Quantcast

മുസ്‍ലിം വയോധികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റ്; റാണാ അയ്യൂബിന്‍റെ അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി

ഗാസിയാബാദില്‍ മുസ്‍ലിം വയോധികന്‍ ആക്രമിക്കപ്പെട്ട വീഡിയോയുമായി ബന്ധപ്പെട്ട 50 ട്വീറ്റുകള്‍ ട്വിറ്റര്‍ വിലക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    21 Jun 2021 11:58 AM GMT

മുസ്‍ലിം വയോധികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റ്; റാണാ അയ്യൂബിന്‍റെ അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി
X

ഗാസിയാബാദിലെ ലോണിയില്‍ മുസ്‍ലിം വയോധികനെ ആക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിനെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന് ബോംബെ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. നാല് ആഴ്ചക്ക് അറസ്റ്റില്‍ നിന്നും റാണാ അയ്യൂബിന് കോടതി സംരക്ഷണവും നല്‍കി.

ജസ്റ്റിസ് പ്രകാശ് ഡി നായിക്കിന്‍റെ സിങ്കിള്‍ ബെഞ്ചാണ് അറസ്റ്റില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റാണാ അയ്യൂബ് നല്‍കിയ ഹരജി പരിഗണിച്ചത്. വീഡിയോ ഷെയര്‍ ചെയ്തതിനെതിരെ ഗാസിയാബാദിലെ ലോണി ബോര്‍ഡര്‍ പോലീസാണ് റാണാ അയ്യൂബിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. സെക്ഷന്‍ 153, 153A, 295A, 505, 120B തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് റാണാ അയ്യൂബിനെതിരെയും വീഡിയോ ഷെയര്‍ ചെയ്ത മറ്റു ചിലര്‍ക്കെതിരെയും ലോണി ബോര്‍ഡര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വീഡിയോയുടെ ആധികാരികത പരിശോധിക്കാതെ റാണാ ട്വിറ്ററില്‍ അത് ഷെയര്‍ ചെയ്തു എന്ന് ആരോപിച്ചാണ് കേസ്. മഹാരാഷ്ട്രയില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് റാണാ അയ്യൂബെന്നും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇതിന് സമാനമായി നിരവധിപേര്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയില്‍ വാദിച്ചു. മേല്‍പ്പറഞ്ഞ ട്വീറ്റ് റാണാ അയ്യൂബ് ഡിലീറ്റ് ചെയ്തതായും ദേശായി കൂട്ടിച്ചേര്‍ത്തു.

ഗാസിയാബാദില്‍ മുസ്‍ലിം വയോധികന്‍ ആക്രമിക്കപ്പെട്ട വീഡിയോയുമായി ബന്ധപ്പെട്ട 50 ട്വീറ്റുകള്‍ ട്വിറ്റര്‍ വിലക്കിയിരുന്നു. അബ്ദുൾ സമദ് സൈഫിയെ ആക്രമിച്ചതായും താടി മുറിച്ചതായും കാണിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ തടഞ്ഞതായി ട്വിറ്റർ അധികൃതർ അറിയിച്ചിരുന്നു. തന്നെ മര്‍ദ്ദിച്ചവര്‍ തനിക്ക് ഓട്ടോ സവാരി വാഗ്ദാനം ചെയ്തുവെന്നും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചുവെന്നും 'ജയ് ശ്രീ റാം' വിളിക്കാന്‍ നിർബന്ധിച്ചുവെന്നും ഫേസ്ബുക്ക് ലൈവിലൂടെ സെയ്ഫി ആരോപിച്ചിരുന്നു.

TAGS :

Next Story