Quantcast

എല്ലാ പഴയ വാഹനങ്ങളും പൊളിക്കേണ്ടി വരുമോ? കേന്ദ്രസർക്കാർ ബജറ്റിൽ പറയുന്നതെന്ത്?

അന്തരീക്ഷ മലിനീകരണം കുറച്ച് നിരത്തുകളെ പരമാവധി പരിസ്ഥിതി സൗഹൃദമാക്കുകയാണ് നയത്തിന്റെ ലക്ഷ്യം

MediaOne Logo

അലി തുറക്കല്‍

  • Updated:

    2021-07-05 07:02:04.0

Published:

2 Feb 2021 5:47 AM GMT

എല്ലാ പഴയ വാഹനങ്ങളും പൊളിക്കേണ്ടി വരുമോ? കേന്ദ്രസർക്കാർ ബജറ്റിൽ പറയുന്നതെന്ത്?
X

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യവാഹന ഉടമകളെ ആശങ്കയിലാഴ്ത്തി ബജറ്റിൽ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. 20 വർഷത്തിന് മുകളിൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങളും പൊളിക്കണം എന്നാണ് തിങ്കളാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ നിർദേശിക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറച്ച് നിരത്തുകളെ പരമാവധി പരിസ്ഥിതി സൗഹൃദമാക്കുകയാണ് നയത്തിന്റെ ലക്ഷ്യം.

എല്ലാ വാഹനങ്ങളും പൊളിക്കേണ്ടി വരുമോ?

ഇല്ല. നേരത്തെ പറഞ്ഞ പ്രായപരിധി കഴിഞ്ഞ സ്വകാര്യ-വാണിജ്യ വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കാം. ഓട്ടോമാറ്റിക് ഫിറ്റ്‌നസ് സെന്ററിൽ പരിശോധന നടത്തി വാഹനം കാര്യക്ഷമമാണ് എന്ന് ബോധ്യപ്പെട്ടാൽ അത് വീണ്ടും ഉപയോഗിക്കാം. ടെസ്റ്റ് പാസായാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും. അല്ലാത്തവ ഉടമ തന്നെ പൊളിക്കാനായി കൈമാറണം.

എത്ര ചെലവു വരും?

ഒരു ഫിറ്റ്‌നസ് ടെസ്റ്റിന് നാൽപ്പതിനായിരം രൂപയാണ് ചെലവെന്ന് മണികൺട്രോൾ ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. റോഡ് ടാക്‌സ്, ഗ്രീൻ ടാക്‌സ് എന്നിവ ഇതിന് പുറമേ ഒടുക്കേണ്ടി വരും. റോഡ് നികുതിയുടെ 10-25 ശതമാനം വരും ഗ്രീൻ ടാക്‌സ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിസ്ഥിതി മലിനീകരണം കൂടിയ ഡൽഹി-എൻസിആർ മേഖലയിൽ ഇത് അമ്പത് ശതമാനത്തോളം വരും.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ വാഹനം അഞ്ചു വർഷം കൂടി ഉപയോഗിക്കാം. അതിനു ശേഷം വീണ്ടും ഇതേ ചെലവു വഹിച്ച് വീണ്ടും ടെസ്റ്റ് നടത്തണം.

പാസായില്ലെങ്കിൽ എന്തു ചെയ്യും?

ഫിറ്റ്‌നസ് ടെസ്റ്റ് പാസാകാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഇവ അൺരജിസ്‌ട്രേഡ് ആയാണ് പരിഗണിക്കുക. വാഹനം നിരത്തിലിറക്കാൻ കഴിയില്ലെന്ന് സാരം. ഇവ പൊളിക്കാനായി കൈമാറണം. ആര് പൊളിക്കും, എങ്ങനെ പൊളിക്കും എന്നതിലെല്ലാം കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. വാഹനങ്ങൾ പൊളിക്കുന്നതിലൂടെ സ്റ്റീൽ, കോപ്പർ, അലൂമിനിയം എന്നിവയുടെ ഇറക്കുമതി കുറയ്ക്കാം എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

നയം എന്നു നിലവിൽ വരും?

2022 ഏപ്രിൽ ഒന്നിന് പുതിയ നയം പ്രാബല്യത്തിൽ വരും. സ്‌ക്രാപ്പേജ് സൂക്ഷിക്കുന്ന സ്ഥലം (ഡോക്‌സ്/യാർഡ്‌സ്) എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരേണ്ടതുണ്ട്. ഇതിന്റെ വിശദാംശങ്ങൾ രണ്ടാഴ്ചക്കകം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ 20 വർഷത്തിൽ കൂടുതൽ പ്രായമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ രാജ്യത്തുണ്ട് എന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. 15 വർഷം കഴിഞ്ഞ 17 ലക്ഷം വാണിജ്യ വാഹനങ്ങളുമുണ്ട്. അടുത്ത വർഷത്തോടെ ഇവ പൂർണമായി നിരത്തൊഴിയുമെന്നാണ് കരുതപ്പെടുന്നത്.

TAGS :

Next Story