Quantcast

ആരാണ് പ്രഫുൽ പട്ടേൽ?

MediaOne Logo

Web Desk

  • Updated:

    2021-05-24 12:58:13.0

Published:

24 May 2021 11:15 AM GMT

ആരാണ് പ്രഫുൽ പട്ടേൽ?
X

ലക്ഷദ്വീപിലെ കേന്ദ്രസർക്കാരിന്‍റെ വിവാദ നടപടികൾക്കെതിരെ ദ്വീപിന് പുറത്തും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും ദ്വീപ് നിവാസികൾക്കായിപ്രതിഷേധവുമായി രംഗത്തെത്തി. ലക്ഷദ്വീപില്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ടേറ്ററര്‍ പ്രഫുൽ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്.

ആരാണ് പ്രഫുൽ പട്ടേൽ?

ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ ഖോദ പട്ടേൽ. 2016 ൽ എൻ.ഡി.എ സർക്കാർ അദ്ദേഹത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര-നഗർ ഹവേലിയുടെയും ദാമൻ-ദിയു എന്നിവയുടെ അഡിമിനിസ്ട്രേറ്ററായും നിയമിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന പദവിയിലേക്ക് ആദ്യമായിട്ടായിരുന്നു അങ്ങനെയല്ലാത്ത ഒരാളെ നിയമിച്ചത്.

2007 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നിമ്മത്ത് നഗർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച അദ്ദേഹം 2010 ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി നിയമിക്കപ്പെടുകയും 2012 വരെ ചുമതല വഹിക്കുകയും ചെയ്തു. സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി അമിത് ഷാ ജയിലിലായപ്പോഴാണു അദ്ദേഹം ആഭ്യന്തര മന്ത്രി പദത്തിലെത്തിയത്. അമിത് ഷാ ചുമതല വഹിച്ചിരുന്ന പത്തോളം വകുപ്പുകളാണ് പ്രഫുൽ പട്ടേലിന് ലഭിച്ചത്. 2012 ൽ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. ആർ.എസ്.എസ് നേതാവായ അദ്ദേഹത്തിന്റെ പിതാവിനെ നരേന്ദ്ര മോദി സ്ഥിരമായി സന്ദർശിക്കുമായിരുന്നു.

ദാദ്ര-നഗർ ഹവേലി അഡ്മിനിസ്ട്രേറ്ററായിരുന്ന കാലത്ത് കേന്ദ്ര ഭരണ പ്രദേശത്തു നിന്നുള്ള എം.പിയായിരുന്ന മോഹൻ ഡെൽകാറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രഫുൽ പട്ടേലിനെതിരെ മുംബൈ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരി 22 നാണു മുംബൈ മറൈൻ ഡ്രൈവിലെ ഹോട്ടൽ മുറിയിൽ മോഹൻ ഡെൽകാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ പ്രഫുൽ പട്ടേലിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും പേരുകളുണ്ടായിരുന്നു.

സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള പട്ടേൽ രാഷ്ട്രീയത്തിൽ എത്തുന്നതിനു മുൻപായി റോഡ് കോൺട്രാക്ടറായിരുന്നു. അദ്ദേഹം പങ്കാളിയായുള്ള സബർ എന്ന കമ്പനി ഗുജറാത്ത് സർക്കാരിന്റെ പല പദ്ധതികളും ചെയ്തിട്ടുണ്ട്. 2012 ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അദ്ദേഹം ബി.ജെ.പിയിൽ സജീവമായിരുന്നില്ല. 2019 തെരഞ്ഞെടുപ്പിന് മുൻപ് ദാദ്ര-നഗർ ഹവേലി കളക്ടറായിരുന്ന കണ്ണൻ ഗോപിനാഥന് തന്റെ നിർദേശങ്ങൾ പാലിക്കാത്തതിന് നോട്ടീസ് അയച്ചതും വിവാദമായിരുന്നു. ഈ നോട്ടീസ് പിൻവലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഫുൽ പട്ടേലിനോട് ആവശ്യപ്പെട്ടു. ദാദ്ര-നഗർ ഹവേലിയിലെ റിട്ടേണിങ് ഓഫീസർ കൂടിയായിരുന്നു കണ്ണൻ ഗോപിനാഥൻ.

TAGS :

Next Story