Quantcast

അനു സിനു; സൗഹൃദങ്ങളുടെ ധാരാളിമയിൽ ജീവിച്ച എഴുത്തുകാരൻ

‘എടോ മനുഷ്യ’ എന്ന സംബോധനയിൽ ഞങ്ങൾക്ക്​ കടലോളം കാര്യങ്ങൾ പറയാമായിരുന്നു. ജീവിതത്തെപ്പറ്റി, എഴുത്തിനെപ്പറ്റി ഒക്കെ. ​അതിനിയില്ല. അയാളുടെ വലിഞ്ഞുമുറുകിയ ​െകട്ടിപ്പിടുത്തങ്ങളില്ല. തളരുന്ന നിമിഷത്തിൽ വിളിക്കാനും മറുതലയ്​ക്കൽ അനുവില്ല. അത്​ തരുന്ന ശൂന്യതയുടെ ആഴം ഭയപ്പെടുത്തുന്നു.

MediaOne Logo
അനു സിനു; സൗഹൃദങ്ങളുടെ ധാരാളിമയിൽ ജീവിച്ച എഴുത്തുകാരൻ
X

ഇന്നലെ (ആഗസ്​റ്റ്​ ആറിന്​) വിടപറഞ്ഞ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പ്രിയ സുഹൃത്ത്​ അനു സിനുവിനെയും അദ്ദേഹത്തി​െൻറ എഴുത്തിനെയും വ്യക്​തിപരമായ നിമിഷങ്ങളെയും ഓർക്കുകയാണ്​ മാധ്യമപ്രവർത്തകനായ ആർ.കെ ബിജുരാജ്.

അനു സിനുവി​െൻറ സൗഹൃദങ്ങളുടെ വലയം അതിവിപുലമായിരുന്നു. ആൺപെൺ വ്യത്യാസങ്ങളില്ലാതെ പല അടുക്കുകളിൽ സുഹൃത്തുക്കൾ ആ ജീവിതത്തിൽ നിറഞ്ഞുനിന്നു. അവയുടെ ധാരാളിമയിൽ അടങ്ങാത്ത ഇഷ്​ടത്തോടെ അനു ത​െൻറ ജീവിതത്തി​െൻറ ഒാരോ നിമിഷവും ‘രോഗത്തിന്​ മുമ്പും പിമ്പും’ആസ്വദിച്ചു. ആ വലിയ സൗഹൃദ വലയിൽ ഒരാൾ മാത്രമായിരുന്നു ഞാനും. അതിനപ്പുറമൊന്നുമല്ല.

അനു എനിക്ക്​ ആത്മാവി​െൻറ ഉൾക്കാമ്പിൽ ചേർന്നു നിന്ന, വിരലിലെണ്ണാവുന്ന സുഹൃത്തുക്കളിൽ ഒരാളായിരുന്നു. അങ്ങനെ പറയുന്നതിലും ഒരു പ്രശ്​നമുണ്ട്​. അയാൾ എനിക്ക്​ പ്രിയ സുഹൃത്തുമാത്രമായിരുന്നില്ല. എ​െൻറ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. അയാളുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എഴുത്ത്​ വല്ലാതെ മോഹിപ്പിച്ചു. ആ എഴുത്തായിരുന്നു ഞങ്ങളുടെ ബന്ധത്തി​െൻറ അടിയൊഴുക്ക്​.

ലേഖകൻ ആർ.കെ ബിജുരാജും അനു സിനുവും

കാൽ നൂറ്റാണ്ട് മുമ്പ് മംഗളം ദിനപത്രത്തിൽ ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. അക്കാലത്ത് കൊല്ലം ബ്യൂറോയിലെ ഒരു അനു വാര്യരെ കുറിച്ച് കേട്ടിട്ടുണ്ട്. അത്രമാത്രം. പരിചയക്കാരല്ല

പിന്നെ പല വഴി കറങ്ങി അനു ദുബൈയിൽ എത്തി. ‘ഓർക്കുട്ട്’കാലത്ത് വന്ന മെസേജുകളിൽ പലപ്പോഴും എഴുത്തായി വിഷയം. അനു എഴുതി വന്ന കുറിപ്പുകൾ പുസ്​തകമാക്കാൻ നിർബന്ധിച്ചു. സമാഹരണത്തിന്​ ഒപ്പം കൂടി. പല പ്രസാധകർക്കും അയച്ചു. അനുകൂല മറുപടി കിട്ടിയില്ല. ഒടുവിൽ ആ പുസ്​തകത്തി​െൻറ പ്രസാധകനായി ഞാൻ മാറി.

തീർത്തും കുറ്റബോധത്തോടെയേ ‘യാത്രാ പുസ്​തകത്തിൽ ചിലർ’ എന്ന ആ പുസ്​തകത്തെ ഒാർക്കാനാവു. വലിയ മോഹങ്ങളുമായി കൂട്ടുകാർക്ക്​ ഒപ്പം ആരംഭിച്ച ‘ഇല’ ബുക്​സായിരുന്നു പ്രസാധകർ. ഒരു പക്ഷേ, ‘ഇല’ പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കിൽ, ഞാൻ പ്രസാധകവേഷം കെട്ടിയിരുന്നില്ലെങ്കിൽ, നല്ല പ്രസാധകനെ കിട്ടിയിരുന്നെങ്കിൽ മലയാളത്തിലെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഒരാളായി അനു മാറിയേനെ. ഒരു​ വേള, ബാലചന്ദ്രൻ ചുള്ളിക്കാടി​െൻറ ‘ചിദംബര സ്മരണ’കളേക്കാൾ മികച്ച പുസ്തമായി അത്​ അടയാളപ്പെടുത്തപ്പെ​േട്ടനെ. ഒാരോ കുറിപ്പും തിരക്കഥയായി വിഷ്വലുകൾ കാണിച്ചു തന്നു. അതിലെ ‘വിധവ’ മനസി​ൽ നിന്ന്​ ഇപ്പോഴും വിട്ടുപോയിട്ടില്ല. അതിലെ ‘ദുർമന്ത്രവാദിനി’ മനസിൽ കിടന്നു വിങ്ങുന്നുണ്ട്​.

ആ പുസ്​തകത്തിന്​ വർഷങ്ങൾക്ക്​ ശേഷം സുഹൃത്തുക്കൾ ഒരു പതിപ്പിറക്കി. അപ്പോൾ ആമുഖമെഴുതാനായി അനു വിളിച്ചു. ‘മടിയനെഴുത്ത്​’ എന്ന്​ കുറിപ്പ്​ മറ്റാരായിരുന്നെങ്കിലും പുസ്​തകത്തിൽ ചേർക്കില്ലായിരുന്നു. പക്ഷേ, അയാൾ ചിരിച്ചു. ‘സത്യമാണ്​. മടിയും എഴുത്ത്​ എന്ന അധ്വാനവും എന്നെ പിൻവലിച്ചു’വെന്ന്​ അനു സമ്മതിച്ചു.

അനു തന്റെ പ്രീഡിഗ്രി കാലത്ത്​ ‘ആ​ത്മ​ഹ​ത്യ​യ്ക്ക് ചി​ല വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പു​ക​ൾ’ എന്ന നോവൽ എഴുതിയിരുന്നു. അത്​ പൊടിപിടിച്ചു അലമാരയിൽ എവി​ടെയോ കിടന്നു. പരിചയപ്പെട്ട കാലത്ത്​ ആ നോവൽ കൈയെഴുത്ത്​ പ്രതി വാങ്ങി ഡി.ടി.പി ചെയ്​തു. കൈ​ര​ളി–​അ​റ്റ്​​ല​സ്​ സാ​ഹി​ത്യ പു​ര​സ്​​കാ​രത്തിന്​ അയക്കാമെന്നായിരുന്നു ഞങ്ങൾ തമ്മിലുള്ള ധാരണ. അവസാന നിമിഷം അത്​ അയച്ചു. ആ നോവലിന്​ ശേഷം 14 വർഷംകഴിഞ്ഞാണ്​ ഏതാണ്ട്​ സമാനമായ ‘കഥാവശേഷൻ എന്ന സിനിമ ടി.വി ചന്ദ്രൻ ചെയ്യുന്നത്​ ഒാർക്കണം. അവാർഡ്​ പ്രഖ്യപനം ഉണ്ടായ ദിവസം വൈകിട്ട്​ അനു വിളിച്ചു. കുറച്ചു നേരം ചിരിച്ചു. ‘ഫോ​ൺ വച്ചോളൂ’എന്ന്​ പറഞ്ഞപ്പോഴും ആ ചിരി മുഴങ്ങിക്കൊണ്ടിരുന്നു. അവർഡ്​ കിട്ടിയ കാര്യം അന​ു പറയാതെ പറഞ്ഞു .

ദുബൈയിലെ ‘പരസ്യമെഴുത്ത്​’ ജോലി വിട്ട്​​ ഇടക്കാലത്ത്​ കേരളത്തിൽ ജീവിക്കാനായി അനു മടങ്ങി വന്നു. വന്ന ദിവസം നമുക്ക്​ തൃശൂർ വരെ പോകണം. ഒരു ‘ദേവ’നെ കാണാനുണ്ടെന്ന്​ പറഞ്ഞു. 2006 ലോ മറ്റോ ആണത്​. അന്ന്​ മുതൽ ദേവദാസ്​ വി.എമ്മും സൗഹൃദങ്ങളിൽ ഇടം പിടിച്ചു. അന​ു ‘ഷാ​ങ്ഹാ​യ് പാ​ഠ​പു​സ്​​ത​കം’ , ‘എ​െ​ൻ​റ തി​ബ​ത്ത്​ ’ തു​ട​ങ്ങി​യ പു​സ്​​ത​ക​ങ്ങ​ളു​ടെ വിവർത്തനത്തിലും പങ്കാളിയായി. നിർബന്ധിച്ച്​ അത്​ ചെയ്യിക്കുകയായിരുന്നു. അവസാനം രോഗ നാളിലും അനു കഥ എഴുതി. ‘നിങ്ങൾ വിടുന്നില്ലല്ലോ എന്ന്​ പറഞ്ഞ്​, എവിടെയോ മാറിയിരുന്ന്​‘ കല്ലീ വല്ലി’ എഴുതി. അത്​ മാധ്യമം ആഴ്​ചപ്പതിപ്പിൽ രണ്ടു ലക്കങ്ങളായി വന്നു. അനു എഴുത്തിലും ജീവിതത്തിലും എന്നും ഇടതുപക്ഷത്തായിരുന്നു. സ്​കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ നക്​സലിസത്തി​െൻറ പ്രഭാവലയത്തിലായി. ഇടയ്​ക്ക്​ കൽക്കത്തയിലും നർമദാ തീരത്തും എത്തി. അവസാനം വരെ പൊളിറ്റിക്കലായി ജീവിച്ചു.

കഥാകൃത്ത്​ ദേവദാസ്​ വി.എമ്മിനൊപ്പം അനു സിനു

‘ഇന്ത്യൻ എക്​സപ്രസിൽ ’കൊച്ചിയിൽ ജോലി ചെയ്​തിരുന്ന നാളിൽ തുടർച്ചയായി പല രാത്രി വീട്ടിൽ തങ്ങി. അമ്മയ്​ക്കും അയാൾ മകനായി. പൊട്ടിച്ചിരികൾ എപ്പോഴും വീടിനെ ശബ്​ദമുഖരിതമാക്കി. പിന്നെ മക്കൾക്കൊപ്പവും വന്നു. എന്നാൽ, അയാൾ ആരെപ്പറ്റിയും ദൂഷണം പറഞ്ഞില്ല. ആരെയും വെറുത്തില്ല. എല്ലാവരെപ്പറ്റിയും നല്ലതു മാത്രം പറഞ്ഞു. എല്ലാവരിലും നല്ലതുമാത്രം കണ്ടു. അനാദരവോടെ ആരെപ്പറ്റിയും ഒന്നും പരാമർശിച്ചില്ല. അപൊളിറ്റിക്കലായി തോന്നിയ നിമിഷങ്ങളിൽ അകന്നു മാറി. നിലപാടുകളിൽ വിട്ടുവീഴ്​ചയുണ്ടായുമില്ല.

ഒര​ു കൊച്ചുവീട്​ വാങ്ങി കടത്തിൽ മുങ്ങിയ ഒരു നാളിൽ അനു ആ വീട്ടിൽ വന്നു. വീടി​െൻറ ചെറിയ തിണ്ണയിൽ ചുരുണ്ടുകിടന്നു വർത്തമാനം പറഞ്ഞു. എന്തോ പറയാനുണ്ടെന്നറിയാം. ഒടുവിൽ പോകാൻ നേരം​ ചോദിച്ചു, ‘ഞാൻ നിങ്ങൾക്ക്​ കുറച്ച്​ പൈസ തര​െട്ട.’ കണക്കുകളിൽ ഒരിക്കലും ബാലൻസ്​ നോക്കാതിരുന്ന സൗഹൃദത്തി​െൻറ ബലത്തിലാവണം ചോദിച്ചത്​. ‘വേണ്ട’ എന്നു പറഞ്ഞപ്പോൾ അറിയാതെ രണ്ടുപേരുടെയും കണ്ണിൽ വെള്ളം നിറഞ്ഞു. ആ പ്രതിസന്ധി ഘട്ടത്തിൽ അങ്ങനെ ചോദിക്കാൻ അനുവേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ നാടടച്ച്​ നക്​സലൈറ്റ്​ സുഹൃത്തുക്കൾ ഒന്നൊന്നായി പിടിയിലാകുന്ന ഘട്ടത്തിൽ അനു ഗൾഫിൽ നിന്ന്​ വിളിച്ചു, ‘പെട്ടന്ന്​ കയറിപ്പോരുന്നോ‘ എന്നു മാത്രമായിരുന്നു ചോദ്യം. ഇല്ല എന്നു മറുപടിക്ക്​ ‘സൂക്ഷിക്കണേ’ എന്ന്​ മാത്രം പറഞ്ഞു അനു നിർത്തി. അനു ആ സമയത്ത്​ ഖലീജ്​ ടൈംസിൽ കോപ്പി എഡിറ്റായി പണിയെടുക്കുകയായിരുന്നു.

‘അനു പോയി ’എന്ന വാർത്ത ഏത്​ നിമിഷവും വരും എന്ന്​ ഉറപ്പായിരുന്നു. ജൂൺ 28ന്​, കൊല്ലം പാരിപ്പിള്ളിയിലെ വീട്ടിൽ നിന്ന്​ കണ്ടിറങ്ങിയപ്പോൾ മുതൽ ആ വാർത്ത വൈകണേ എന്നായിരുന്നു മനസ്​ ആഗ്രഹിച്ചത്​. അസാമാന്യ ഉൾക്കരുത്തുള്ള, ജീവിതത്തെ അതിയായ സ്​നേഹിക്കുന്ന ഒരാൾ പെട്ടെന്ന്​ പോകില്ലെന്ന്​ മനസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, വേദനയിൽ അയാൾ തുടരുന്നത്​ കാണാൻ ഇഷ്​ടപ്പെട്ടതുമില്ല. അമ്മയ്ക്കുമേൽ ഞണ്ടുകൾ പിടിയാഴ്​ത്തിയതറിഞ്ഞ്​ അനു വിളിച്ചു. അന്നേരമാണ്​ തനിക്കും അധികം സമയമിനിയില്ല എന്ന്​ അനു പറയുന്നത്​. വീണു കിട്ടുന്ന ഒാരോ നിമിഷവും ബോണസാക്കാനായിരുന്നു അനുവിനോടുള്ള നിർദേശം. അതു തന്നെ അനു അമ്മയ്​ക്കുമാശംസ നേർന്നു. അന​ു അങ്ങനെ തന്നെ ജീവിച്ചു.

അനുവി​െൻറ എഴുത്ത്​ അധികം വായിക്കപ്പെട്ടിട്ടില്ല. ഒാർമക്കുറിപ്പുകളായി, കവിതകളായി, കഥയായി, ഫേസ്​ബുക്ക്​ കുറിപ്പുകളായി അവ കുറച്ച്​ അധികമുണ്ടാകും. അത്​ സമാഹരിക്കപ്പെടേണ്ടതുണ്ട്​. അനു ഒാർമിക്കപ്പെടുക ആ എഴുത്തിലൂടെയാവും. അനുവി​െൻറ സുഹൃത്തുക്കളുടെ മുൻകൈയിൽ അത്തരമൊരു ശ്രമം നടക്കേണ്ടതുണ്ട്​.

‘എടോ മനുഷ്യ’ എന്ന സംബോധനയിൽ ഞങ്ങൾക്ക്​ കടലോളം കാര്യങ്ങൾ പറയാമായിരുന്നു. ജീവിതത്തെപ്പറ്റി, എഴുത്തിനെപ്പറ്റി ഒക്കെ. ​അതിനിയില്ല. അയാളുടെ വലിഞ്ഞുമുറുകിയ ​െകട്ടിപ്പിടുത്തങ്ങളില്ല. തളരുന്ന നിമിഷത്തിൽ വിളിക്കാനും മറുതലയ്​ക്കൽ അനുവില്ല. അത്​ തരുന്ന ശൂന്യതയുടെ ആഴം ഭയപ്പെടുത്തുന്നു.

TAGS :

Next Story