രാജിവെച്ചതിന് ജിതിൻ പ്രസാദയോട് നന്ദി അറിയിച്ച് കോൺഗ്രസ്: ഇനിമുതൽ സമർപ്പിത ബി.ജെ.പി പ്രവർത്തകനായിരിക്കുമെന്ന് പ്രസാദ
രാജ്യത്ത് ഇന്ന് ഒരു ദേശീയ പാർട്ടിയുണ്ടെങ്കിൽ അത് ബി.ജെ.പിയാണെന്ന് രാജിവെച്ച ശേഷം പ്രസാദ പറഞ്ഞു

രാജ്യത്ത് ഇന്ന് ഒരു ദേശീയ പാർട്ടിയുണ്ടെങ്കിൽ അത് ബി.ജെ.പിയാണെന്നും മറ്റുളളവയെല്ലാം ചില വ്യക്തികളിലോ പ്രദേശങ്ങളിലോ മാത്രം ഒതുങ്ങുകയാണെന്നും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദ. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സഹായിക്കാൻ കഴിയില്ലെന്നും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നും മനസിലാക്കിയതിലാണ് കോൺഗ്രസ് വിട്ടത്. ഇനിമുതൽ ഒരു സമർപ്പിത ബി.ജെ.പി പ്രവർത്തകനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബുധനാഴ്ച ഉച്ചയോടെയാണ് ബി.ജെ.പിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിൻറെയും ബി.ജെ.പി വക്താവ് അനിൽ ബലൂനിയുടെയും സാന്നിധ്യത്തിലാണ് ജിതിൻ പ്രസാദ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
അതേസമയം കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ജിതിൻ പ്രസാദയോട് ഛത്തീസ്ഗഡ് കോൺഗ്രസ് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു നന്ദി പ്രകടനം.
जितिन प्रसाद जी का कांग्रेस पार्टी छोड़ने के लिए धन्यवाद।
— INC Chhattisgarh (@INCChhattisgarh) June 9, 2021
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തൻ കൂടിയായിരുന്നു അദ്ദേഹം. 2004, 2009 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഷാജഹാൻപൂർ, ധൗറ മണ്ഡലങ്ങളിൽ നിന്നാണ് പ്രസാദ ലോക്സഭയിലേക്കെത്തിയത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പി.വി നരസിംഹറാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് പ്രസാദ.
Adjust Story Font
16

