Quantcast

'സിന്‍ഡിക്കേറ്റ് സംസ്‌കാരമുള്ളവർക്ക് ബിജെപിയിൽ തുടരാനാവില്ല'; മുകുള്‍ റോയിയെ വിമര്‍ശിച്ച് ദിലീപ് ഘോഷ്

പണ മോഷണവും സിന്‍ഡിക്കേറ്റ് സംസ്‌കാരവുമുള്ള തൃണമൂലില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ബിജെപിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ദിലീപ് ഘോഷ്

MediaOne Logo

Web Desk

  • Updated:

    2021-06-13 07:13:00.0

Published:

13 Jun 2021 7:03 AM GMT

സിന്‍ഡിക്കേറ്റ് സംസ്‌കാരമുള്ളവർക്ക് ബിജെപിയിൽ തുടരാനാവില്ല; മുകുള്‍ റോയിയെ വിമര്‍ശിച്ച് ദിലീപ് ഘോഷ്
X

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും പിന്നീട് തൃണമൂലിൽ തിരിച്ചെത്തുകയും ചെയ്ത മുകുള്‍ റോയിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍. ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന ആളാണ് മുകുള്‍ റോയിയെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പരിഹസിച്ചു.

പണ മോഷണവും സിന്‍ഡിക്കേറ്റ് സംസ്‌കാരവുമുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ബി.ജെ.പിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. മുകുള്‍ റോയി പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് ഒരിക്കലും തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് മുകുള്‍ റോയി. ഇതെല്ലാം മുകുള്‍ റോയി കൃത്യമായ ആസൂത്രണത്തോടെ ചെയ്തതായിരിക്കണം. എന്നാല്‍, അദ്ദേഹം പാര്‍ട്ടി വിടുന്നത് ബി.ജെ.പിയെ ഒരു തരത്തിലും ബാധിക്കില്ല. ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നു, പ്രശ്‌നമുള്ള ചിലര്‍ പോകുന്നു. അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണ്, പാര്‍ട്ടിയുടേതല്ല'- ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.

2017ല്‍ ബി.ജെ.പിയില്‍ ചേക്കേറിയ മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് തൃണമൂലില്‍ തിരിച്ചെത്തിയത്. സ്ഥാപകാംഗമായ മുകുള്‍ റോയിക്ക് പിന്നാലെ നിരവധി നേതാക്കള്‍ അന്ന് തൃണമൂല്‍ വിട്ടിരുന്നു. മുകുള്‍ റോയിക്ക് പിന്നാലെ പ്രമുഖ നേതാവ് റജീബ് ബാനര്‍ജിയും തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബംഗാൾ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കുനാൽ ഘോഷുമായി റജിബ് ബാനർജി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചതിൽ പശ്ചാത്താപം പ്രകടിപ്പിച്ച് പ്രവർത്തകർ രം​ഗത്തെത്തി. പരസ്യ ക്ഷമാപണത്തോടെ പ്രവർത്തകർ തെരുവിലിറങ്ങി. ഇ-റിക്ഷകൾക്ക് മുകളിൽ തെറ്റിദ്ധരിച്ചു എന്ന് എഴുതിയാണ് പശ്ചാത്താപം പ്രകടിപ്പിച്ചത്.

TAGS :

Next Story