Quantcast

"ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു"; ഹാനി ബാബുവിന് അടിയന്തിരമായി ചികിത്സ ആവശ്യപ്പെട്ട് കുടുംബം

ചികിത്സ നിഷേധം ഇനിയും തുടർന്നാൽ ഹാനി ബാബുവിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ഭയമുണ്ടെന്നും കുടുംബം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-05-12 00:22:30.0

Published:

11 May 2021 5:00 PM GMT

ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു; ഹാനി ബാബുവിന് അടിയന്തിരമായി ചികിത്സ ആവശ്യപ്പെട്ട് കുടുംബം
X

ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവുകാരനായി മഹാരാഷ്ട്രയിലെ തലോജാ ജയിലിൽ കഴിയുന്ന ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബുവിന് ചികിത്സ നിഷേധിക്കുന്നുവെന്ന് കുടുംബം. അണുബാധ കാരണം അദ്ദേഹത്തിന്റെ ഇടതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും കുടുംബം പ്രസ്താവനയിൽ പറഞ്ഞു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന അണുബാധ തലച്ചോറിലേക്ക് പടരാനും അത് വഴി ജീവൻ തന്നെ അപകടത്തിലാകാൻ സാധ്യതയുണ്ട്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നിഷേധിക്കുകയാണെന്നു ഹാനി ബാബുവിന്റെ മാതാവ് ഫാത്തിമ, ഭാര്യ ജെന്നി റോവീന, സഹോദരങ്ങളായ ഹാരിഷ് എം.ടി, എം.ടി അൻസാരി, മകൾ ഫർസാന എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

" മെയ് മൂന്നിനാണ് ആദ്യമായി ഹാനി ബാബുവിന് ഇടത് കണ്ണിൽ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടത്, ഇത് പെട്ടെന്ന് തന്നെ ഡബിൾ വിഷനിലേക്കും സഹിക്കാൻ കഴിയാത്ത വേദനയിലേക്കും മാറുകയുണ്ടായി. ജയിലിൽ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നുമില്ല എന്ന് പ്രിസൺ മെഡിക്കൽ ഓഫീസർ അറിയിച്ചതിനെ തുടർന്ന് അന്ന് തന്നെ ഒരു നേത്രവിദഗ്ധന്റെ ചികിത്സ തനിക്ക് ലഭ്യമാക്കണമെന്ന് ഹാനി ബാബു ആവശ്യപ്പെട്ടിരുന്നു. പക്ഷെ എസ്കോർട്ട് ഓഫീസർ ഇല്ല എന്ന കാരണത്താൽ ഈ ആവശ്യം നിരസിക്കുകയായിരുന്നു."

ഹാനി ബാബുവിന്റെ അഭിഭാഷക മെയ് ആറിന് തലോജാ ജയിൽ സൂപ്രണ്ടിന് കത്തയച്ചതിനെ തുടർന്ന് അദ്ദേഹത്തെ മെയ് 7ന് വാഷിയിലുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ അദ്ദേഹത്തെ ചികിത്സിച്ച നേത്രരോഗ വിദഗ്ദൻ രണ്ടു ദിവസത്തിന് ശേഷം തുടർ ചികിത്സക്കായി കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിട്ടും ആശുപത്രിയിൽ കൊണ്ട് പോകാൻ ജയിൽ അധികൃതർ തയ്യാറായില്ല.

"മെയ് 10ന് രാവിലെ 8 മണിക്ക്, ഹാനി ബാബുവിന്റെ അഭിഭാഷകയായ പായോഷി റോയ് തലോജാ ജയിലിലെ സൂപ്രണ്ടുമായി സംസാരിക്കാൻ 8 തവണ വിളിക്കുകയുണ്ടായി. പക്ഷെ സൂപ്രണ്ട് സംസാരിക്കാൻ തയ്യാറായിരുന്നില്ല. 8:30ന് ജയിലർ അഭിഭാഷകയെ വിളിക്കുകയും ഹാനി ബാബുവിന്റെ ആരോഗ്യാവസ്ഥയെ പറ്റി തനിക്കറിയാമെന്നും പിറ്റേന്ന് തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്നും ഉറപ്പു നൽകി. ഇനി ഈ കാര്യത്തിൽ അലംഭാവം കാണിക്കരുതെന്നും ഉടൻ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അവർ വീണ്ടുമൊരു കത്ത് സൂപ്രണ്ടിന് അയക്കുകയുണ്ടായി"

എന്നാൽ അദ്ദേഹത്തിന് അവർ ഇതുവരെ ചികിത്സ ലഭ്യമാക്കിയിട്ടില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. ചികിത്സ നിഷേധം ഇനിയും തുടർന്നാൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ഭയമുണ്ടെന്നും കുടുംബം പറഞ്ഞു.

TAGS :

Next Story