Quantcast

എണ്ണ, വ്യാപാരം, പ്രവാസികൾ; ഗൾഫ് ബന്ധത്തിൽ ഇന്ത്യ റിസ്‌കെടുക്കാത്തതിന്റെ കാരണങ്ങൾ

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 89 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്

MediaOne Logo
എണ്ണ, വ്യാപാരം, പ്രവാസികൾ; ഗൾഫ് ബന്ധത്തിൽ ഇന്ത്യ റിസ്‌കെടുക്കാത്തതിന്റെ കാരണങ്ങൾ
X

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപൂർ ശർമ്മ നടത്തിയ അപകീർത്തി പരാമർശത്തിൽ ഇന്ത്യൻ ഭരണകൂടത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഗൾഫിലേത് അടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങൾ. പ്രതിഷേധം ശക്തമായതോടെ, അഭൂതപൂർവ്വമായ വേഗത്തിൽ ആ പ്രസ്താവന നടത്തിയ നുപൂർ ശർമ്മയ്ക്കും അതിനെ പിന്തുണച്ച പാർട്ടി നേതാവ് നവീൻ ജിൻഡാലിനെതിരെ നടപടിയെടുത്തു ബിജെപി. എന്നിട്ടും ഗൾഫ് രാഷ്ട്രങ്ങൾ തണുത്തില്ല. ചില ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും ചിലർ മാപ്പു പറയണമെന്നു വരെ ആവശ്യപ്പെടുകയും ചെയ്തു.

ന്യൂനപക്ഷ വിദ്വേഷം വാർത്തയേ അല്ലാതായി മാറിയ ഇക്കാലത്ത് വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടി രാഷ്ട്രീയവിദ്യാർത്ഥികളെ അമ്പരപ്പിക്കുന്നതായിരുന്നു. എന്നാൽ അതിനു പിന്നിലെ ഫാക്ടസും ഫിഗേഴ്‌സും നോക്കുമ്പോൾ ഈ അതിവേഗ നടപടിയിൽ തെല്ലും അത്ഭുതം വേണ്ട.

നൂറ്റാണ്ടുകളായി ഗൾഫ് രാഷ്ട്രങ്ങളുമായി തുടരുന്ന ഉഭയകക്ഷി വ്യാപാര ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെയാണ് കേന്ദ്രസർക്കാർ സട കുടഞ്ഞുണർന്നത്. ചരിത്ര-സാംസ്‌കാരിക വിനിമയത്തിൽ അധിഷ്ഠിതമായ വ്യാപാര-വാണിജ്യ ബന്ധത്തിൽ ഒരു വിള്ളലുണ്ടാകുന്നത് ഒരു തരത്തിലും സർക്കാർ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽനിന്ന് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അവർ ഇന്ത്യയിലേക്കയക്കുന്ന പണം, ഗൾഫിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണ, ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന ചരക്കുകൾ... ഇങ്ങനെ പോകുന്നു അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനൊപ്പം


തൊഴിലെടുക്കുന്നത് എത്ര പേർ?

ഗൾഫിൽ മാത്രം 89 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ബിസിനസ് ഹബ്ബായ യുഎഇയിൽ 34.25 ലക്ഷം ഇന്ത്യക്കാരുണ്ട്. ആ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 34.6 ശതമാനം. സൗദി അറേബ്യയിൽ തൊഴിലെടുക്കുന്നത് 25.94 ലക്ഷം ഇന്ത്യക്കാർ. സൗദിയിലെ ആകെ ജനസംഖ്യയുടെ 7.5 ശതമാനം. കുവൈത്തിൽ 10.29 ലക്ഷം ഇന്ത്യക്കാരും. ഒമാനിൽ 7.46 ലക്ഷം ഇന്ത്യക്കാരും.

വിവാദ പ്രസ്താവനയ്‌ക്കെതിരെ തുടക്കം മുതലേ പ്രതിഷേധം കടുപ്പിച്ച ഖത്തറിൽ 7.46 ലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്. ആകെ ജനസംഖ്യയുടെ 25.9 ശതമാനവും ഇന്ത്യക്കാർ. ബഹ്‌റൈനിലുള്ളത് 3.26 ഇന്ത്യക്കാരാണ്. ജനസംഖ്യയുടെ 19.2 ശതമാനം.




ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ മുതൽ റീട്ടെയിൽ, റെസ്റ്ററൻഡ് ശൃംഖലകൾ നടത്തുന്ന വൻകിട ബിസിനസുകാർ വരെ ഗൾഫിലെ ഇന്ത്യക്കാരിലുണ്ട്.

വ്യാപാര പങ്കാളിത്തം

വ്യാപാര ബന്ധത്തെ കുറിച്ച് പറയുമ്പോൾ, ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. 2019-20 സാമ്പത്തിക വർഷത്തിൽ 28,853 ദശലക്ഷം യുഎസ് ഡോളറിന്റെ ചരക്കാണ് ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചത്. 6236 മില്യൺ ഡോളറാണ് സൗദിയിലേക്കുള്ള കയറ്റുമതി. ഒമാനിലേക്ക് 2261 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. കുവൈത്തിലേക്ക് 1286 മില്യൺ യുഎസ് ഡോളറിന്റെയും ഖത്തറിലേക്ക് 1268 മില്യൺ ഡോളറിന്റെയും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു.

2021-22 സാമ്പത്തിക വർഷത്തിൽ 72.9 ബില്യൺ യുഎസ് ഡോളറാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം. ഈയിടെ ഒപ്പുവച്ച സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം 2026 ഓടെ വ്യാപാരമൂല്യം 100 ബില്യൺ ഡോളറാക്കാനാണ് ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിട്ടുള്ളത്.

ഗൾഫ് രാഷ്ട്രങ്ങളിലെ ഭക്ഷ്യാവശ്യങ്ങൾക്കുള്ള 85 ശതമാനം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽനിന്നാണ്. അത് വേറെ ലോകരാഷ്ട്രങ്ങളിൽ നിന്ന് കിട്ടാത്തതു കൊണ്ടല്ല, ചരിത്രപരമായി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നതു കൊണ്ടാണ്. ഗൾഫിന് വേണ്ട അരി, ബീഫ്, സുഗന്ധവിളകൾ, മത്സ്യം, പഴം പച്ചക്കറികൾ, പഞ്ചസാര തുടങ്ങിയ പ്രധാന കയറ്റുമതിയെല്ലാം ഇന്ത്യയിൽനിന്നാണ്.




ഒഴുകുന്ന പ്രവാസിപ്പണം

ഇതിനെല്ലാം പുറമേ, ഇന്ത്യയിലേക്ക് വരുന്ന വിദേശപണത്തിന്റെ പകുതിയും വരുന്നത് അഞ്ച് ഗൾഫ് രാഷ്ട്രങ്ങളിൽനിന്നാണ്. അതിൽത്തന്നെ വലിയൊരു ഭാഗം കേരളത്തിലേക്കും. ലോകബാങ്കിന്റെ കണക്കുപ്രകാരം 83 ബില്യൺ യുഎസ് ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലെത്തിയത്.

2018ലെ റിസർവ് ബാങ്ക് കണക്കു പ്രകാരം ഇന്ത്യയിലെത്തിയ പ്രവാസിപ്പണത്തിൽ 19 ശതമാനവും എത്തിയത് മൂന്നു കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ്. പന്ത്രണ്ടരക്കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയിലേക്ക് എത്തിയത് 16.7 ശതമാനവും. ഇന്ത്യയിലേക്കുള്ള റെമിറ്റൻസ് കൂടുതലെത്തുന്നത് യുഎഇയിൽനിന്നാണ് 27 ശതമാനം. സൗദിയിൽ നിന്ന് 11.6 ശതമാനവും ഖത്തറിൽനിന്ന് 6.5 ശതമാനവും.

എണ്ണയില്‍ തൊട്ടു കളി വേണ്ട

കയറ്റുമതി മാത്രമല്ല, രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഗൾഫിൽനിന്നാണ്. ഇതിൽ 19 ശതമാനവും ഇറക്കുമതി ചെയ്യുന്നത് സൗദിയിൽനിന്ന്. യുഎഇയിൽ നിന്ന് ഒമ്പതു ശതമാനവും കുവൈത്തിൽനിന്ന് അഞ്ചു ശതമാനവും. ഒരു ദിവസം അമ്പത് ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത് എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ വച്ച കണക്ക്. റിലയൻസ്, അദാനി തുടങ്ങിയ വൻകിട ഗ്രൂപ്പുകൾക്ക് ഗൾഫ് രാഷ്ട്രങ്ങളുമായി സഹസ്രം കോടികളുടെ ഇടപാട് ഉണ്ട് എന്നും ഓർക്കണം.



രാജ്യത്തെ പണപ്പെരുപ്പം വർധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ എണ്ണയിൽ തൊട്ടുള്ള ഒരു കളിക്കും കേന്ദ്രസർക്കാർ സന്നദ്ധമാകില്ല എന്നു തീർത്തു പറയാം. ശതകോടികളുടെ വ്യാപാരബന്ധം ഏതെങ്കിലും ഡിറോഗേറ്ററി റിമാർക്ക് കൊണ്ട് ഇല്ലാതാക്കാനും ഭരണകൂടം ആഗ്രഹിക്കുന്നില്ല. ബന്ധം മോശമാകുന്നുവെങ്കിൽ നഷ്ടം ഇരുകൂട്ടർക്കുമാണ്. എന്നാൽ അതേറെ ബാധിക്കുക ഇന്ത്യയെയും.

പായ വഞ്ചിയിൽക്കയറി ഭാഗ്യം തേടി പോയവരുടെ രണ്ടാം തലമുറ ഒരു നേരത്തെ അന്നത്തിനായി ഇപ്പോഴും ഗൾഫിലെ കൊടുംചൂടിൽ എല്ലുമുറിയെ പണിയെടുക്കുന്നുണ്ട്. അവരുടെ വിയർപ്പിൽ കൂടി ഉയിർത്തുവന്നതാണ് നമ്മളിന്ന് നാട്ടിൽക്കാണുന്ന എടുപ്പും പത്രാസും. അതിനെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം കൊടുത്തു കൊല്ലാതിരിക്കൂ എന്നതു മാത്രമാണ് അഭ്യർത്ഥന.

TAGS :

Next Story