Quantcast

മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി

സമൂഹത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമർശങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂ

MediaOne Logo

Web Desk

  • Updated:

    2021-06-03 08:02:06.0

Published:

3 Jun 2021 7:53 AM GMT

മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി
X

മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. കേദാർനാഥ് സിങ് വിധി അനുസരിച്ചുള്ള സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവെക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി വിധി.

സമൂഹത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമർശങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂവെന്നാണ് കേദാര്‍നാഥ് കേസിൽ സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിധി ബാധകമാണെന്ന് കോടതി വിധിച്ചു. തോന്നിയ പോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കിയത്. ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് ശരൺ എന്നിവരടങ്ങിയ ബഞ്ചിൻറേതാണ് നടപടി.

അതേസമയം പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവർത്തകർക്കെതിരായ പരാതി പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന വിനോദ് ദുവെയുടെ ഹരജിയിലെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമ നിർമാണത്തിലേക്കുള്ള കടന്നുകയറ്റമായി അത് മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമ നടപടിയുടെ പേരിൽ നഷ്ടപരിഹാരം നൽകണമെന്നത് അടക്കമുള്ള ആവശ്യവും കോടതി അംഗീകരിച്ചില്ല.

കോവിഡ് ഒന്നാം തരംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു ചര്‍ച്ചക്കിടെ വിനോദ് ദുവ വിമര്‍ശിക്കുകയുണ്ടായി. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ബിജെപി നേതാവ് കഴിഞ്ഞ വര്‍ഷം മെയ് 6ന് പരാതി നൽകി. ദുവ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചെന്നും രാജ്യദ്രോഹകുറ്റം ചുമത്തണമെന്നുമായിരുന്നു ആവശ്യം. ഹിമാചല്‍ പൊലീസ് ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. കോടതിയില്‍ പോയി ദുവ അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി. പക്ഷേ ദുവെക്കെതിരായ അന്വേഷണം അന്ന് റദ്ദാക്കിയില്ല. നിര്‍ണായക നിരീക്ഷണങ്ങളോടെ ഇന്നാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്.

TAGS :

Next Story