നാരദ കൈക്കൂലിക്കേസ്: തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിൽ വയ്ക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്
കേസ് പരിഗണിച്ച ബെഞ്ചിൽ ജസ്റ്റിസ് അർജിത് ബാനർജി ഇടക്കാല ജാമ്യാപേക്ഷ അംഗീകരിച്ചു. എന്നാൽ, ആക്ടിങ് ചീഫ് ജസ്റ്റിസായ രാജേഷ് ബിന്ദാൽ വീട്ടുതടങ്കലിന് ഉത്തരവിടുകയായിരുന്നു

നാരദ കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരെ വീട്ടുതടങ്കലിൽ വയ്ക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്. ഇവരുടെ ജാമ്യാപേക്ഷ കോടതി സ്‌റ്റേ ചെയ്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പുതിയ ബംഗാൾ സർക്കാരിൽ മന്ത്രിമാരായ ഫിർഹദ് ഹകീം, സുഭ്രത മുഖർജി എന്നിവരെയും മുൻ മന്ത്രി മദൻ മിത്ര, ബിജെപി മുന്‍ നേതാവായ സോവൻ ചാറ്റർജി എന്നിവരെയുമാണ് വീട്ടുതടങ്കലിൽ വയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇവരെ പ്രതിനിധീകരിച്ചുകൊണ്ട് കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വീട്ടുതടങ്കൽ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് കേസ് പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി ബെഞ്ചിൽ ജസ്റ്റിസ് അർജിത് ബാനർജി ഇടക്കാല ജാമ്യാപേക്ഷ അംഗീകരിച്ചു. എന്നാൽ, ആക്ടിങ് ചീഫ് ജസ്റ്റിസായ രാജേഷ് ബിന്ദാൽ വീട്ടുതടങ്കലിന് ഉത്തരവിടുകയായിരുന്നു. ഇടക്കാല ജാമ്യാപേക്ഷ വിപുലമായ ബെഞ്ചിനു വിടുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടകീയമായ നീക്കങ്ങൾക്കൊടുവിൽ മൂന്ന് തൃണമൂൽ നേതാക്കളെയും ഒരു മുൻ നേതാവിനെയും അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് ബംഗാളിൽ വൻ പ്രതിഷേധങ്ങളാണ് തൃണമൂൽ പ്രവർത്തകർ തുടരുന്നത്. മമത ബാനർജി മണിക്കൂറുകളോളം സിബിഐ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നാലു നേതാക്കളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
Adjust Story Font
16

