Quantcast

മകള്‍ ജയില്‍മോചിതയാകുന്നത് കാണാന്‍ ആ അച്ഛന്‍ ഇനിയില്ല.. നടാഷയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ശാസ്ത്രജ്ഞന്‍.. മകളെ ഓര്‍ത്ത് അഭിമാനിച്ച അച്ഛന്‍.. രാഷ്ട്രീയ പ്രവര്‍ത്തകന്‍- ഇതൊക്കെയായിരുന്നു മഹാവീര്‍ നര്‍വാള്‍

MediaOne Logo

Web Desk

  • Published:

    10 May 2021 1:34 AM GMT

മകള്‍ ജയില്‍മോചിതയാകുന്നത് കാണാന്‍ ആ അച്ഛന്‍ ഇനിയില്ല.. നടാഷയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
X

ജയിലില്‍ അടയ്ക്കപ്പെട്ട ആക്റ്റിവിസ്റ്റ് നടാഷ നര്‍വാളിന്‍റെ പിതാവ് മഹാവീര്‍ നര്‍വാള്‍ കോവിഡ് ബാധിച്ച് മരിച്ചു. ശാസ്ത്രജ്ഞനും സിപിഎം മുതിര്‍ന്ന അംഗവുമാണ് മഹാവീര്‍ നര്‍വാള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ഡല്‍ഹി കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ജെഎന്‍യു വിദ്യാര്‍ഥിയും പിഞ്ച്ര തോഡ് പ്രവര്‍ത്തകയുമായ നടാഷയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തിഹാര്‍ ജയിലിലാണ് നടാഷ.

കോവിഡ് ബാധിച്ച് രോഹ്തക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 71കാരനായ മഹാവീര്‍ നര്‍വാളിന്‍റെ മരണം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടാഷ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കേസ് തിങ്കളാഴ്​ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. നടാഷയുടെ സഹോദരന്‍ ആകാശും കോവിഡ് പോസിറ്റീവാണ്.


ജയിലില്‍ കഴിയുന്ന മകള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ ആ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്- "എവിടെ ആളുകള്‍ കഷ്ടപ്പെടുന്നുവോ അവിടെ എന്‍റെ മകളെത്തും. അവളെ ഓര്‍ത്ത് അഭിമാനമുണ്ട്. ജയിലിൽ കഴിയുന്നതിനെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ല. എ​ന്‍റെ മകൾ അതിനെ പോസിറ്റീവായി നേരിടുകയും കൂടുതൽ ശക്തയായി തിരിച്ചെത്തുകയും ചെയ്യും'. സര്‍ക്കാരിന്‍റെ ഏകാധിപത്യത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തുകയാണെന്ന് മഹാവീര്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ പറയുകയുണ്ടായി.

ഡല്‍ഹി കോടതി നടാഷക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മെയ് 30ന് ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തുകയായിരുന്നു. ഇതോടെ ജാമ്യം കിട്ടുക എന്നത് ബുദ്ധിമുട്ടായി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് പിന്നാലെ, ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലാക്കപ്പെട്ട നിരവധി വിദ്യാര്‍ഥി നേതാക്കളില്‍ ഒരാളാണ് നടാഷ.

കോവിഡ് പശ്ചാത്തലത്തില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം ഇടത് പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിച്ചിരുന്നു. നടാഷയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ പോലും മകളെ അനുവദിക്കാത്തതും മോദി സര്‍ക്കാരിന്‍റെ ക്രിമിനല്‍ നടപടിയാണെന്ന് സിപിഎം വിമര്‍ശിച്ചു.

"നമ്മുടെ ഇന്ത്യൻ ജനാധിപത്യം ഈ അവസ്ഥയിലേക്ക് ചുരുങ്ങുന്നത് വളരെ സങ്കടകരമാണ്. ജയില്‍ അല്ല ജാമ്യം എന്നതായിരുന്നു ഇത്തരം കേസുകളില്‍ നമ്മുടെ നയം. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ തടവിലാക്കപ്പെട്ട ഒരു മകളെ ഗുരുതരാവസ്ഥയിലുള്ള അച്ഛനെ കാണാന്‍ അനുവദിക്കാതിരിക്കുക.. നമ്മുടെ മാനുഷിക മൂല്യങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?"- എന്നായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം.

അവസാനമായി വിടപറയാന്‍ പോലും പിതാവിനെ കാണാൻ അനുവദിക്കാതെ ഒരു മകളെ ഒരു വർഷമായി ജയിലില്‍ അടയ്ക്കുക.. ഇത് ഭീകരമായ അനീതിയാണെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പ്രതികരിച്ചു. ഇത് ക്രൂരവും ദുഖകരവുമാണ്. മഹാമാരിക്കാലത്ത് രാഷ്ട്രീയ തടവുകാരെ തടവറയില്‍ തന്നെ പാര്‍പ്പിക്കുന്നത് ഒരു തരത്തിലുള്ള പീഡനമാണെന്ന് സിപിഐഎംഎല്‍ പിബി അംഗവും വനിതാവകാശ പ്രവര്‍ത്തകയുമായ കവിത കൃഷ്ണന്‍ പറഞ്ഞു.

TAGS :

Next Story