Quantcast

കോവിഡിനു കീഴടങ്ങിയത് 300ലേറെ മാധ്യമപ്രവർത്തകർ; രണ്ടാം തരംഗത്തിൽ പതറി മാധ്യമരംഗവും

കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 171 പേർ. മരണനിരക്കിൽ മുന്നിലുള്ളത് തെലങ്കാന, കേരളത്തിൽ രണ്ടുപേർ

MediaOne Logo

Web Desk

  • Updated:

    2021-05-18 17:10:24.0

Published:

18 May 2021 3:10 PM GMT

കോവിഡിനു കീഴടങ്ങിയത് 300ലേറെ മാധ്യമപ്രവർത്തകർ; രണ്ടാം തരംഗത്തിൽ പതറി മാധ്യമരംഗവും
X

കഴിഞ്ഞ വർഷം കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നിരവധി ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും വൈറസ് ബാധിച്ചു ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്നായിരുന്നു കേന്ദ്ര സർക്കാർ വാക്‌സിനേഷൻ പരിപാടികൾക്കു തുടക്കമിട്ടത്. അതിൽ രണ്ടു വിഭാഗത്തിനും മുൻഗണന നൽകുകയും ചെയ്തു. എന്നാൽ, മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇരുവിഭാഗത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന മാധ്യമപ്രവർത്തകർക്ക് അത്തരമൊരു ഭാഗ്യമുണ്ടായിരുന്നില്ല. അതിന്റെ പ്രത്യാഘാതം മാധ്യമമേഖലയിൽ കാണുകയും ചെയ്തു. കോവിഡ് ബാധിച്ച് 300ഓളം മാധ്യമപ്രവർത്തകർ രാജ്യത്ത് മരണത്തിനു കീഴടങ്ങിയെന്നാണു പുതിയ റിപ്പോർട്ട് പറയുന്നത്.

മുതിർന്ന മാധ്യമപ്രവർത്തകർ മുതൽ ഗ്രാമീണ പ്രദേശങ്ങളിലടക്കം വൈറസ് ഭീതികൾക്കിടയിൽ ജോലി ചെയ്തിരുന്ന നിരവധി റിപ്പോർട്ടർമാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾക്കുമുൻപാണ് കേരളത്തിൽ 'മാതൃഭൂമി' ചാനലിന്റെ റിപ്പോർട്ടർ വിപിൻചന്ദ് മരണത്തിനു കീഴടങ്ങിയത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസ് ആണു മാധ്യമമേഖലയിലെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ മാസം 16 വരെ 238 മാധ്യമപ്രവർത്തകരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്ന് ഇവരുടെ പഠനത്തിൽ പറയുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുമാത്രമാണ്. അനൗദ്യോഗിക കണക്കുകൾ ഇതിനും എത്രയോ മുകളിലാകും. പഠനം സൂചിപ്പിക്കുന്ന പ്രകാരം കഴിഞ്ഞ മാസം പ്രതിദിനം മൂന്നു മാധ്യമപ്രവർത്തകരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. മെയ് ആയപ്പോഴേക്കും മരണനിരക്ക് പ്രതിദിനം നാലായിരിക്കുന്നു.

പിടിവിട്ടത് രണ്ടാം തരംഗത്തിൽ

കോവിഡിന്റെ ആദ്യ ഘട്ടം മാധ്യമമേഖലയെ സാരമായി ബാധിച്ചിരുന്നില്ല. എന്നാൽ, രണ്ടാം തരംഗം വന്നതോടെയാണ് മേഖല ആകെ പ്രതിസന്ധിയിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 56 മാധ്യമപ്രവർത്തകർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

എന്നാൽ, രണ്ടാം തരംഗത്തിൽ സ്ഥിത മാറി. കഴിഞ്ഞ മാസം ഒന്നുമുതൽ ഈ മാസം 16 വരെ 171 മാധ്യമപ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടു. ബാക്കിയുള്ള 11 പേർ ജനുവരി-ഏപ്രിൽ മാസങ്ങൾക്കിടയിലാണ് മരിച്ചത്. അതായത് ഏതാനും ആഴ്ചകൾക്കിടെയാണ് ഇത്രയും മരണം സംഭവിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽനിന്നു വ്യത്യസ്തമായി രണ്ടാം തരംഗത്തിലാണ് ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കുമൊപ്പം പല സംസ്ഥാനങ്ങളും മാധ്യമപ്രവർത്തകർക്കും വാക്‌സിനേഷൻ പ്രക്രിയയിൽ മുൻഗണന നൽകിയത്. അപ്പോഴേക്കും നിരവധി ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു.


മരണം കൂടുതൽ ചെറുകിട പട്ടണങ്ങളിലും ഗ്രാമീണ മേഖലയിലും

ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനപ്പുറം ഇനിയും പുറത്തുവരാത്ത നിരവധി മരണങ്ങളുണ്ടെന്നാണ് പഠനം നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസ് വൃത്തങ്ങൾ പറയുന്നത്. സംഘത്തിന്റെ പഠനത്തിൽ തന്നെ ആദ്യത്തെ കണക്കിനു പുറമെ കോവിഡാണെന്നു സ്ഥിരീകരണം ആവശ്യമുള്ള മറ്റ് 82 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

300ലേറെ മാധ്യമപ്രവർത്തകർ കോവിഡിന് കീഴടങ്ങിയിട്ടുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. കോട്ട നീലിമ പറയുന്നത്. റിപ്പോർട്ടിങ്ങിനിടയിലും ഓഫീസുകളിലും വച്ച് കോവിഡ് ബാധിതരായ മാധ്യമപ്രവർത്തകരുടെ കണക്കെടുത്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. സ്ട്രിങ്ങർമാരും ഫോട്ടോ ജേണലിസ്റ്റുകളും സിറ്റിസൺ ജേണലിസ്റ്റുകളും ഇതിൽ ഉൾപ്പെടും.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ മരിച്ചത്; 39 പേർ. തൊട്ടുപിറകിൽ ഉത്തർപ്രദേശുമുണ്ട്; 37 പേരാണ് യുപിയിൽ മരിച്ചത്. ഡൽഹി 30, മഹാരാഷ്ട്ര 24, ഒഡിഷ 26, മധ്യപ്രദേശ് 19 എന്നിങ്ങനെയാണ് മരണസംഖ്യയിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ വിപിൻചന്ദിനു പുറമെ മലയാള മനോരമയുടെ ഡി വിജയമോഹനും കോവിഡ് ബാധിച്ചു മരിച്ചു.

ആകെ മരണത്തിന്റെ 31 ശതമാനവും 41നും 50നും ഇടയിൽ പ്രായമുള്ളവരാണ്. 61നും 70നും ഇടയിൽ 24ഉം 51നും 60നും ഇടയിൽ 19ഉം ശതമാനമാണ് മരണം റിപ്പോർട്ട് ചെയ്തത്. 15 ശതമാനം പേർ 31-40 പ്രായപരിധിയിലുള്ളവരുമാണ്. ചെറുകിട പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും ജോലി ചെയ്യുന്നവരാണ് മരിച്ചവരിൽ 64 ശതമാനവും. അച്ചടി മാധ്യമങ്ങളിൽനിന്നുള്ളവരാണ് മരിച്ചവരിൽ കൂടുതലും; 55 ശതമാനം പേർ. 25 ടെലിവിഷൻ/ഡിജിറ്റൽ ജേണലിസ്റ്റുകളും 20 ശതമാനം ഫ്രീലാൻസ് ജേണലിസ്റ്റുകളും മരണത്തിനു കീഴടങ്ങി.

TAGS :

Next Story