ശ്വാസം നിലച്ച യുവാവിന് പുതുജീവൻ: ആംബുലൻസ് ജീവനക്കാരുടെ ഇടപെടൽ തുണയായി
ജനുവരി 21ന് ദുബൈ ആംബുലൻസ് കൺട്രോൾ റൂമിൽ ഒരു അടിയന്തര ഫോൺകോൾ എത്തി. തനിക്ക് ശ്വാസം മുട്ടുന്നു എന്ന വാക്കുകൾ മുഴുവനാക്കുന്നതിന് മുമ്പേ ആ ഫോൺകട്ടായി

ശ്വാസം നിലച്ചുപോയ 17 കാരന് ദുബൈ ആംബുലൻസിന്‍റെയും ഇന്ത്യൻ ഡോക്ടർമാരുടെയും തക്ക സമയത്തെ ഇടപെടലിൽ ലഭിച്ചത് പുതുജീവൻ. മൂന്ന് തവണ ഹൃദയവും ശ്വാസവും നിലച്ചുപോയിട്ടും മുംബൈ സ്വദേശിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു.
ജീവൻ തിരിച്ചു തന്ന ഡോക്ടർമാർക്കും ദുബൈ ആംബുലൻസിലെ ജീവനക്കാർക്കും നന്ദി പറയാനായിരുന്നു 17 കാരൻ കീൻ ആൽട്സ്റ്റണും അമ്മയും കഴിഞ്ഞദിവസം വീണ്ടും ആശുപത്രിയിലെത്തിയത്.
ജനുവരി 21ന് ദുബൈ ആംബുലൻസ് കൺട്രോൾ റൂമിൽ ഒരു അടിയന്തര ഫോൺകോൾ എത്തി. തനിക്ക് ശ്വാസം മുട്ടുന്നു എന്ന വാക്കുകൾ മുഴുവനാക്കുന്നതിന് മുമ്പേ ആ ഫോൺകട്ടായി. പക്ഷെ, ജിപിഎസ് സഹായത്തോടെ സ്ഥലത്തേക്ക് പാഞ്ഞെത്തിയ ആംബുലൻസ് ജീവനക്കാർ കണ്ടത് ശ്വാസം നിലച്ചു വീണുപോയ യുവാവിനെയാണ്. അവർ ആ 17 കാരനെ ബർ ദുബൈയിലെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും റെസ്പിറേറ്ററി അറസ്റ്റ് സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. മുന്ന് തവണ ഹൃദയമിടിപ്പും നിലച്ചുപോയിരുന്നു. മലയാളിയായ ശ്വാസകോശ രോഗവിദഗ്ധൻ ഡോ. അസ് ലം, ഡോ. നിതിൻ എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ട പരിചരണത്തിലൊടുവിലാണ് കീൻ ജീവൻ തിരിച്ചുപിടിച്ചത്.
വർഷങ്ങൾക്ക് മുമ്പ് സമാനമായ രോഗവസ്ഥയിലാണ് കീനിന് സ്വന്തം അച്ഛനെ നഷ്ടമായത്. ദുബൈ ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സമയോചിത ഇടപെലിന് കീനിന്റെ അമ്മയും നിറകണ്ണോടെ നന്ദി രേഖപ്പെടുത്തി.
Adjust Story Font
16

