Quantcast

അമ്മയുടെ ഗതി ആര്‍ക്കും വരരുത്.. 'ഓക്സിജന്‍ ഓട്ടോ'യുമായി മകള്‍

തന്‍റെ അമ്മയെപ്പോലെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ നിരവധി രോഗികളെ ആ മകള്‍ കണ്ടു

MediaOne Logo

Web Desk

  • Published:

    23 May 2021 9:03 AM GMT

അമ്മയുടെ ഗതി ആര്‍ക്കും വരരുത്.. ഓക്സിജന്‍ ഓട്ടോയുമായി മകള്‍
X

മെയ് ഒന്നിന് സീതാ ദേവി എന്ന 36കാരി കോവിഡ് ബാധിച്ച അമ്മയ്ക്ക് കിടക്ക സംഘടിപ്പിക്കാന്‍ ചെന്നൈയിലെ ആശുപത്രിക്ക് മുന്‍പില്‍ മണിക്കൂറുകള്‍ കാത്തുനിന്നു. കുറേ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ പ്രവേശനം കിട്ടിയത്. പക്ഷേ 65കാരിയായ അമ്മയുടെ ജീവന്‍ അപ്പോഴേക്കും കോവിഡ് കൊണ്ടുപോയി.

തന്‍റെ അമ്മയുടെ അവസ്ഥ മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ ഓക്സിജന്‍ ഓട്ടോറിക്ഷയുമായി മെയ് 6 മുതല്‍ തെരുവിലുണ്ട് സീതാ ദേവി. താന്‍ അമ്മയുമായി കാത്തുനിന്ന രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിക്ക് മുന്‍പിലാണ് ഓക്സിജന്‍ സിലിണ്ടര്‍ അടങ്ങിയ ഓട്ടോയുമായി, കോവിഡ് രോഗികള്‍ക്ക് ജീവശ്വാസം നല്‍കാന്‍ തയ്യാറായി ആ മകള്‍ നില്‍ക്കുന്നത്.

"എന്‍റെ അമ്മ വിജയയ്ക്ക് സമയത്ത് ഓക്സിജന്‍ ലഭിച്ചിരുന്നെങ്കില്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. മെയ് ആദ്യ വാരത്തില്‍ രാജീവ് ഗാന്ധി ആശുപത്രിക്ക് മുന്‍പില്‍ എന്‍റെ അമ്മയെപ്പോലെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ നിരവധി രോഗികളെ കണ്ടു. അതുകൊണ്ടാണ് കോവിഡ് രോഗികള്‍ക്കായി ഓട്ടോറിക്ഷയില്‍ ഓക്സിജന്‍ സിലിണ്ടര്‍ കരുതാന്‍ തീരുമാനിച്ചത്".

സ്ട്രീറ്റ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒ സംഘാടകയാണ് സീതാ ദേവി. എയ്ഡ്സ് ബാധിതര്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനും സഹായമെത്തിക്കുന്ന, ചേരികളിലെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ട്യൂഷന്‍ നല്‍കുന്ന എന്‍ജിഒ ആണിത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഓട്ടോ ഈ കോവിഡ് കാലത്ത് രോഗികളെ സഹായിക്കാനായി ഉപയോഗിക്കുകയാണ്. ആര്‍ക്കെങ്കിലും അടിയന്തരമായി ഓക്സിജന്‍ വേണ്ടിവന്നാല്‍ പിപിഇ കിറ്റ് ധരിച്ച് തന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍ ഓട്ടോയില്‍ കരുതിയ ഓക്സിജന്‍ നല്‍കുമെന്ന് സീതാ ദേവി വിശദീകരിച്ചു. കോവിഡ് രോഗികളെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ഓട്ടോറിക്ഷ ഉപയോഗിക്കുന്നുണ്ട്.

ഏകദേശം 300 കോവിഡ് രോഗികളെ ഇതുവരെ സഹായിക്കാന്‍ കഴിഞ്ഞെന്ന് സീതാദേവി പറഞ്ഞു. കഴിഞ്ഞ ദിവസം ഓക്സിജന്‍ ലെവല്‍ തീരെ താഴ്ന്ന നിലയില്‍ ഒരു സ്ത്രീ വന്നു. ഓക്സിജന്‍ നല്‍കിക്കഴിഞ്ഞപ്പോള്‍ അവരുടെ നില മെച്ചപ്പെട്ടു. ഐസിയു കിടക്ക സംഘടിപ്പിക്കാനും കഴിഞ്ഞു. അവരുടെ കുടുംബം കുറേ നന്ദി പറഞ്ഞു. ആ അമ്മ തന്‍റെ അമ്മയെ ഓര്‍മിപ്പിച്ചെന്ന് സീതാ ദേവി പറഞ്ഞു.


TAGS :

Next Story