കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി സീറ്റുകൾ ഒഴിച്ചിട്ട് കോൺഗ്രസ്
86 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ ഒഴിച്ചിട്ട് കോൺഗ്രസിന്റെ സ്ഥാനാർ്ത്ഥി പ്രഖ്യാപനം. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിലാണ് പിന്നീട് പ്രഖ്യാപനമുണ്ടാകുക. 86 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്.
ടി സിദ്ദീഖിനെ പരിഗണിക്കുന്ന മണ്ഡലമാണ് കൽപ്പറ്റ. കെസി റോസക്കുട്ടി ടീച്ചർ, എൻഡി തങ്കച്ചൻ, പിവി ബാലകൃഷ്ണൻ, കെഎൽ പൗലോസ്, സജി ജോസഫ് ഇങ്ങനെയുള്ള പേരുകളും മണ്ഡലത്തിൽ ഉയർന്നു കേട്ടിരുന്നു. മണ്ഡലത്തിൽ മത്സരിക്കാൻ ഉമ്മൻചാണ്ടിയോട് ഏറെ അടുപ്പമുള്ള സിദ്ദീഖ് താത്പര്യം അറിയിച്ചിരുന്നു. നേരത്തെ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയുടെ പേരും ഇവിടെ പറയപ്പെട്ടിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.
നിലമ്പൂരിൽ ഡിസിസി പ്രസിഡണ്ട് വിവി പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് പരിഗണനയിലുള്ളത്. സിദ്ദീഖിന്റെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണ പതിനായിരത്തിലേറെ വോട്ടുകൾക്കാണ് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നത്.
വട്ടിയൂർക്കാവിൽ കെപി അനിൽകുമാറിനാണ് സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിന് തൊട്ടുമുമ്പ് പാർട്ടിയിൽ നിന്ന് കൂട്ട രാജിയുണ്ടായി. മൂന്നു കെപിസിസി അംഗങ്ങളും രണ്ടു ജില്ലാ ഭാരവാഹികളും അടക്കം 14 മണ്ഡലം പ്രസിഡണ്ടുമാരും രണ്ട് ബ്ലോക് പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്.
ബിന്ദു കൃഷ്ണയെ പരിഗണിച്ചിരുന്ന മണ്ഡലമാണ് കുണ്ടറ. എന്നാൽ ബിന്ദു കൊല്ലത്ത് സ്ഥാനാർത്ഥിയാകും. കല്ലട രമേശ്, ഫൈസൽ കുളപ്പാടം, പി ജർമിയാസ് എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ സിറ്റിങ് സീറ്റാണ് കുണ്ടറ.
ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ പരിഗണിച്ചിരുന്ന മണ്ഡലമാണ് തവനൂർ. എന്നാൽ ഫിറോസിനെതിരെ തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് രംഗത്തു വന്നിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, കെപിസിസി സെക്രട്ടറി കെപി നൗഷാദലി എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
ലീഗ് ആവശ്യപ്പെടുന്ന സീറ്റാണ് പട്ടാമ്പി. പട്ടാമ്പി നഗരസഭാ മുൻ ചെയർമാൻ കെഎസ്ബിഎ തങ്ങൾക്കായിരുന്നു ഇവിടെ മുൻഗണന. സിറ്റിങ് എംഎൽഎ സിപി മുഹമ്മദ് മത്സരരംഗത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

