ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി വാഹനമില്ല, കൈവശമുള്ളത് ആയിരം രൂപ
ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകൻ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയും.

കോട്ടയം: പുതുപ്പള്ളിയിൽ ജനവിധി തേടുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആസ്തി 2,99,000 രൂപ. മാല, മോതിരം, ബാങ്കിലുള്ള പണം എന്നിവയുൾപ്പെടെയാണിത്. പാമ്പാടി ബി.ഡി.ഒ.യ്ക്ക് സമർപ്പിച്ച നാമനിർദേശപത്രികയിലാണ് സ്വത്തുവിവരം രേഖപ്പെടുത്തിയിരിക്കുന്നത്.
ഭാര്യ മറിയാമ്മയ്ക്ക് തിരുവനന്തപുരത്ത് വീട് ഉൾപ്പെടെ 40 ലക്ഷംരൂപയുടെ ആസ്തിയുണ്ട്. സ്വർണമായും പണമായും 53 ലക്ഷം രൂപയുടെ സ്വത്തുണ്ട്. മാരുതി സ്വിഫ്ട് കാറും ഇവരുടെ പേരിലുണ്ട്. മറിയാമ്മയ്ക്ക് കനറാ ബാങ്ക് തിരുവനന്തപുരം ശാഖയിൽ 25 ലക്ഷം രൂപയുടെ ലോണുണ്ട്.
മകൻ ചാണ്ടി ഉമ്മന് ബാങ്കിൽ 17 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. കനറാ ബാങ്കിൽ 6,22,000 രൂപയുടെ ലോൺ ഉണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് പിതൃസ്വത്തവകാശമായി കിട്ടിയ 3.41 കോടി രൂപയുടെ ഭൂമിയും സ്വന്തമായുണ്ട്.
ഉമ്മൻചാണ്ടിയുടെ കൈവശം ആകെയുള്ളത് 1000 രൂപയാണ്. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകൻ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയും.
ഉമ്മൻചാണ്ടിക്കെതിരെ തിരുവനന്തപുരത്ത് രണ്ടും ആലുവയിലും റാന്നിയിലും ഓരോ കേസുകളുമുണ്ട്. മൂന്ന് സെറ്റ് പത്രികയാണ് ഉമ്മൻചാണ്ടി സമർപ്പിച്ചത്.
Adjust Story Font
16

