നേമത്തെ പോര് വെറും ത്രികോണമല്ല; കോണ്‍ഗ്രസിന് ലക്ഷ്യങ്ങളേറെ
ബിജെപിക്കെതിരെ കോൺഗ്രസിന് പോരാടാനാകില്ലെന്ന നിരന്തര പരാതികൾക്കെല്ലാം പരിഹാരമാണ് കെ മുരളീധരന്റെ രംഗപ്രവേശനം കൊണ്ട് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

നേമം മണ്ഡലത്തിൽ കോൺഗ്രസ് കെ മുരളീധരനെ ഇറക്കിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ. സംഘ്പരിവാറിനെതിരെ പോരാട്ടത്തിന് സംസ്ഥാനത്ത് മുന്നിലാരെന്ന ചോദ്യത്തിന് തടയിട്ടും സംസ്ഥാനത്താകെ പോരാട്ടം കനപ്പിക്കുമെന്ന സൂചന നൽകിയുമാണ് യുഡിഎഫ് കളം നിറയുന്നത്. നേമത്തെ ഫലത്തെ ചൊല്ലി രാഷ്ട്രീയ കേരളം ഇനി വാഗ്വാദങ്ങള്‍ കൊണ്ട് നിറയും.
നേമം കടന്ന് ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നതിന് പഴികേട്ട കോൺഗ്രസ് ഒടുവിൽ കനത്ത പോരാട്ടത്തിന് അരങ്ങൊരുക്കുകയാണ്. ബിജെപിക്കെതിരെ കോൺഗ്രസിന് പോരാടാനാകില്ലെന്ന നിരന്തര പരാതികൾക്കെല്ലാം പരിഹാരമാണ് കെ മുരളീധരന്റെ രംഗപ്രവേശനം കൊണ്ട് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സംഘ്പരിവാറിനെതിരെ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കുമ്പോൾ ഇത്തവണ നേമത്തെ പോര് വെറും ത്രികോണമാവില്ല.
കയ്യിലുള്ളത് കളയാതെ പിടിച്ചു നിൽക്കാൻ ബിജെപി അടവുകളെല്ലാം പുറത്തെടുക്കും. കുമ്മനം രാജശേഖരൻ വളരെ നേരത്തെ തന്നെ നേമത്ത് നിറയാൻ ശ്രമിച്ചെങ്കിലും ഇനി അങ്ങനെ അടങ്ങി നിന്ന് പോരടിക്കാനാവില്ല ശ്രമിക്കുക. തോൽക്കുമ്പോഴും വോട്ടുയർത്തിയെന്ന കഴിഞ്ഞ തവണത്തെ കണക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുമൊന്നും കൊണ്ട് ഇടതുപക്ഷ പോരാട്ടമടങ്ങില്ല. കോൺഗ്രസ് അങ്കത്തട്ടിലെറിയുന്ന അമ്പുകളോരോന്നും നേരിടുമ്പോൾ പോരാട്ടം വേനൽചൂടിനേക്കാൾ തിളച്ചു മറിയും. ചർച്ചകൾ വികസനത്തിന് അപ്പുറത്തേക്ക് രാഷ്ട്രീയ വാദങ്ങൾ കൊണ്ട് സജീവമാകും.
പ്രചാരണത്തിന് ദേശീയ സംസ്ഥാന നേതാക്കൾ പറന്നിറങ്ങും. പഴുതടച്ച പ്രചാരണം കൊണ്ട് ഓരോ സമ്മതിദായകന്‍റെയും മനസ്സിളക്കാൻ ശ്രമിക്കും. അങ്ങനെ മറ്റ് മണ്ഡലത്തേക്കാൾ രാഷ്ട്രീയ കേരളത്തിന്റെ കനത്ത നിരീക്ഷണത്തിൽ നേമം നിറയുമ്പോൾ ഈ ഫലം തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മായ്ക്കാനാകാത്ത രേഖയായി മാറും.
Adjust Story Font
16

