ഒമാനിൽ ഡ്രൈവർ തസ്തികളിൽ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന
ഡ്രൈവർ തസ്തികയിൽ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല

ഒമാനിൽ ഡ്രൈവർ തസ്തികളിൽ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കുകയാണ് ചെയ്തത്. ജൂൺ ഒന്നു മുതൽ പുതിയ നിബന്ധന പ്രാബല്ല്യത്തിൽ വരും.
ഒമാൻ തൊഴിൽ മന്ത്രാലയവുമായി ചേർന്നാണ് ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. ലൈറ്റ്, ഹെവി തുടങ്ങി വിസയിൽ ഉള്ള പ്രൊഫഷന് അനുയോജ്യമായ ലൈസൻസ് ആണ് ഉണ്ടായിരിക്കേണ്ടത്. ഇതുവരെ ഡ്രൈവർ വിസ പുതുക്കാൻ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നില്ല. ഡ്രൈവർ തസ്തികയിൽ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല.
ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകാന്‍ വാഹനങ്ങളിൽ സ്വദേശി ഡ്രൈവർമാർ മാത്രമാണ് അനുവാദമുള്ളത്. സ്വദേശികൾ മുഴുവൻ സമയ ചുമതലയിലുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ വിദേശി ഡ്രൈവർമാരെ ജോലിക്ക് വെക്കാൻ അനുമതിയുണ്ട്.
Adjust Story Font
16

