Quantcast

ശോഭീന്ദ്രൻ മാഷ്: അകവും പുറവും പച്ചയായ മനുഷ്യൻ

പ്രകൃതിയുടെ പച്ചപ്പിനു വേണ്ടി ജീവിച്ച, അകത്തൊന്നും പുറത്ത് മറ്റൊന്നുമില്ലാത്ത പച്ച മനുഷ്യനായിരുന്നു ശോഭീന്ദ്രൻ മാഷ്

MediaOne Logo

എ.വി ഫർദിസ്

  • Published:

    13 Oct 2023 5:04 AM GMT

ശോഭീന്ദ്രൻ മാഷ്: അകവും പുറവും പച്ചയായ മനുഷ്യൻ
X

വർത്തമാന കാലത്തിന്റെ ഏറ്റവും വലിയ ശാപമാണ് ഉള്ളിൽ ഒന്ന് വെച്ച് പുറമേ മറ്റൊന്ന് പ്രകടിപ്പിക്കുകയെന്നത്. ഈ ഹിപ്പോക്രാറ്റിക്ക് സമീപനത്തിൽ ഒന്നാം സ്ഥാനത്താണ് മലയാളികൾ. ഇവിടെയാണ് മണിക്കൂറുകൾക്ക് മുൻപ് കടന്നുപോയ, ശിഷ്യരല്ലാത്തവർക്കു പോലും അധ്യാപക സമാനമായ പെരുമാറ്റം കൊണ്ട് മാഷായി മാറിയ ശോഭീന്ദ്രൻ മാഷ് വേറിട്ടു നിൽക്കുന്നത്. ഉള്ളുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പുറവും. ഒന്നും മറച്ച് വെക്കാനില്ലാത്ത സ്വഭാവം.

പരിസ്ഥിതി എന്നു കേൾക്കുമ്പോൾ അല്പം സാമാന്യ ബോധമുള്ള മലയാളികളുടെയെല്ലാം മനസ്സിലേക്ക് ആദ്യം ഓടിയെത്തുക, പ്രകൃതിയുടെ പച്ചപ്പ് തന്റെ ബൈക്കിനു പോലും മാറ്റി നല്കി, സമൂഹത്തിന് അതിൽ കൂടി പോലും വേറിട്ട സന്ദേശം നല്കിയ മാഷിനെയാണ്. ഊണിലും ഉറക്കത്തിലും തന്റെ ഓരോ ദൈനം ദിന പ്രവർത്തികളിലും പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് ഈ മനുഷ്യൻ തന്റെ ജീവിത യാത്രയിലുടനീളം മറ്റുള്ളവരോട് പങ്കുവെച്ചത്.

പച്ചപ്പിൽ നിറഞ്ഞു നില്ക്കുന്ന വൻ മരങ്ങൾ കാണുമ്പോൾ നമ്മുടെ കണ്ണും മനസ്സും കുളിരണിയുന്നതു പോലെയാണ് മാഷിന്റെ അടുത്ത് നാം പോയി നിന്ന് കൈ കൊടുക്കുമ്പോൾ നമുക്ക് ആ ഹസ്തദാനം നല്കുന്ന സമാധാനവും. കൈ വിടാതെ അല്പനേരം മുറുകെ പിടിച്ചുള്ള ആ നില്പിൽ തന്നെ നമ്മൾ ആ വ്യക്തിത്വത്തിന്റെ charismatic Power -ൽ ആകൃഷ്ടരായിപ്പോകും. വൻ മരത്തിനു താഴെ കടുത്ത വേനലിൽ പോയി നില്ക്കുമ്പോൾ നമുക്ക് അത് നല്കുന്ന ആശ്വാസത്തിനു സമാനമാണ് മാഷിന്റെ സംസാരവും. പതിഞ്ഞ ശബ്ദത്തിൽ, ചെറിയ ചെറിയ വാക്കുകളിൽ, നിർത്തി നിർത്തിപ്പറയുന്ന പല കാര്യങ്ങളും നമ്മുടെ ഒരു ചെവിയിൽ കൂടി കയറി മറു ചെവിയിലൂടെ ഇറങ്ങിപ്പോകുന്നവയായിരുന്നില്ല. മറിച്ച് പലതും നമ്മുടെ മനസ്സിൽ തങ്ങി നില്ക്കുന്നവയും തലച്ചോറിലേക്ക് കുടിയേറുന്നവയുമായിരുന്നു.

ഫാറൂഖ് കോളെജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എൻ.എസ്.എസ് സെക്രട്ടറി എന്ന നിലക്ക് മാഷുമായി ആദ്യം പരിചയപ്പെടുന്നത്. കോഴിക്കോട് ബീച്ച് ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ടായിരുന്നത്. പിന്നീട് മാഷുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് വയനാട് മഴയാത്രയുമായി ബന്ധപ്പെട്ട് മീഡിയ കൺവീനർ എന്ന നിലക്കായിരുന്നു. മാഷും എം.എ ജോൺസൺ സാറും നടത്തുന്ന പല പരിസ്ഥിതി മുന്നേറ്റങ്ങളുമായി അടുത്ത് പ്രവർത്തിക്കുവാൻ സന്ദർഭം കിട്ടുന്നതുമിങ്ങനെയായിരുന്നു. അതോടു കൂടി എന്റെ ഫോൺ നമ്പറും അദ്ദേഹത്തിന്റെ മൊബൈലിൽ സേവ് ചെയ്യപ്പെട്ടു. പലപ്പോഴും റിങ്ങ് ചെയ്യുമ്പോൾ തന്നെ മറുതലക്കൽ നിന്ന് ന്താ.. ഫർദീസേ എന്ന വിളിയിൽ നിന്നാണിത് മനസ്സിലായത്.

പച്ച വസ്ത്രങ്ങൾ, പച്ച ബൈക്ക്, പച്ച ഹെൽമറ്റ് ഇങ്ങനെ പുറംമോടി കൊണ്ടു മാത്രമല്ല സ്നേഹമസൃണമായ പെരുമാറ്റം കൊണ്ടു കൂടിയാണ് മാഷ് ഇഷ്ടപ്പെട്ടവരുടെയും പരിചയപ്പെടുന്നവരുടെയുമെല്ലാം മനസ്സിൽ കയറിക്കൂടിയത്. ഇങ്ങനെ മാഷിന്റെ സ്വാധീനമുണ്ടായവർ ആയിരങ്ങളാണ്. ഇതിൽ ഏറ്റവും പെട്ടെന്ന് ഓർമ വരുന്ന ഒരാൾ നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. അദ്ദേഹത്തോടുള്ള ഇഷ്ടവും താൽപര്യവുമെല്ലാം കൊണ്ടാണ് ജോയ് മാത്യു തന്റെ സംവിധാന സംരംഭമായ "ഷട്ടർ" സിനിമയിലേക്ക് മാഷെ കൈപിടിച്ചു കൊണ്ടുവന്ന് അഭിനയിപ്പിച്ചത്.

രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപാണ് മുട്ടോളിയിലെ മാഷിന്റെ വീട്ടിൽ പോകുവാൻ സന്ദർഭം കിട്ടിയത്. അങ്ങാടിയിൽ നിന്ന്, ഒരു പീടികക്കാരനോട് ശോഭീന്ദ്രൻ മാഷിന്റെ വീട് ഏതെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി (അല്പം തമാശ നിറഞ്ഞതായിരുന്നെങ്കിലും അതിലും ഒരു ചിന്തയും സന്ദേശവുമുണ്ടായിരുന്നു) ഇങ്ങനെയായിരുന്നു: ഇങ്ങള് കുറച്ച് മുന്നോട്ട് പോയാൽ , ആ വളവിനടുത്ത് ഗെയിറ്റിനടുത്ത് ഒരു പാറക്കല്ലൊക്കെ വെച്ച വീടുണ്ടാകും.

പാറക്കല്ലോ? - എന്റെ സംശയം.

പ്രശ്നമില്ല. വലിയ മരങ്ങളെക്കെ ഉള്ള ഒരു കാടു പോലത്തെ സ്ഥലം കാണാം. അതിന്റെ ഉള്ളിൽ തന്നാ വീട്!. പീടികക്കാരന്റെ രണ്ടാമത്തെ മറുപടിയിതായിരുന്നു.

കോംപൗണ്ടിൽ കടക്കുമ്പോൾ തന്നെ അയാൾ പറഞ്ഞത് പൂർണമായും ശരിയായിരുന്നുവെന്ന് നാം തിരിച്ചറിയും. കാടിനുള്ളിലൊക്കെ കാണുന്ന പോലെ മൂന്നും നാലും നിലയിലൊക്കെ ഉയരത്തിലുള്ള കെട്ടിടങ്ങളുടെ വലിപ്പമുള്ള വൻ മരങ്ങൾ വീടിനു ചുറ്റും മത്സരിച്ചു വളർന്ന് നില്ക്കുകയായിരുന്നു ആ കോംപൗണ്ടിലൊന്നാകെ. തങ്ങളുടെ സംരക്ഷകനോടുള്ള നന്ദി സൂചകമായി...

TAGS :

Next Story