Quantcast

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വേ

ആശങ്കയ്ക്ക് വകയില്ലെന്നും പ്രതീക്ഷിച്ച പോലെയാണ് കാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതെന്നും ഫൈസര്‍

MediaOne Logo

  • Published:

    16 Jan 2021 11:52 AM IST

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വേ
X

ഓസ്ലോ: നോര്‍വേയില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ചു. നിരവധി പേര്‍ അസുഖ ബാധിതരായതായും റിപ്പോര്‍ട്ടുണ്ട്. ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എണ്‍പത് വയസ്സിന് മുകളിലുള്ളവരിലാണ് വാക്‌സിന്‍ പ്രതികൂല ഫലം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അന്വേഷണം പ്രഖ്യാപിച്ചു. ഫൈസര്‍ വാക്‌സിനും മരണവും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല എങ്കിലും മരിച്ച 23 പേരില്‍ 13 പേര്‍ക്കും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് പ്രധാനമായും അനുഭവപ്പെട്ടത്.

നോര്‍വേയിലെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലെ വാക്‌സിന്‍ വിതരണത്തിന്റെ തോത് ഫൈസര്‍ താല്‍ക്കാലികമായി കുറച്ചു. മരണങ്ങള്‍ നോര്‍വീജിയന്‍ അധികൃതരുമായി ചേര്‍ന്ന് അന്വേഷിക്കുമെന്ന് ഫൈസര്‍ വ്യക്തമാക്കി. ആശങ്കയ്ക്ക് വകയില്ലെന്നും പ്രതീക്ഷിച്ച പോലെയാണ് കാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതെന്നും കമ്പനി അറിയിച്ചു.

ഡിസംബര്‍ അവസാനം മുതല്‍ ഇതുവരെ മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് ഫൈസര്‍-മൊഡേണ വാക്‌സിനുകള്‍ നല്‍കിയിട്ടുള്ളത്. നോര്‍വേയില്‍ ഇതുവരെ 57000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ഞൂറിലേറെ പേര്‍ മരണത്തിന് കീഴടങ്ങി.

TAGS :

Next Story