Quantcast

ഊണ്‍ റെഡി

"റഷീദ്ക്ക കുട്ടികളെ ഊട്ടാനുള്ള ഒരു പ്രൊജക്റ്റുമായാണ് വന്നത്. ഞങ്ങളതിന് സുകൃതം എന്നു പേരിട്ടു. അതോടെ കോളജുള്ള ദിവസങ്ങളിലെല്ലാം കുട്ടികള്‍ക്ക് ഊണ്‍ റെഡി."

MediaOne Logo
ഊണ്‍ റെഡി
X

തോട്ടത്തില്‍ റഷീദ്ക്കയുടെ മരണാനന്തരം ഒട്ടേറെ അനുസ്മരണക്കുറിപ്പുകളെഴുതപ്പെട്ടു. അതിലൊന്ന് ഷീബാ ദിവാകരനെഴുതിയതായിരുന്നു.

തോട്ടത്തില്‍ ടെക്സ്റ്റയില്‍സിന്റെ ഉടമ റഷീദ്ക്ക അന്തരിച്ചു .. കൊറോണയെത്തുടര്‍ന്നുണ്ടായ പലവിധ അസുഖങ്ങളെത്തുടര്‍ന്ന് രണ്ടു മാസത്തോളമായി, ചികിത്സയിലായിരുന്നു.

നഗരഹൃദയത്തിലെ ഈ കച്ചവട സ്ഥാപനത്തിന്റെ ഉടമ എന്റെ മാത്രമല്ല, ആര്‍ട്‌സ് കോളേജിലെ ഒരുപാട് വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായി ഞാന്‍ നിയമിതയായ ശേഷം, ദാരിദ്ര്യവും മറ്റു പ്രയാസങ്ങളും അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി അനേകം പദ്ധതികളാവിഷ്‌കരിച്ച് അതെല്ലാം സാക്ഷാത്കരിക്കാനായി പ്രിയപ്പെട്ട കുട്ടികളോടൊപ്പം സമൂഹത്തിലേക്കിറങ്ങിയ ഒരു വൈകുന്നേരമാണ് തോട്ടത്തില്‍ ടെക്സ്റ്റയില്‍സില്‍ കയറാന്‍ തോന്നിയത്. തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന സുകൃതം എന്ന പദ്ധതി വിജയിപ്പിക്കാനായത് റഷീദ്ക്കയെ അന്ന് കണ്ടതുകൊണ്ടുമാത്രമാണ്. കാഴ്ചാപരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്, അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയത്, കാമ്പസില്‍ ജൈവകൃഷി നടത്താന്‍ സഹായം ചെയ്തത്, നല്ല മാര്‍ക്കുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തിയ ഇരുപതിലേറെ പെണ്‍കുട്ടികളെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പഠിപ്പിക്കാനുള്ള യജ്ഞം വിജയിപ്പിക്കാന്‍ മനോഗുണവും സമ്പത്തും സമ്മേളിച്ച അപൂര്‍വം വ്യക്തികളെ പരിചയപ്പെടുത്തിത്തന്നത്.. ഇനെ ഒരു പാടുണ്ട്, എനിക്കോര്‍മിക്കാന്‍..

ജീവിച്ചിരിക്കുന്ന കാലത്ത് ഇതൊന്നും ഉറക്കെ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഇന്നെനിക്ക് പറയാതിരിക്കാന്‍ കഴിയുന്നുമില്ല. തൊഴിലാളിയുടെ മനസ്സുള്ള മുതലാളി ഉണ്ടാവുമോ? ഉണ്ട് എന്ന് റഷീദ്ക്ക സാക്ഷ്യപ്പെടുത്തുന്നു. ജാതിമത വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ, കഷ്ടപ്പെടുന്നവരെ സഹായിച്ചിരുന്ന ആ മനുഷ്യ സ്‌നേഹിയുടെ ഓര്‍മ്മയ്ക്കുമുമ്പില്‍ നമിക്കുന്നു.

ഷീബ ദിവാകരന്‍ മീഞ്ചന്ത ആര്‍ട്‌സ് കോളജിലെ അധ്യാപികയാണ്, റഷീദ്ക്കയുടെ പ്രിയപ്പെട്ട ടീച്ചര്‍. തോട്ടത്തില്‍ ടെക്‌സ്റ്റയില്‍സിലെ ജീവനക്കാരനായ ക്ലീറ്റസുമൊത്താണ് റഷീദ്ക്ക ടീച്ചറുടെ അഭ്യര്‍ത്ഥന പ്രകാരം ആദ്യമായി മീഞ്ചന്ത ആര്‍ട്‌സ് കോളേജിലേക്ക് ചെന്നത്. കോളജിന്റെ വലത്തേയറ്റത്തായിരുന്നു മുമ്പ് കിച്ചന്‍. ടീച്ചര്‍ തോട്ടത്തില്‍ ടെകസ്റ്റയില്‍സില്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ നേരില്‍ കണ്ടു ബോധ്യപ്പെടാനായാണ് റഷീദ്ക്ക കോളജ് കാന്റീനിലേക്കു ചെന്നത്. കൂടെ ക്ലീറ്റസും. അവരന്നവിടെ നിന്നും ഉച്ചയൂണു കഴിച്ചു. ഒരുപാട് കുട്ടികള്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്, അവര്‍ക്ക് ഉച്ചയൂണുമായി കോളജിലേക്കു വരാനാവില്ല. കോളജ് കിച്ചനില്‍ നിന്ന് ഒരാള്‍ വാങ്ങുന്ന ഊണ്‍ നാലഞ്ചുകുട്ടികള്‍ ചേര്‍ന്നു കഴിച്ചു വിശപ്പടക്കുകയാണ്. ഇതിനൊരു പ്രതിവിധി തേടിയാണ് ഷീബ ടീച്ചറും കുട്ടികളുടെ ഒരു സംഘവും മിട്ടായിത്തെരുവിലെ വ്യാപര കേന്ദ്രങ്ങളിലൂടെ സഹായം തേടി നടന്നത്. അങ്ങനെയാണ് തോട്ടത്തില്‍ ടെക്‌സ്റ്റയില്‍സില്‍ ചെന്നു കയറിയത്. പിറ്റേ ദിവസം ക്ലീറ്റസിനെയും കൂടെക്കൂട്ടി റഷീദ്ക്ക കാമ്പസിലേക്കെത്തി. കിച്ചനില്‍ നിന്നും ഉണു കഴിച്ചു. അവിടത്തെ കാര്യങ്ങള്‍ നേരിട്ടറിഞ്ഞു. റഷീദ്ക്ക അസ്വസ്ഥനായി. നമുക്കവിടെ ഉച്ചയൂണ്‍ ലഭ്യമാക്കണം, അതിനുവേണ്ട വഴിയുണ്ടാക്കണം, അപ്പോള്‍ തന്നെ ക്ലീറ്റസിനോട് റഷീദ്ക്ക പറഞ്ഞു. ടീച്ചറുമായി കൂടിയാലോചിച്ച് അവരൊരു പദ്ധതി തയ്യാറാക്കി, അതായിരുന്നു സുകൃതം പദ്ധതി.


ഷീബ ടീച്ചര്‍, റഷീദ്ക്കയിലേക്കെത്തിയ യാത്രയെപ്പറ്റി പറഞ്ഞു. കോളജിലെ എന്‍.എസ്.എസിന്റെ ചുമതല വഹിക്കാനുള്ള അവസരം വന്നപ്പോഴാണ് കുട്ടികളുടെ പ്രശ്‌നങ്ങളറിയാന്‍ തുടങ്ങിയത്. പല കുട്ടികളും ക്ലാസ് കഴിഞ്ഞു ജോലിക്കുപോകുന്നവരാണ്, വീട് പുലര്‍ത്തുന്ന കുട്ടികള്‍. ഒരുപാട് പേര്‍ ഉച്ചക്ക് ഒന്നും കഴിക്കുന്നില്ല. കുട്ടികള്‍ക്ക് ഉച്ചനേരത്തുള്ള ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു മഹത്തായ കാര്യമായിരിക്കും. വിശക്കുന്ന കുട്ടികളെയോര്‍ത്ത് ടീച്ചര്‍ക്ക് നൊന്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി ഇക്കാര്യം ആലോചിച്ചു. ആരെങ്കിലും സഹായിക്കണം. ടീച്ചര്‍ അതിനുള്ള വഴിയന്വേഷിക്കാന്‍ തുടങ്ങി. ചുറ്റുപാടു നിന്നും കിട്ടിയ പ്രതികരണം ഖേദകരമായിരുന്നു. പഠിപ്പിച്ചു വീട്ടില്‍ പോയാല്‍ പോരേ, എന്തിനാണ് വേണ്ടാത്ത കാര്യങ്ങളില്‍ തലവെക്കുന്നത് എന്നാണ് പലരുടെയും പ്രതികരണം. ആരെങ്കിലും സഹായിക്കുമോ എന്നറിയാന്‍ ഞങ്ങള്‍ സമൂഹത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കോഴിക്കോട്ടെ വ്യാപാര സ്ഥാപനങ്ങളില്‍ ചെന്നു സഹായം തേടാമെന്നു തീരുമാനിച്ചത്. ഏതാനും എന്‍.എസ്.എസ് വളണ്ടിയേഴ്‌സും ടീച്ചറും നഗരത്തിലൂടെ നടന്നു, പല ഷോപ്പുകളില്‍ കയറി. റഷീദ്ക്കയെ അറിയാവുന്ന പരിചയക്കാരനായ അധ്യാപകനാണ് തോട്ടത്തിലേക്കു പറഞ്ഞയച്ചത്. തോട്ടത്തില്‍ ടെക്‌സ്റ്റയില്‍സില്‍ റഷീദ്ക്കയുണ്ടായിരുന്നു. ടീച്ചറും കൂട്ടികളും പറഞ്ഞതുകേട്ടു റഷീദ്ക്ക പറഞ്ഞു: നോക്കട്ടെ ടീച്ചറേ..



റഷീദ്ക്ക കോളജിലേക്കു വന്നു. എന്നെ കോളജിലെത്തി വിളിക്കുകയാണ്. ചെന്നപ്പോള്‍ റഷീദ്ക്കയും ക്ലീറ്റസും കാന്റീനില്‍ ഇരിക്കുന്നു. കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ വന്നതാണദ്ദേഹം. ഞങ്ങള്‍ സംസാരിച്ചു. ദിവസേനെ സഹായം ചേദിച്ചുനടന്ന്, അതുപയോഗിച്ച് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക പ്രായോഗികമല്ല, നമുക്കൊരു പദ്ധതിയുണ്ടാക്കാം, നഗരത്തിലെ കച്ചവടക്കാരെയും താല്‍പര്യമുള്ളവരെയും കണ്ടെത്തി പദ്ധതിയുടെ സ്‌പോണ്‍സര്‍മാരാക്കാം. റഷീദ്ക്ക കുട്ടികളെ ഊട്ടാനുള്ള ഒരു പ്രൊജക്റ്റുമായാണ് വന്നത്. ഞങ്ങളിതിന് സുകൃതം എന്നു പേരിട്ടു. അതോടെ കോളജുള്ള ദിവസങ്ങളിലെല്ലാം കുട്ടികള്‍ക്ക് ഊണ്‍ റെഡി. സ്വന്തം സമ്പാദ്യം എങ്ങനെ മറ്റാര്‍ക്കും കൊടുക്കാതിരിക്കാമെന്നു നോക്കുന്ന മനുഷ്യര്‍ക്കിയില്‍ നിന്നും സ്വന്തം പണം എങ്ങനെ മറ്റുള്ളവര്‍ക്ക് കൊടുക്കാനാവുമെന്നു നോക്കി നടക്കുന്ന ഒരാളെ ഞാന്‍ കാണുകയായിരുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുകൊല്ലമാണ് സൗജന്യഭക്ഷണം നല്‍കിയത്. അതിനുള്ള വക അദ്ദേഹം കണ്ടെത്തിയത് സ്വന്തം കീശയില്‍ നിന്നായിരുന്നുവെന്നതു എല്ലാവര്‍ക്കും അറിയാം.

സുകൃതം പദ്ധതിയിലൂടെ എനിക്കൊരു സുകൃതം പോലെ റഷീദ്ക്കയുടെ സൗഹൃദം ലഭിച്ചു. എന്തു പ്രയാസവും പറയാവുന്ന ഒരാളെ കിട്ടി, എന്തു പ്രയാസം പറഞ്ഞാലും അതു കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും മുന്നിട്ടിറങ്ങുന്ന ഒരു മനുഷ്യന്‍. കോളജില്‍ അന്ധരായ കുറേ കുട്ടികളുണ്ട്. അവര്‍ക്ക് പഠനത്തിനാവശ്യമായ സഹായങ്ങളെ കുറിച്ചു ഞാന്‍ റഷീദ്ക്കയോട് പറഞ്ഞു. അന്ധവിദ്യാര്‍ത്ഥികള്‍ക്ക് റഷീദ്ക്ക സമ്മാനിച്ചത് ലാപ്‌ടോപ്പുകളാണ്. അവര്‍ക്കത് പഠനം എളുപ്പമാക്കി. ആ കുട്ടികള്‍ക്കെല്ലാം ലാപ്‌ടോപുകളും ഡ്രസ്സുകളുമായാണ് റഷീദ്ക്ക വന്നത്. എന്നിട്ടവയുടെ വിതരണം നടത്തി. ഡ്രസ്സ് ആരും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, അതു കിട്ടിയ കുട്ടികള്‍ക്കെല്ലാം അതും വലിയ സന്തോഷമായി. ഇങ്ങനെ കണ്ടറിഞ്ഞാണ് റഷീദ്ക്ക പ്രവര്‍ത്തിക്കുക. കോളേജില്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും വന്നു പഠിക്കുന്ന പെണ്‍കുട്ടികളുണ്ട്. ദിവസവും വീട്ടിലേക്കു പോകാന്‍ അവര്‍ക്കു പറ്റില്ല. അവര്‍ക്കൊരു ഹോസ്റ്റല്‍ ഒരുക്കാനായാല്‍ അതു വലിയ ഉപകാരമാകുമെന്ന കാര്യം റഷീദ്ക്കയുമായി സംസാരിച്ചു. ഇരുപതോളം പെണ്‍കുട്ടികള്‍ക്കായിരുന്നു ഹോസ്റ്റല്‍ സൗകര്യം വേണ്ടത്. ഫ്രാന്‍സിസ് റോഡിലുള്ള സി.പി കുഞ്ഞിമുഹമ്മദ് സാഹിബിന്റെ ഹോസ്റ്റലില്‍ റഷീദ്ക്ക അവര്‍ക്കുള്ള സൗകര്യം ഒരുക്കിനല്‍കി. എന്നെ ഒട്ടേറെ ആളുകളുമായി ബന്ധപ്പെടുത്താനും റഷീദ്ക്ക ശ്രമിച്ചിരുന്നു. പിന്നീടെനിക്കു മനസ്സിലായി, നമ്മളെ കൂടി അദ്ദേഹം കാര്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാക്കുകയാണ്. ഞങ്ങള്‍ക്ക് കാമ്പ് നടത്താന്‍ സ്‌കൂള്‍ വേണം, നഗരത്തിലെ ഒരു സ്‌കൂളിന്റെ ക്ലാസ് മുറികള്‍ വിട്ടുകിട്ടണം. അതിനുവേണ്ടി ഞാന്‍ റഷീദ്ക്കയെ സമീപിച്ചു. അദ്ദേഹം ഞാന്‍ തന്നെ പോയി സംസാരിക്കണമെന്ന് നിര്‍ബന്ധിച്ചു. എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യുന്ന റഷീദ്ക്ക ആ ചെറിയ കാര്യം ഞാന്‍ ചെയ്താല്‍ മതിയെന്നു പറയുകയാണ്. എനിക്കൊരു പോസിറ്റീവ് പ്രചോദനം തരികയാണ്. ടീച്ചര്‍ അവരെക്കണ്ടു സംസാരിക്കണം, ടീച്ചര്‍ സംസാരിച്ചാല്‍ അത് നടക്കും എന്നൊരു പ്രേരണ തരികയാണ്.

റഷീദ്ക്ക ഇങ്ങോട്ട് ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു കോളജ് ടെറസ്സില്‍ ജൈവകൃഷി നടത്തുകയെന്നത്. ഭാര്യ അസ്മത്തയുമായി ബന്ധപ്പെടുത്തിയാണതിന്റെ കാര്യങ്ങള്‍ ചെയ്തത്. കോളജില്‍ കുട്ടികളുടെ നേതൃത്വത്തില്‍ കൃഷി നടത്തി. നല്ല വിളവ് ലഭിച്ചിരുന്നു. പച്ചക്കറികള്‍ ഇവിടെത്തെ ആവശ്യങ്ങള്‍ക്കെടുത്തു. കോളജിലെ സ്റ്റാഫ് ഞങ്ങളുടെ പച്ചക്കറികള്‍ വാങ്ങി, അങ്ങനെ വില്‍പ്പനയും നടന്നു. ആ പണം കൊണ്ട് ഞങ്ങള്‍ വളം വാങ്ങി. അങ്ങനെയൊക്കെയാണ് കൃഷി മുന്നോട്ടുപോയത്.

സ്വയം മാതൃകയാവുകയാണ് റഷീദ്ക്ക എപ്പോഴും ചെയ്തത്. ധനസഹായമായാലും മറ്റെന്തു സേവനമായാലും സ്വയം ആദ്യം ചെയ്യും, എന്നിട്ടേ മറ്റുള്ളവരോട് ആവശ്യപ്പെടുകയുള്ളൂ. ജൈവകൃഷിപോലുള്ള കാര്യത്തില്‍ സ്വയം ഒരു മാതൃക സൃഷ്ടിക്കുകയാണ് ചെയ്തത്. ഞാന്‍ കണ്ട മനുഷ്യന്മാരില്‍ അങ്ങേയറ്റം മനുഷ്യസ്‌നേഹിയായ ഒരാളാണ് റഷീദ്ക്ക. തിരിച്ചെന്തു കിട്ടുമെന്ന ചിന്തയേയില്ല. ഇതൊരു ഗവണ്‍മെന്റ് കോളജല്ലേ, ഇവിടെത്തെ കാര്യങ്ങളില്‍ സഹായിച്ചിട്ട് ഒരാള്‍ക്ക് എന്തുകിട്ടാനാണ്. സര്‍ക്കാര്‍ സ്ഥാപനത്തെ സേവിച്ചിട്ട് ഒരു കാര്യവുമില്ലല്ലോ.. റഷീദ്ക്ക ആളുകളുടെ മനസ്സില്‍ ജീവിക്കും. അന്യനെ ഓര്‍ക്കാന്‍ ആര്‍ക്കും നേരമില്ലാത്ത കാലമാണിത്. അപ്പോഴാണ് ഒരാളിങ്ങനെ ജീവിച്ചത്. അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നില്ല.

- നമ്മുടെ വിദ്യാഭ്യാസത്തില്‍ കൃഷി ഒരു വിഷയമാവണം. അഞ്ചു മുതല്‍ പന്ത്രണ്ടുവരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കൃഷിചെയ്യുന്നു എന്നുറപ്പുവരുത്തണം. സ്‌കൂളുകളില്‍ കൃഷിയിടങ്ങള്‍ നിര്‍ബന്ധമാക്കണം. കൃഷിചെയ്യാതെ കിടക്കുന്ന ഭൂമിയേറ്റെടുത്തു കുറഞ്ഞത് ഓരോ സെന്റുവീതം ഒരുകുട്ടിക്കു കൃഷിചെയ്യാന്‍ വിട്ടുകൊടുക്കുക. അവര്‍ ഓരോവര്‍ഷവും അവരുടെ സ്ഥലത്ത് എടുക്കുന്ന വിളവിന് മാര്‍ക്കും കൊടുക്കണം. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേക്കും കുറച്ചു കുട്ടികളെങ്കിലും തീരുമാനമെടുത്തിരിക്കും, എന്റെ മേഖല കൃഷിയാണെന്ന്.-

റഷീദ്ക്ക ഫേസ്ബുക്കില്‍ കുറിച്ചിട്ടത്.

(ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്റ്റയിൽസ് ഉടമയുമായിരുന്ന തോട്ടത്തിൽ റഷീദിനെ കുറിച്ച് എഴുതപ്പെട്ട പുസ്‌കത്തിലെ ഒരധ്യായം. പുസ്തകം മാർച്ച് 25ന് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ടാഗോർ ഹാളിൽ പ്രകാശിതമാകും.)

TAGS :

Next Story