കാർട്ടൂണിസ്റ്റ് മഞ്ജുളിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം; ഏകാധിപത്യ നയങ്ങളുടെ തുടർച്ചയെന്ന് വിമർശനം
മഞ്ജുളിന്റെ കാർട്ടൂണുകൾ രാജ്യത്തെ നിയമങ്ങൾക്കെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ലോ എൻഫോഴ്‌സ്‌മെന്റ് ട്വിറ്ററിനോട് നടപടി ആവശ്യപ്പെട്ടത്

രാഷ്ട്രീയ കാർട്ടൂണിസ്റ്റായ മഞ്ജുളിനെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രം. മഞ്ജുളിന്റെ ട്വീറ്റുകൾ ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ലോ എൻഫോഴ്‌സ്‌മെന്റ് ട്വിറ്ററിനോട് നടപടി സ്വീകരിക്കാൻ നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സർക്കാരിന്റെ ഏകാധിപത്യ നയങ്ങളുടെ ഭാഗമാണ് നീക്കമെന്ന് സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിമർശിച്ചു.
കേന്ദ്രത്തിന്റെ നിർദേശം അറിയിച്ചുകൊണ്ട് ട്വിറ്റർ അയച്ച ഇ-മെയിൽ മഞ്ജുൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മോദി ജിയുടെ സർക്കാർ വിജയിക്കട്ടെ' എന്ന അടിക്കുറിപ്പോടെയായിരുന്നു സ്‌ക്രീൻഷോട്ട് പങ്കുവച്ചത്. താങ്കളുടെ ട്വീറ്റുകൾ രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ലോ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ-മെയിലില്‍ പറയുന്നു. എന്നാൽ, ആവശ്യപ്രകാരം നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇ-മെയിലിൽ ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ ശബ്ദങ്ങളെ മാനിക്കുകയും പ്രതിരോധിക്കുകയും ചെയ്യണമെന്നതിൽ ട്വിറ്റർ ഉറച്ചുവിശ്വസിക്കുന്നു. ഇതിനാൽ ഇത്തരത്തിലുള്ള നിയമനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ലഭിച്ചാൽ അത് ഉപയോക്താക്കളെ അറിയിക്കുന്നത് കമ്പനി നയമാണെന്നും ഇ-മെയിലിൽ പറയുന്നു. കേന്ദ്ര നീക്കത്തെ നിയമോപദേശം തേടി കോടതിയിൽ നേരിടുകയോ, പൗരസാമൂഹിക കൂട്ടായ്മകളെ ബന്ധപ്പെട്ട് സഹായം തേടുകയോ ചെയ്യാവുന്നതാണെന്നും മഞ്ജുളിനോട് ട്വിറ്റർ നിർദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ സ്വമേധയാ ട്വിറ്റർ നീക്കം ചെയ്യാവുന്നതാണെന്നും പറയുന്നു.
A #cartoon I did on 29th April 2021 for my @Patreon readers. Posting it here for all those who have expressed solidarity with me. pic.twitter.com/rJKsq3P5S3
— MANJUL (@MANJULtoons) June 5, 2021
കോവിഡ് പ്രതിരോധത്തിലെ സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാട്ടി നിരവധി കാർട്ടൂണുകൾ മഞ്ജുൾ ട്വീറ്റ് ചെയ്തിരുന്നു. ഇതു വ്യാപകമായി പങ്കുവയ്ക്കപ്പെടുകയുമുണ്ടായി. മുൻപും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ മഞ്ജുളിന്റെ കാർട്ടൂണുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ടു ലക്ഷത്തോളം പേർ ട്വിറ്ററിൽ മഞ്ജുളിനെ ഫോളോ ചെയ്യുന്നുണ്ട്.
മഞ്ജുൡനെതിരായ നീക്കത്തിനെതിരെ ശശി തരൂർ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. ഇത് പരിഹാസ വാർത്തയാണെന്നാണ് കരുതിയിരുന്നതെന്നും നീക്കം അവിശ്വസനീയമാണെന്നും തരൂർ ട്വീറ്റ് ചെയ്തു. സർക്കാർ നയങ്ങളെ വിമർശിക്കുന്നവരുടെ വായ അടയ്പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
Adjust Story Font
16

