Quantcast

അറബ് വിപ്ലവത്തിനു ദിശകാണിച്ചു; താലിബാന്‍റെ ബാമിയാന്‍ ആക്രമണത്തെ വിമർശിച്ചു-ഖറദാവി എന്ന ആഗോള പണ്ഡിതന്‍

അൽഖാഇദയുടെയും താലിബാന്‍റെയും നേതൃത്വത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളെ ഖറദാവി നിരന്തരം വിമർശിച്ചു. ഫലസ്തീനിലെ രണ്ടാം ഇൻതിഫാദക്കാലത്തെ 'ചാവേർ ഫത്‌വ'യുടെ പേരിൽ പടിഞ്ഞാറൻ രാഷ്ട്രത്തലവന്മാർക്കിടയിലും അദ്ദേഹത്തിന്‍റെ പേര് ചർച്ചയായി

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2022-10-02 18:04:52.0

Published:

26 Sep 2022 1:17 PM GMT

അറബ് വിപ്ലവത്തിനു ദിശകാണിച്ചു; താലിബാന്‍റെ ബാമിയാന്‍ ആക്രമണത്തെ വിമർശിച്ചു-ഖറദാവി എന്ന ആഗോള പണ്ഡിതന്‍
X

ദോഹ: മതവിജ്ഞാനങ്ങളിൽ ആധികാരിക ശബ്ദമായി നിലനിൽക്കുമ്പോഴും ആഗോള സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പങ്കുവച്ചും സമരങ്ങളുടെ മധ്യത്തിലിറങ്ങിയും സക്രിയമായ അപൂര്‍വ പണ്ഡിത ജീവിതമായിരുന്നു യൂസുഫുൽ ഖറദാവി. അറബ് വസന്തം മുതൽ ഫലസ്തീൻ പ്രശ്‌നങ്ങളിൽ വരം അദ്ദേഹം നേരിട്ടും അല്ലാതെയും ഇടപെട്ടു. പുതിയ കാലത്തിനും സമൂഹത്തിനും അനുസരിച്ച് മതവിജ്ഞാനങ്ങളുടെ വ്യാഖ്യാനം നടത്തിയും വേറിട്ടുനിന്നു ഖറദാവി.

പഠനവും അധിനിവേശവിരുദ്ധ പോരാട്ടവും

1926 സെപ്റ്റംബർ ഒൻപതിന് ഈജിപ്തിലെ ത്വൻതയ്ക്കു സമീപം സ്വഫ്ത് തുറാബിലാണ് ഖറദാവിയുടെ ജനനം. ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള ഈജിപ്തിലായിരുന്നു അദ്ദേഹം വളരുന്നത്. അതുകൊണ്ടു തന്നെ പ്രാഥമിക മതപഠനം നടത്തുമ്പോഴും നാട്ടിലെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി മുൻനിരയിൽ തന്നെ അദ്ദേഹമുണ്ടായിരുന്നു. ഒൻപതാം വയസിൽ ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം ഇതിനിടെ ത്വൻതയിലെ മതപാഠശാലയിൽനിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു.

ഹസനുൽ ബന്നയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇഖ്‌വാനുൽ മുസ്ലിമീനിന്റെ ഭാഗമായി സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഖറദാവി. ഈജിപ്തിലെ വിഖ്യാത ഇസ്‌ലാമിക സർവകലാശാലയായ അൽഅസ്ഹറിൽ ചേർന്ന് ഖുർആൻ, ഹദീസ് പഠനങ്ങളിലും ഭാഷാസാഹിത്യത്തിലുമെല്ലാം ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾ പൂർത്തിയാക്കി. ഇതിനിടയ്ക്ക് ഈജിപ്തിന് ബ്രിട്ടീഷ് ഭരണത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ, മുഹമ്മദ് നജീബിനു ശേഷം സ്വതന്ത്ര ഈജിപ്തിന്റെ രണ്ടാം പ്രസിഡന്റായ അറബ് ദേശീയവാദി നേതാവ് ജമാൽ അബ്ദുന്നാസർ ഇഖ്‌വാൻ വേട്ട ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഖറദാവിക്കും ജയിൽവാസമനുഭവിക്കേണ്ടിവന്നു.

ഖത്തർവാസവും ആഗോള പ്രശസ്തിയും

ജയിൽമോചിതനായ ശേഷം 1960കളില്‍ അദ്ദേഹം ഖത്തറിലേക്ക് കൂടുമാറി. റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്‌പെക്ടറായായിരുന്നു അദ്ദേഹം ദോഹയിലെത്തുന്നത്. പുതുതായി സ്ഥാപിതമായ ഖത്തർ സർവകലാശാലയിൽ അദ്ദേഹത്തിന്റെ തന്നെ മുൻകൈയിൽ ആരംഭിച്ച ശരീഅ ഫാക്കൽറ്റിയുടെ ഡീനാകുകയും ചെയ്തു. 1968ൽ ഖത്തർ പൗരത്വവും ലഭിച്ചു.

ഖത്തർ ജീവിതകാലത്താണ് ഖറദാവി ആഗോള ഇസ്‌ലാമിക പണ്ഡിത സമൂഹത്തിനിടയിൽ കൂടുതൽ പരിചിതമുഖമാകുന്നത്. ആഗോളതലത്തിൽ നടന്ന പലതരം ഇസ്‌ലാമിക ചലനങ്ങളിലും മുന്നേറ്റങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുമുണ്ടായി. ഖറദാവിയുടെ പാണ്ഡിത്യത്തിനുള്ള അംഗീകാരമെന്നോണം 1973ൽ ഖത്തറിന്റെ മതകാര്യ മേധാവിയായി അദ്ദേഹം നിയമിതനായി. ഇതേവർഷം തന്നെ അദ്ദേഹത്തിന് അൽഅസ്ഹറിൽനിന്ന് ഡോക്ടറേറ്റും ലഭിച്ചു. സകാത്തിന്റെ കർമശാസ്ത്രവും സാമൂഹിക പ്രസക്തിയും ചേർത്ത് നടത്തിയ ഫിഖ്ഹുസ്സകാത്ത് എന്ന ഗവേഷണ പഠനത്തിനായിരുന്നു ഡോക്ടറേറ്റ്. ഇതു പിന്നീട് അദ്ദേഹത്തിന്റെ മാസ്റ്റർപീസ് രചനയായും ലോകം ഏറ്റെടുത്തു.

കർമശാസ്ത്രത്തിന്റെ സാമൂഹികവായന

കർമശാസ്ത്രത്തെ ആധുനികതയ്ക്കും പുതിയ കാലത്തെ സാമൂഹിക ജീവിതത്തിനും അനുസരിച്ച് വ്യാഖ്യാനിച്ചാണ് ഖറദാവി ഇസ്‌ലാമിക പണ്ഡിതസമൂഹത്തിനിടയിൽ വേറിട്ട ശബ്ദമാകുന്നത്. ഇതോടൊപ്പം ആഗോളരാഷ്ട്രീയത്തിലെ പുതിയ പ്രവണതകളോടും നിരന്തരം പ്രതികരിച്ചും ഇടപെട്ടുംകൊണ്ടിരുന്നു. പുതിയ സാമൂഹികസമസ്യകൾക്കു മുന്നിൽ പകച്ചുപോകുന്ന മുസ്‌ലിം ജീവിതത്തിന് അദ്ദേഹത്തിന്റെ മതവ്യാഖ്യാനങ്ങൾ ആശ്വാസമായി.

ഇതോടൊപ്പം ജിഹാദിന്റെ തെറ്റായ വ്യാഖ്യാനങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമെതിരെ ശബ്ദിച്ച് അദ്ദേഹം ഒരു വിഭാഗത്തിന് അനഭിമതനുമായി. 2009ൽ പുറത്തുവന്ന ഫിഖ്ഹുൽ ജിഹാദ് അത്തരത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൃതിയാണ്. തീവ്രസലഫി നിലപാടുകൾക്കെതിരായിരുന്നു കൃതി.

ബഹുസ്വര സമൂഹത്തിൽ മുസ്‌ലിം ജീവിതം എങ്ങനെയായിരിക്കണമെന്നതിനുള്ള മാർഗനിർദേശവുമായി ഖറദാവി ന്യൂനപക്ഷ കർമശാസ്ത്രവും വികസിപ്പിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള മുസ്‌ലിംകൾക്ക് മതപരമായ ദിശപകരുക കൂടി ലക്ഷ്യമിട്ട് യൂറോപ്യൻ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ചിനു രൂപംനൽകി.

എന്നാൽ, രണ്ടാം ഫലസ്തീൻ ഇൻതിഫാദക്കാലത്തെ 'ചാവേർ ഫത്‌വ'യുടെ പേരിൽ പടിഞ്ഞാറൻ രാഷ്ട്രത്തലവന്മാർക്കിടയിലും അദ്ദേഹത്തിന്റെ പേര് ചർച്ചയായി. ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ചാവേർ ആക്രമണമാകാം എന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ ഫത്‌വയാണ് വലിയ ചർച്ചയിലേക്ക് നയിച്ചത്. എന്നാൽ, മറ്റു രാജ്യങ്ങളിലോ സമൂഹങ്ങളിലോ അത് അനുവദനീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അൽഖാഇദ, താലിബാൻ അടക്കമുള്ള തീവ്രസംഘങ്ങളുടെ നേതൃത്വത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളെ ഖറദാവി നിരന്തരം വിമർശിച്ചു. ബാമിയാനിലെ ബുദ്ധപ്രതിമ തകർത്തതിനെതിരെ ആഗോളതലത്തിൽ ഉയർന്ന പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു അദ്ദേഹം.

അറബ് വസന്തവും ജീവപര്യന്തവും

2011ൽ അറബ് ലോകത്ത് ജനകീയ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ തുടക്കത്തിൽ തന്നെ പിന്തുണയും പ്രത്യയശാസ്ത്ര പിൻബലവുമായി രംഗത്തെത്തിയ പ്രമുഖ മുസ്‌ലിം പണ്ഡിതനാണ് ഖറദാവി. 2011 ഫെബ്രുവരി 11ന് കെയ്‌റോയിലെ തഹ്രീർ സ്‌ക്വയറിൽ നടന്ന ജുമുഅ നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി സമരത്തിന്റെ മധ്യത്തിലേക്ക് നേരിട്ടിറങ്ങി അദ്ദേഹം. ഖുതുബയിലൂടെ ഈജിപ്തിലെയും തുനീഷ്യ, സിറിയ, ലിബിയ അടക്കമുള്ള അയൽരാജ്യങ്ങളിലെയും ജനകീയ പ്രക്ഷോഭങ്ങൾക്ക് വീര്യം പകർന്നു.

തുനീഷ്യൻ ഏകാധിപതി സൈനുൽ ആബിദീൻ ബെൻ അലി സ്ഥാനഭ്രഷ്ടനായതിനു പിന്നാലെ ഈജിപ്തിലും ജനകീയ പ്രക്ഷോഭം മൂർച്ഛിച്ചു. ഈജിപ്ഷ്യൻ ഏകാധിപതി ഹുസ്‌നി മുബാറക്കിനും താഴെയിറങ്ങേണ്ടിവന്നു. 2011 അവസാനത്തിൽ ഇഖ്‌വാനുൽ മുസ്ലിമീനു കീഴിൽ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ കക്ഷി രൂപംകൊണ്ടു. തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിന് പാർട്ടി അധികാരത്തിലേറുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്വതന്ത്ര പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെ മുഹമ്മദ് മുർസി പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

2013ൽ സൈന്യത്തിന്റെ അടക്കം നേതൃത്വത്തിൽ പ്രതിവിപ്ലവം നടന്നു. സൈനികമേധാവിയായിരുന്ന അബ്ദുൽ ഫത്താഹ് സീസി അധികാരമേൽക്കുകയും ഇഖ്‌വാനിനെ നിരോധിക്കുകയും ചെയ്തു. മുഹമ്മദ് മുർസിക്കൊപ്പം ഖറദാവിക്കും ഈജിപ്ഷ്യൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്ന തരത്തിലേക്ക് പുതിയ സംഭവവികാസങ്ങൾ നീണ്ടു.

രചന, ഇടപെടൽ, അംഗീകാരം

120ലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് ഖറഖദാവി. ഫിഖ്ഹുൽ ജിഹാദ്, ഫിഖ്ഹുസ്സകാത്ത് എന്നിവയ്ക്കു പുറമെ ഫിഖ്ഹു മഖാസിദുശ്ശരീഅ, അന്നാസു വൽഹഖ്, ഫിഖ്ഹുൽ വസത്വിയ്യ, അൽഅഖല്ലിയ്യാത്തുദ്ദീനിയ്യ അടക്കം ലോകതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി രചനകൾ അക്കൂട്ടത്തിലുണ്ട്.

യൂറോപ്യൻ ഫത്‌വ കൗൺസിലിനു പുറമെ ആഗോളതലത്തിലെ മുസ്‌ലിം പണ്ഡിതന്മാരുടെ സഭയായ ഇന്റർനാഷനൽ യൂനിയൻ ഓഫ് മുസ്ലിം സ്‌കോളേഴ്‌സിനും അദ്ദേഹം രൂപംനൽകി. ഖത്തർ ആസ്ഥാനമായുള്ള സംഘടനയുടെ സ്ഥാപക പ്രസിഡന്റുമായി.

മക്ക ആസ്ഥാനമായുള്ള മുസ്‌ലിം വേൾഡ് ലീഗ്, കുവൈത്തിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ, ജറൂസലേം ഇന്റർനാഷനൽ ഫൗണ്ടേഷൻ, ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ എന്നിവയുടെ മുൻനിരയിലും അദ്ദേഹമുണ്ടായിരുന്നു.

കിങ് ഫൈസൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾക്കും അർഹനായിട്ടുണ്ട്. സുൽത്താൻ ഹസൻ അൽബോക്കിയ അവാർഡ്, മലേഷ്യ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രത്യേക അവാർഡ്, ഇസ്ലാമിക് ഡെവലപ്‌മെന്റ് അവാർഡ് എന്നിവ അവയിൽ ഉൾപ്പെടും.

Summary: Yusuf al-Qaradawi: The global Islamic scholar

TAGS :

Next Story