Quantcast

കായികരംഗത്തെ ലൈംഗികവൽക്കരണത്തിനെതിരെ ജർമ്മന്‍ വനിതാ താരങ്ങളുടെ പ്രതിഷേധം

ഈ ഒളിമ്പിക്സ് മുന്നോട്ടുവെക്കുന്ന അജണ്ട സ്പോർട്സ് അപ്പീൽ ആണെന്നും, സെക്സ് അപ്പീൽ അല്ലെന്നും ഒളിമ്പിക് സമിതി

MediaOne Logo

Web Desk

  • Published:

    27 July 2021 8:30 AM GMT

കായികരംഗത്തെ ലൈംഗികവൽക്കരണത്തിനെതിരെ ജർമ്മന്‍ വനിതാ താരങ്ങളുടെ പ്രതിഷേധം
X

കായികരംഗത്തെ ലൈംഗികവൽക്കരണത്തിനെതിരെ ജർമ്മന്‍ വനിതാ ഒളിമ്പിക് ജിംനാസ്റ്റുകൾ ശരീരം മുഴുവൻ മറയുന്ന വേഷം ധരിച്ച് പ്രതിഷേധിച്ചു. സ്വിംസ്യൂട്ട് മാതൃകയിലുള്ള ബിക്കിനി കട്ട് ലിയോടാർഡിന് പകരം, കണങ്കാൽ വരെയെത്തുന്ന ശരീരം മുഴുവൻ മറയുന്ന വേഷം ധരിച്ചാണ് ജർമ്മൻ ടീം ഇന്നലെ ഒളിമ്പിക്സിൽ അരങ്ങിൽ എത്തിയത്. സ്പോർട്സിന്റെ ലൈം​ഗികവത്കരത്തിനെതിരെയുള്ള നിലപാടിന്റെ ഭാ​ഗമായാണ് വേഷം മാറ്റുന്നതെന്നായിരുന്നു ജിംനാസ്റ്റിക് ടീമിന്റെ പ്രതികരണം.

പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം സാറ വോസ് പറഞ്ഞു. ഞങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് എന്ന് ഒളിമ്പിക്സിനെിത്തിയ ടീമംഗം പൗലീൻ ഷേഫർ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാവണം. ഇത് ലോകത്തെ മുഴുവൻ കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം ഷെയ്ഫർ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈം​ഗികാതിപ്രസരത്തോടെ സംപ്രേഷണം ചെയ്യുന്നത് തടയുമെന്ന് ഒളിമ്പിക് ബ്രോഡ്കാസ്റ്റിം​ഗ് സർവീസും അറിയിച്ചിരുന്നു. വനിതാ താരങ്ങളുടെ ശരീരഭാ​ഗങ്ങൾ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ടായിരിക്കും. കായികതാരങ്ങളുടെ പ്രകടനത്തിനാണ് മുൻ​ഗണനയെന്നും, എല്ലാവരും തന്നെ ബഹുമാനം അർഹിക്കുന്നവരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ചരിത്രത്തിലെ ഏറ്റവും ലിം​ഗ സന്തുലിതത്വമുള്ള ഒളിമ്പിക്സായിരിക്കും ടോക്കിയോയിലേതെന്ന് നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും പറഞ്ഞിരുന്നു. ഈ സമ്മർ ഒളിമ്പിക്സ് മുന്നോട്ടുവെക്കുന്ന അജണ്ട സ്പോർട്സ് അപ്പീൽ ആണെന്നും, സെക്സ് അപ്പീൽ അല്ലെന്നും സമിതി പറഞ്ഞു.

നൂറോളം യു.എസ് ജിംനാസ്റ്റിക് താരങ്ങളെ ലൈം​ഗികമായി ചൂഷണം ചെയ്ത ടീം ഡോക്ടർ ലാറി നാസെറിന് തടവു ശിക്ഷ വിധിച്ചതിന് ശേഷം നടക്കുന്ന ആദ്യ വേനൽകാല ഒളിമ്പിക്സാണ് ടോക്കിയോയിലേത്. മുതിർന്ന യു.എസ് ജിംനാസ്റ്റിക് താരങ്ങളെയടക്കം ലൈം​ഗികമായി പീഡിപ്പിച്ചതിന് 176 വർഷത്തെ തടവു ശിക്ഷയാണ് ലാറി നാസെറിന് ലഭിച്ചത്.

TAGS :

Next Story