Quantcast

റഹ്മാൻ സംഗീതമില്ലാത്ത ബോളിവുഡ്; മ്യൂസിക് കിങ് മാറ്റിനിര്‍ത്തപ്പെടുന്നതിന് പിന്നിൽ!

സ്ഥിരം പാറ്റേണിലും കോപ്പിയടി ആരോപണങ്ങളിലും പെട്ട് ആടിയുലയുകയായിരുന്ന ബോളിവുഡ് സംഗീതത്തിലേക്ക് പുതുമയുള്ള ട്രാക്കുകളുമായെത്തിയ റഹ്മാനെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-01-22 15:09:13.0

Published:

22 Jan 2026 7:35 PM IST

റഹ്മാൻ സംഗീതമില്ലാത്ത ബോളിവുഡ്; മ്യൂസിക് കിങ് മാറ്റിനിര്‍ത്തപ്പെടുന്നതിന് പിന്നിൽ!
X

വര്‍ഷം 1991...പ്രശസ്ത സംവിധായകൻ മണിരത്നം തന്‍റെ പുതിയ ചിത്രത്തിനായി ഈണമൊരുക്കാൻ പുതിയൊരു സംഗീത സംവിധായകനെ തേടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.. മണിരത്നത്തിന്‍റെ അന്നുവരെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പാട്ടുകളൊരുക്കിയത് ഇളയരാജയായിരുന്നു. മണിയുടെ എക്കാലത്തെയും ക്ലാസികുകളിലൊന്നായി വാഴ്ത്തപ്പെടുന്ന 'ദളപതി'യുടെ ചിത്രീകരണത്തിനിടെ ഇളയരാജ ചില പരിഹാസ പരാമര്‍ശങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും മണിരത്നവും ഇളയരാജയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന് അതോടെ തിരശ്ശീല വീഴുകയുമായിരുന്നു.

അങ്ങനെയിരിക്കെയാണ് പരസ്യ മേഖലയുമായി ബന്ധപ്പെട്ട അവാർഡ് ദാന ചടങ്ങിൽ വച്ചാണ് മികച്ച പരസ്യ ജിംഗിളിനുള്ള പുരസ്കാരത്തിന് അര്‍ഹനായ യുവാവിനെ മണിരത്നം യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ കോഫി ബ്രാൻഡായ ലിയോ കോഫിക്ക് വേണ്ടി യുവാവ് ചെയ്ത ജിംഗിൾ തരംഗമായിരുന്നു. ട്രിഷ് പ്രൊഡക്ഷൻസിലെ അദ്ദേഹത്തിന്‍റെ കസിൻ ശാരദ ത്രിലോക്, മണിരത്നത്തെ യുവ സംഗീതസംവിധായകനെ പരിചയപ്പെടുത്തി. അദ്ദേഹം ചെയ്ത കൃതികളുടെ സാമ്പിൾ ആവശ്യപ്പെട്ട മണിരത്നത്തെ തന്‍റെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് ആ 24 കാരൻ പ്ലേ ചെയ്ത ട്യൂൺ മണിരത്നത്തിന് ഇഷ്ടപ്പെട്ടു, തന്‍റെ പുതിയ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കാൻ അവിടെ വച്ച് തന്നെ കരാറൊപ്പിടുകയുമായിരുന്നു.

പ്രശസ്ത തമിഴ് സംവിധായകൻ കെ.ബാലചന്ദറിന്‍റെ കവിതാലയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ 1992ൽ പുറത്തിറങ്ങിയ റോജക്ക് വേണ്ടി ഈണമിടുമ്പോൾ എ.ആര്‍ റഹ്മാന് വെറും 25 വയസായിരുന്നു. അതൊരു ചരിത്രമായിരുന്നു...എം.എസ് വിശ്വനാഥനും ഇളയരാജയും ദേവയുമൊക്കെ കൊടികുത്തി വാണിരുന്ന തമിഴ് സിനിമ സംഗീതലോകത്ത് ഒരു ഒരു 25കാരൻ കുറിച്ച ചരിത്രം. റോജയിലെ ഗാനങ്ങൾ സിനിമക്കൊപ്പം ഹിറ്റായി. ടൈം മാഗസിന്‍റെ 10 മികച്ച സൗണ്ട് ട്രാക്കുകളുടെ പട്ടികയിൽ ഇടംപിടിച്ചു. കാലങ്ങൾ കഴിഞ്ഞിട്ടും റോജ എന്ന ചിത്രം ഇന്നും ഓര്‍മിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ റഹ്മാൻ ഈണമിട്ട ഗാനങ്ങൾക്ക് തീര്‍ച്ചയായും പങ്കുണ്ട്.

എ.ആര്‍ റഹ്മാൻ എന്ന ബ്രാൻഡ്

1992 മുതൽ 2015 വരെയുള്ള കാലയളവിൽ എ.ആര്‍ റഹ്മാൻ എന്ന ബ്രാൻഡ് ഇന്ത്യൻ സിനിമാ സംഗീതത്തിൽ എത്രത്തോളം അവിഭാജ്യഘടകമായിരുന്നുവെന്നതിന് അക്കാലങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളും പാട്ടുകളും തെളിവാണ്. സ്ഥിരം പാറ്റേണിലും കോപ്പിയടി ആരോപണങ്ങളിലും പെട്ട് ആടിയുലയുകയായിരുന്ന ബോളിവുഡ് സംഗീതത്തിലേക്ക് പുതുമയുള്ള ട്രാക്കുകളുമായെത്തിയ റഹ്മാനെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ബോംബെ, ദിൽസേ, താൽ,ഗുരു, ലഗാൻ, ജോധാ അക്ബര്‍...ബോളിവുഡിന്‍റെ സംഗീത പശ്ചാത്തലം തന്നെ റഹ്മാൻ മാറ്റിമറിക്കുകയായിരുന്നു. അന്നുവരെ ദക്ഷിണേന്ത്യക്കാരെ അംഗീകരിക്കാൻ മടിച്ചിരുന്നവര്‍ റഹ്മാൻ എന്ന മദിരാശിക്കാരന്‍ ഈണമിട്ട പാട്ടുകൾ കേട്ട് കയ്യടിച്ചു. റഹ്മാന്‍റെ ഓരോ പാട്ടുകളും ആഘോഷങ്ങളായിരുന്നു. ഓരോ കാലഘട്ടത്തിൽ പുറത്തിറങ്ങിയ റഹ്മാൻ പാട്ടുകൾ അന്നത്തെ ഓര്‍മകളെയും കൂടെക്കൂട്ടി.

ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാർഷികം ആഘോഷിക്കുന്ന 1997ൽ റഹ്മാൻ പുറത്തിറക്കിയ 'വന്ദേമാതരം' എന്ന ആൽബം അദ്ദേഹത്തിന്‍റെ റെക്കോഡിങ് സ്റ്റുഡിയോയിൽ നിന്ന് പുതു തലമുറയുടെ ഹൃദയങ്ങളിലേക്കും മനസുകളിലേക്കും ഒഴുകിയെത്തി, ഇന്ത്യയെ ആഘോഷിക്കുന്ന ഗാനമായി ഇന്നും ജനമനസുകളിൽ അലയടിച്ചുകൊണ്ടിരിക്കുന്നു.''ഇന്ത്യയുടെ ഏകത്വത്തിന്‍റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുക, ദേശീയ ഗാനമായ വന്ദേമാതരം എല്ലാവരെയും അഭിമാനത്തോടെ പാടാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ആൽബത്തിന് പിന്നിലെന്ന് റഹ്മാൻ അന്ന് പറഞ്ഞു.

33 വര്‍ഷം നീണ്ട സിനിമാജീവിതത്തിൽ റഹ്മാൻ എത്തിപ്പിടിക്കാത്ത നേട്ടങ്ങളില്ല. 2009ൽ ഡാനി ബോയൽ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്യണയര്‍ ചിത്രത്തിലൂടെ ഓസ്കര്‍ പുരസ്കാരം നേടി. പാട്ടിനും പശ്ചാത്തല ഈണത്തിനുമായിരുന്നു റഹ്മാൻ അക്കാദമി പുരസ്കാരം നേടിയത്. ഒരുമിച്ച് രണ്ട് അക്കാദമി പുരസ്കാരങ്ങൾ നേടുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതിയും റഹ്മാന്‍റെ പേരിലാണ്. ഗ്രാമി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, ബാഫ്റ്റ അവാർഡുകൾ, ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡുകൾ, ഏഷ്യൻ ഫിലിം അവാർഡുകൾ...പത്മഭൂഷൺ, 7 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, 18 ഫിലിംഫെയർ അവാർഡുകൾ, 16 ഐഐഎഫ്എ അവാർഡുകൾ...റഹ്മാന്‍റെ ഈണങ്ങൾക്ക് ലഭിക്കുന്ന ആദരങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു

റഹ്മാൻ സംഗീതമില്ലാത്ത ബോളിവുഡ്

2015ന് ശേഷം റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങൾക്ക് ബോളിവുഡിൽ അത്ര സ്വീകാര്യത ലഭിച്ചില്ല. 2013ൽ പുറത്തിറങ്ങിയ 'രാഞ്ജന'എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന റഹ്മാൻ മാജികിന് ബി ടൗണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 2016ൽ റിലീസ് ചെയ്ത 'മോഹൻജൊദാരോ' എന്ന ആൽബവും ശ്രദ്ധിക്കപ്പെടാതെ പോയതോടെ റഹ്മാന്‍റെ കാലം കഴിഞ്ഞുവെന്ന് വിമര്‍ശകര്‍ വിധിയെഴുതി.

അതിനിടയിൽ ഒകെ കൺമണിയുടെ ഹിന്ദി റീമേക്കായ ഓക്കെ ജാനു ബോക്സോഫീസിൽ തകര്‍ന്നടിഞ്ഞെങ്കിലും ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണമിട്ട ഗാനങ്ങൾ മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു. 2022ൽ റിലീസ് ചെയ്ത ഹീറോപന്തി 2വിനും റഹ്മാന്‍റെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനായില്ല.

'എട്ട് വര്‍ഷമായി ബോളിവുഡിൽ അവസരങ്ങളില്ല'

ബോളിവുഡ് സിനിമയിലെ റഹ്മാൻ ഈണങ്ങളുടെ അഭാവം ഒരുപക്ഷേ സംഗീതാസ്വാദകര്‍ ശ്രദ്ധിക്കുന്നത് ഒരുപക്ഷേ അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിലൂടെയായിരിക്കും. കാരണം ഒരു കാലത്ത് റഹ്മാൻ ചെയ്തുവച്ച ഗാനങ്ങൾ മാത്രം കാലങ്ങൾക്കപ്പുറത്തേക്കുള്ളതായിരുന്നു. അഭിമുഖത്തിൽ ‘ഛാവ’ എന്ന ബോളിവുഡ് സിനിമയ്ക്കെതിരെ എ.ആർ റഹ്മാൻ സംസാരിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ‘ഛാവ’ സിനിമ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് റഹ്മാൻ തുറന്നു പറയുകയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ സംഗീതത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്നും എ.ആർ റഹ്മാൻ ഇന്‍റര്‍വ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. ഇതോടെ എ.ആർ റഹ്മാനെതിരെ വ്യാപക സൈബർ ആക്രമണങ്ങളും തുടങ്ങി.

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പിന്നീട് എ.ആർ റഹ്മാൻ വിശദീകരണവും നൽകിയിരുന്നു. ‘സംഗീതം എന്നത് നമ്മുടെ സംസ്കാരത്തെ ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്‌. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോൾ ചില കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു’ എന്നായിരുന്നു റഹ്മാന്‍റെ വാക്കുകൾ.

തെന്നിന്ത്യയുടെ ഇസൈ പുയൽ

ബോളിവുഡിൽ ഇടവേള വന്നെങ്കിലും തെന്നിന്ത്യൻ സിനിമയിൽ റഹ്മാന്‍റെ ഗ്രാഫ് ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തഗ് ലൈഫിലെ ഗാനങ്ങൾ തന്നെ ഇതിനുദാഹരണമാണ്. 37 വര്‍ഷത്തിന് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെ എത്തിയ ചിത്രം ബോക്സോഫീസിൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും ചിത്രത്തിന് വേണ്ടി റഹ്മാൻ ചെയ്ത പാട്ടുകൾ സൂപ്പര്‍ഹിറ്റുകളായി. മുത്ത മഴൈ, വിൺവെളി നായകാ.., അഞ്ചുവണ്ണ പൂവൈ തുടങ്ങിയ പാട്ടുകൾ ഇപ്പോഴും തെന്നിന്ത്യയുടെ പ്ലേലിസ്റ്റുകൾ ഭരിച്ചുകൊണ്ടിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ ഒന്ന്, രണ്ട് ഭാഗങ്ങളിലെ പാട്ടുകൾ മാസ്റ്റര്‍ ക്ലാസുകളായിരുന്നു.

2024ൽ മലയാളത്തിൽ പുറത്തിറങ്ങിയ ആടുജീവിതത്തിന് വേണ്ടി ചെയ്ത ഗാനങ്ങളിലും മാറ്റ് കുറയാത്ത റഹ്മാൻ മാന്ത്രികത തെളിഞ്ഞുനിന്നു. വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഹോളിവുഡ് ഇൻ മീഡിയ പുരസ്കാരം ആടുജീവിതത്തിലൂടെ റഹ്മാന് ലഭിച്ചു.

ഭിന്നിപ്പിക്കുന്ന സിനിമകളിൽ നിന്ന് വിട്ടുനിൽക്കാൻ താൻ ശ്രമിച്ചിരുന്നു എന്നാണ് ബിബിസി അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്. റഹ്മാനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുമ്പോൾ അദ്ദേഹത്തിന്‍റെ സംഗീതത്തിന്‍റെ നിരവധി ആരാധകരും ശ്രോതാക്കളും അദ്ദേഹത്തിനുവേണ്ടി രംഗത്തുവരുന്നുണ്ട്. ഇതിൽ ഗായകരും സംഗീത സംവിധായകരും സിനിമാരംഗത്തെ പ്രമുഖരുമുണ്ട്.

TAGS :

Next Story