമാന്ത ബിശ്വ ശർമ എങ്ങനെയാണ് വടക്കുകിഴക്കൻ മേഖലയിലെ തന്നെ ബിജെപിയുടെ കരുത്തനായി നേതാവായി മാറിയതെന്നു നോക്കാം.

കോൺഗ്രസിൽ കലാപക്കൊടിയുയർത്തി; ഒടുവിൽ കൂടുമാറ്റം

1990കളിലാണ് ഹിമാന്ത ബിശ്വ ശർമ കോൺഗ്രസിലെത്തുന്നത്. മികച്ച നേതൃപാടവമുള്ള ഹിമാന്തയ്ക്ക് അധികം വൈകാതെ കോൺഗ്രസിൽ അംഗീകാരങ്ങളും ലഭിച്ചു.

2001ൽ ജാലൂക്ബാരി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് എംഎൽഎയായി. തുടർന്ന് നിയമസഭാ സാമാജികനായും ഹിമാന്ത തിളങ്ങി. 2006, 2011 വർഷങ്ങളിലായി തുടർച്ചയായി മൂന്നു തവണയും ജാലൂക്ബാരിയുടെ ജനപ്രതിനിധിയായി ശർമ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഗോഗോയ് സർക്കാരുകളിൽ മന്ത്രിയുമായി. വിദ്യാഭ്യാസം, ധനകാര്യം, ആരോഗ്യം, കൃഷി, ആസൂത്രണ-വികസനം തുടങ്ങി സുപ്രധാന വകുപ്പുകളെല്ലാം ഹിമാന്ത കൈകാര്യം ചെയ്തിട്ടുണ്ട്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കോൺഗ്രസിന്റെ തർച്ചയ്ക്കു പിറകെ തരുൺ ഗോഗോയിയുടെ നേതൃത്വത്തെ ചോദ്യം ചെയ്താണ് ഹിമാന്ത പാർട്ടിയിൽ ആദ്യമായി കലാപക്കൊടി ഉയർത്തിയത്. പാർട്ടിക്ക് ഇനി തിരിച്ചുവരണമെങ്കിൽ നേതൃത്വത്തിൽ തലമുറമാറ്റം വേണമെന്ന അഭിപ്രായപ്രകടനങ്ങളുമായി പാളയത്തിൽ പട ആരംഭിച്ചു.

ഇതോടെ സോണിയ ഗാന്ധി, അഹ്‌മദ് പട്ടേൽ അടക്കമുള്ള പാർട്ടി ഉന്നത നേതൃത്വം ഇടപെട്ടു. തൊട്ടടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഹിമാന്തയെ അനുനയിപ്പിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ ഹിമന്തയുടെ മുഖ്യമന്ത്രിമോഹത്തിന് രാഹുൽ ഗാന്ധി ചുവപ്പുകൊടി കാണിച്ചു. ഇതോടെ ഹിമാന്ത പാർട്ടിയും വിട്ടു. അധികം വൈകാതെ ബിജെപിയിൽ ചേരുകയും ചെയ്തു. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി ജയത്തിലൂടെ ഒരു പതിറ്റാണ്ടിലേറെ നീണ്ട അസമിലെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ചു.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ്മുക്ത ഓപറേഷന്‍

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ സർബാനന്ദ സോനോവാളായിരുന്നു ബിജെപി പ്രചാരണത്തിന്റെ മുഖമെങ്കിലും പാർട്ടിയുടെ അട്ടിമറി ജയത്തിന്റെ ക്രെഡിറ്റ് ഹിമാന്തയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഹിമാന്തയുടെ സംഘാടനപാടവവും കോൺഗ്രസ് കേഡറുകളുമായുള്ള അടുത്ത ബന്ധവും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമെല്ലാമാണ് അസമിൽ ബിജെപിക്ക് സ്വപ്‌ന വിജയം നേടിക്കൊടുത്തത്.

മന്ത്രിസഭ രൂപീകരിച്ചപ്പോൾ ജാതിസമവാക്യങ്ങളും വിദ്യാർത്ഥി രാഷ്ട്രീയക്കാലം മുതലുള്ള നേതൃരംഗത്തെ പരിചയസമ്പത്തും സോനോവാളിനു തുണയായി. തുടർന്ന് മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ നൽകിയാണ് ബിജെപി ഹിമാന്തയെ പിടിച്ചുനിർത്തിയത്. ഇതോടൊപ്പം കോൺഗ്രസ്മുക്ത ഭാരതമെന്ന അമിത്ഷായുടെ സ്വപ്‌ന പദ്ധതിയുടെ വടക്കുകിഴക്കൻ ചുമതലയും ഹിമാന്തയെ ഏൽപിച്ചു. ബിജെപി സാന്നിധ്യം പോലുമില്ലാത്ത മേഖലയിൽ അധികാരം പിടിച്ചടക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു തലയിലുണ്ടായിരുന്നത്. ഇതിനായി രൂപീകരിച്ച വടക്കുകിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ കൺവീനറായി തന്നെ അമിത്ഷാ ഹിമാന്തയെ വിശ്വസിച്ചേൽപ്പിച്ചു.


നാഗാ പീപ്പിൾസ് ഫ്രണ്ട്, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, അസം ഗണപരിഷത്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ അടക്കമുള്ള മേഖലയിലെ കോൺഗ്രസിതര പാർട്ടികളുടെ ഏകോപനത്തിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുകയായിരുന്നു ദൗത്യം. എട്ടു സംസ്ഥാനങ്ങൾ, ഒരൊറ്റ ശക്തി എന്നായിരുന്നു സഖ്യത്തിന്റെ മുദ്രാവാക്യം. ഏൽപിക്കപ്പെട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഹിമാന്ത ബിശ്വ ശർമയ്ക്കായി. മണിപ്പൂരിൽ ആദ്യമായി ബിജെപി നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. അരുണാചൽ പിടിച്ചു. സിപിഎം കോട്ട തകർത്ത് ത്രിപുര പിടിച്ചടക്കി. നാഗാലാൻഡ്, മേഘാലയയിലെല്ലാം നേട്ടങ്ങളുണ്ടാക്കി. 2018ൽ മിസോറാമിൽ മിസോ നാഷനൽ ഫ്രണ്ട് അധികാരം പിടിച്ചതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതാദ്യമായി കോൺഗ്രസിന് ഭരണമില്ലാത്ത സ്ഥിതിയുമുണ്ടായി. ഒടുവിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച വിജയം നേടിക്കൊടുത്താണ് ഹിമാന്ത തന്റെ സംഘാടനപാടവവും ചാണക്യതന്ത്രവും അരക്കിട്ടുറപ്പിച്ചത്.

ഇത്തവണ അസമിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിൽ കണ്ണുനട്ട് ഹിമാന്ത രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിൽ തനിക്ക് താൽപര്യമുണ്ടെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽനിർത്താതെ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എൻആർസി, സിഎഎ നിയമങ്ങളെ തുടർന്ന് സംസ്ഥാനത്ത് പാർട്ടിക്കെതിരെ ഉയർന്ന വൻ ജനരോഷം അടക്കിനിർത്താൻ മുന്നിൽനിന്നയാൾ കൂടിയാണ് ഹിമാന്ത. നിയമത്തിന്റെ അനുരണനങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാതെ കാത്തതിനു പുറമെ എഐയുഡിഎഫ്, സിപിഐ, സിപിഎം തുടങ്ങിയ കക്ഷികളെ ചേർത്ത് കോൺഗ്രസ് രൂപംനൽകിയ മഹാസഖ്യത്തിന്റെ വിജയസാധ്യതകളെല്ലാം പൂർണമായി അടച്ചുമാണ് ഹിമാന്ത ബിജെപിക്ക് ഒരിക്കിൽ കൂടി അസമിൽ ഭരണം പിടിച്ചുകൊടുത്തത്.

TAGS :

Next Story