Quantcast

രാജ്യത്ത് സമ്പൂര്‍ണ വാക്സിനേഷനാണ് വേണ്ടത്, ബി.ജെ.പിയുടെ പതിവുനുണകളല്ല- രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-06-16 10:39:43.0

Published:

16 Jun 2021 10:11 AM GMT

രാജ്യത്ത് സമ്പൂര്‍ണ വാക്സിനേഷനാണ് വേണ്ടത്, ബി.ജെ.പിയുടെ പതിവുനുണകളല്ല- രാഹുല്‍ ഗാന്ധി
X

കോവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും മുദ്രാവാക്യങ്ങളുമല്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണെന്നും രാഹുല്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്‍റെ യോജിപ്പോടെയല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വാക്‌സിന്‍ വിദഗ്ദ സമിതി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. എട്ട് മുതല്‍ 12 ആഴ്ച വരെയാണ് സമിതി ശുപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 12 മുതല്‍ 16 ആഴ്ച വരെയാണെന്നും ഒറ്റയടിക്ക് ഇത്രയും ഇടവേള വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ എം.ഡി. ഗുപ്‌തെ അഭിപ്രായപ്പെട്ടത്.

അതേസമയം, വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കുന്നത്. വിദഗ്ദ സമിതിയുടെയും സര്‍ക്കാരിന്‍റെയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരു ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നില്ലെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്.

TAGS :

Next Story