യുഎസിൽ അസോഷ്യേറ്റ് അറ്റോണി ജനറലായി ഇന്ത്യൻ വംശജ; ചരിത്രം കുറിച്ച് വനിതാ ഗുപ്ത
ബറാക്ക് ഒബാമ സർക്കാരിൽ പൗരാവകാശ വിഭാഗത്തിൽ അസിസ്റ്റന്‍റ് അറ്റോണി ജനറലായിരുന്നു

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജയായ അസോഷ്യേറ്റ് അറ്റോണി ജനറലായി വനിതാ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടു. യു.എസിലെ പ്രമുഖ പൗരാവകാശ അഭിഭാഷകയാണ് ഗുപ്ത.
സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49നെതിരെ 51 പേരുടെ പിന്തുണയോടെയാണ് 46കാരിയായ ഗുപ്ത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്കും റിപബ്ലിക്കുകൾക്കും തുല്യ പ്രതിനിധികളാണുളളത്. വോട്ടെടുപ്പിൽ റിപബ്ലിക്കൻ സെനറ്ററായ ലിസ മുർകോവ്‌സ്‌കി ഗുപ്തയെ പിന്തുണക്കുകയായിരുന്നു. വോട്ട് തുല്യനിലയിലാകുകയാണെങ്കിൽ വോട്ട് രേഖപ്പെടുത്താനായി വൈസ് പ്രസിഡന്റ് കമലാ ഹാരിസും സെനറ്റിൽ എത്തിയിരുന്നു.
യു.എസ് നീതിന്യായ വകുപ്പിലെ മൂന്നാമത്തെ ഉയർന്ന പദവിയിലെത്തുന്ന പ്രഥമ പൗരാവകാശ അഭിഭാഷക കൂടിയാണ് വനിതാ ഗുപ്ത. ബറാക്ക് ഒബാമ സർക്കാരിൽ പൗരാവകാശ വിഭാഗത്തിൽ അസിസ്റ്റന്‍റ് അറ്റോണി ജനറലായിരുന്നു. പുതിയ സ്ഥാനലബ്ധിയിൽ പ്രസിഡന്‍റ് ജോ ബൈഡൻ അനുമോദനമറിയിച്ചു.
ഫിലാഡൽഫിയയിൽ കുടിയേറിയ ഇന്ത്യൻ വംശജരായ രാജീവ് ഗുപ്ത-കമല ദമ്പതികളുടെ മകളാണ്. യാലെ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് പ്രഫഷണൽ ലോയിൽ ഡോക്ടറേറ്റും നേടി. യു.എസിലെ പ്രമുഖ നിയമസംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയനിൽ(എസിഎൽയു) ആയിരുന്നു കരിയറിനു തുടക്കം.
Adjust Story Font
16

