Quantcast

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ടെത്താന്‍ ഓക്സിജന്‍ നിര്‍ത്തി വെച്ച് മോക്ഡ്രില്‍: ആശുപത്രിക്കെതിരെ അന്വേഷണം

അഞ്ചുമിനിറ്റ് ഓക്സിജന്‍ നിര്‍ത്തിവെച്ചതോടെ രോഗികളുടെ ശരീരം നീലനിറമായി

MediaOne Logo

Khasida Kalam

  • Published:

    8 Jun 2021 7:14 AM GMT

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ടെത്താന്‍ ഓക്സിജന്‍ നിര്‍ത്തി വെച്ച് മോക്ഡ്രില്‍: ആശുപത്രിക്കെതിരെ അന്വേഷണം
X

ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഓക്സിജന്‍ മോക്ഡ്രില്ല് നടത്തിയതിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോക്ക്ഡ്രില്‍ നടത്തിയെന്ന ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏപ്രില്‍ 27 നാണ് സംഭവം നടന്നത്.

മോക്ഡ്രില്ലിന്‍റെ ഭാഗമായി മെഡിക്കല്‍ ഓക്‌സിജന്‍ കട്ട് ചെയ്തതാണ് ദുരന്തത്തിന് കാരണമായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ 26ന് രാവിലെയാണ് ആശുപത്രി അധികൃതര്‍ അഞ്ചുമിനിറ്റ് നേരം ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ച് മോക്ഡ്രില്‍ നടത്തിയത്. ഈ പരീക്ഷണത്തില്‍ 22 രോഗികളുടെ ജീവന് അപകടം സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

എന്നാല്‍ ഓക്സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്ന് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന് ആശുപത്രി ഉടമ പറയുന്നു. മുഖ്യമന്ത്രിയെ വരെ ഇക്കാര്യം അറിയിച്ചിരുന്നു. പക്ഷേ ഓക്സിജന്‍ ലഭിച്ചില്ല. തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. ചിലര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായി. പക്ഷേ ചിലര്‍ ഡിസ്ചാര്‍ജ് വാങ്ങി പോകില്ലെന്ന് വാശിപിടിച്ചു. അവരോട് ഓകെ, ശരി എന്ന് പറയുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മോക്ക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരൊക്കെ മരിക്കും ആരൊക്കെ അതിജീവിക്കും എന്ന് തിരിച്ചറിയാനായിരുന്നു അത്. രാവിലെ 7 മണിക്കായിരുന്നു അത്. അതില്‍ ഞങ്ങള്‍ അതിതീവ്ര അവസ്ഥയിലുള്ള 22 രോഗികളെ തിരിച്ചറിഞ്ഞു. ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ അവര്‍ എന്തായാലും മരിക്കും എന്ന് ഉറപ്പായി. ഇതിനെല്ലാം കൂടി അഞ്ചുമിനിറ്റ് ആണ് എടുത്തത്. ആ രോഗികളുടെ ശരീരം നീല നിറമായി. പാരാസ് ആശുപത്രിയുടെ ഉടമ അരിന്‍ജെയ് ജയിന്‍ പറയുന്നു. ഏപ്രില്‍ 28നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്നര മിനിറ്റാണ് ഈ ഓഡിയോ ക്ലിപ്പിന്‍റെ ദൈര്‍ഘ്യം.

ഈ മോക്ക്ഡ്രില്ലിനെ തുടര്‍ന്ന് ആരും മരിച്ചിട്ടില്ലെന്നാണ് ആഗ്ര ഡിസ്ട്രിക് മജിസ്ട്രേറ്റ് പ്രഭു എന്‍ സിംഗ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആശുപത്രിയില്‍ ഏപ്രില്‍ 26നും 27നും 7 കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ നിരവധി ഐസിയു ബെഡ്ഢുകളുണ്ട്. 22 രോഗികള്‍ മരിച്ചെന്ന വിവരം സത്യമല്ല. സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ്അറിയിച്ചു.

TAGS :

Next Story