ലോക ഭിന്നശേഷിദിനം ആചരിച്ച് മൗലാന ആശുപത്രി
ഈ വർഷത്തെ ലോക ഭിന്നശേഷിദിന സന്ദേശമായ സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാം എന്ന ആശയം ഉൾക്കൊണ്ടായിരുന്നു ചർച്ച നടന്നത്.

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പെരുന്തൽമണ്ണ മൗലാന ആശുപത്രി, മൗലാന ഏർളി സ്റ്റെപ്സ്, കോമ്പോസൈറ്റ് റീജിയണൽ സെന്റർ കോഴിക്കോട് എന്നിവർ ചേർന്ന് ഒപ്പം എന്ന പേരിൽ ചർച്ചാ വേദി സംഘടിപ്പിച്ചു.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കുള്ള നൈപുണ്യ വികസനവും തൊഴിലവസര നിർമാണവും എന്ന വിഷയത്തിലായിരുന്നു ചർച്ച. ഈ വർഷത്തെ ലോക ഭിന്നശേഷിദിന സന്ദേശമായ സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാം എന്ന ആശയം ഉൾക്കൊണ്ടായിരുന്നു ചർച്ച നടന്നത്.
സ്പെഷ്യൽ ഒളിമ്പിക്സ് കേരള, ഇന്ത്യ ചെയർമാൻ ഡോ. ജയരാജ് എം.കെ., സിആർസി കോഴിക്കോട് റിഹാബിലിറ്റേഷൻ ഓഫീസർ ഗോപിരാജ്, ജില്ലാ സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ, തണൽ ട്രസ്റ്റിന്റെ സ്ഥാപകൻ സില സെബാസ്റ്റ്യൻ, വി.കെ. റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ സിനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. കൊണ്ടോട്ടി ഗവ. കോളേജ് അസി. പ്രൊഫ. അബ്ദുൾ നാസർ ചർച്ച നയിച്ചു. മൗലാന ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി, ചീഫ് കൺസൾട്ടന്റ് ന്യൂറോളജസ്റ്റും പ്രോഗ്രാം കോഡിനേറ്ററുമായ ഡോ. ബിനീഷ് സി എന്നിവർ സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് 200ഓളം പേർ പങ്കെടുത്തു.
Adjust Story Font
16

