Quantcast

'മുസ്‍ലിംകള്‍ ജനസംഖ്യാ വളർച്ച നിയന്ത്രിക്കണം'; അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ പ്രസ്താവന വിവാദത്തിൽ

മുസ്‍ലിം സ്ത്രീകളെ ബോധവല്‍ക്കരിച്ച് പ്രശ്‌നത്തിനു പരിഹാരം കാണുമെന്നും ഹിമാന്ത പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Jun 2021 11:44 AM GMT

മുസ്‍ലിംകള്‍ ജനസംഖ്യാ വളർച്ച നിയന്ത്രിക്കണം; അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ പ്രസ്താവന വിവാദത്തിൽ
X

ജനസംഖ്യാ നിയന്ത്രണത്തിന് കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് മുസ്‍ലിംകളോട് നിര്‍ദേശിച്ച് പുതിയ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. അധികാരമേറ്റ് ഒരു മാസം പിന്നിടുന്നതിനിടെയാണ് ഹിമാന്തയുടെ വിവാദ പ്രസ്താവന.

എല്ലാവിധ സാമൂഹിക ഭീഷണികളുടെയും മൂലകാരണം ജനസംഖ്യയാണെന്നും ജനസംഖ്യ നിയന്ത്രിക്കാനായാൽ ഒരുപാട് പ്രശ്‌നങ്ങൾ സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്നും ഹിമാന്ത പറഞ്ഞു. മുസ്‍ലിം സ്ത്രീകൾക്ക് ഇക്കാര്യത്തിൽ കൂടുതൽ വിദ്യാഭ്യാസം നൽകും. അതുവഴി പ്രശ്‌നം കാര്യക്ഷമമായി പരിഹരിക്കാനാകുമെന്നും ഹിമാന്ത പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ദാരിദ്ര്യം, ഭൂമി കൈയേറ്റം പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം ജനസംഖ്യയാണ്. ജനസംഖ്യ നിയന്ത്രിക്കാനായാൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാകും. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തുതന്നെ രണ്ടു കുട്ടികൾ നിയമം അവതരിപ്പിക്കപ്പെട്ടതാണ്. അക്കാര്യത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണ്-ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.

ഹിമാന്തയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി വിവിധ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. മനപ്പൂര്‍വം മുസ്‍ലിം കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) ആരോപിച്ചു. ഒരു സമുദായത്തെമാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ബിജെപിയുടെ രീതിയുടെ ഭാഗമാണിതെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അമീനുൽ ഇസ്‍ലാം വിമർശിച്ചു.

TAGS :

Next Story