Quantcast

ആറു വർഷത്തെ ഇടവേളക്ക് ശേഷം റൂട്ട്: ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം

ഇന്ത്യക്കെതിരായ പരമ്പരയിൽ റൺവേട്ടക്കാരിൽ മുൻപന്തിയിലാണ് റൂട്ട്. 507 റൺസാണ് റൂട്ടിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലോകേഷ് രാഹുലിന്റെ അക്കൗണ്ടിലുള്ളത് 252 റൺസും

MediaOne Logo

Web Desk

  • Updated:

    2021-09-01 10:21:12.0

Published:

1 Sep 2021 10:20 AM GMT

ആറു വർഷത്തെ ഇടവേളക്ക് ശേഷം റൂട്ട്: ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം
X

തകർപ്പൻ ഫോമിൽ തുടരുന്ന ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിന് മറ്റൊരു നേട്ടം. പുതുതായി പുറത്തിറക്കിയ ടെസ്റ്റ് റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനത്തേക്കാണ് റൂട്ട് എത്തിയത്. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് റൂട്ട് ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്.

ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണെ പിന്നിലാക്കിയായിരുന്നു റൂട്ടിന്റെ സ്ഥാനക്കയറ്റം. ഈ വർഷം ആദ്യം തുടർച്ചയായ മൂന്ന് സെഞ്ച്വറികളാണ് റൂട്ട് നേടിയത്. ഇപ്പോൾ ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലും റൂട്ട് മാരക ഫോമിലാണ്. തുടർച്ചയായ മൂന്ന് സെഞ്ച്വറികളാണ് റൂട്ട് ഇന്ത്യക്കെതിരെയും സ്വന്തമാക്കിയത്.

ഇന്ത്യക്കെതിരായ പരമ്പരയിൽ റൺവേട്ടക്കാരിൽ മുൻപന്തിയിലാണ് റൂട്ട്. 507 റൺസാണ് റൂട്ടിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലോകേഷ് രാഹുലിന്റെ അക്കൗണ്ടിലുള്ളത് 252 റൺസും. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയാണ് റാങ്കിങിൽ നേട്ടമുണ്ടാക്കിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ. അഞ്ചാം സ്ഥാനത്തേക്കാണ് രോഹിത് എത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്നിലാക്കിയാണ് രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികവാണ് രോഹിതിന്റെ സ്ഥാനം മെച്ചപ്പെടുത്തിക്കൊടുത്തത്. ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാര, റിഷബ് പന്ത്, അജിങ്ക്യ രഹാനെ എന്നിവർക്കെല്ലാം റാങ്കിങിൽ തിരിച്ചടി നേരിട്ടു. ഒന്നാം സ്ഥാനത്തുള്ള ജോ റൂട്ടിന് 916 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണ് 901 പോയിന്റാണ്. ആസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയിൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

TAGS :

Next Story