ഭൂമിയുടെ അവകാശികളാരാണ്?

വനംവകുപ്പ് എന്നാൽ മൃഗങ്ങളുടെ പേരിൽ മനുഷ്യരെ ദ്രോഹിക്കുന്ന ഒരു വകുപ്പ് ആകാതെ മനുഷ്യരെ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ട കടമ കൂടി ഉണ്ടെന്ന് ഓർക്കുക.

MediaOne Logo

ഡോ.റോബിൻ കെ മാത്യു

  • Updated:

    2022-07-18 09:20:15.0

Published:

18 July 2022 9:20 AM GMT

ഭൂമിയുടെ അവകാശികളാരാണ്?
X

ബറേലിയിലെ ഒരു ഗ്രാമപ്രദേശത്ത് മൂന്ന് നിലകളുള്ള വീടിന്‍റെ മേൽക്കൂരയിൽനിന്ന് നാലുമാലം പ്രായമുള്ള ഒരു കുഞ്ഞിനെ ഒരു കുരങ്ങൻ എറിഞ്ഞുകൊന്നു!! സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന് വനംവകുപ്പിന്‍റെ സംഘത്തെ അയച്ചിട്ടുണ്ടെന്നും ബറേലി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലളിത് വർമ പറഞ്ഞു.

എന്താണ് സാർ നിങ്ങൾ അന്വേഷിക്കാൻ പോകുന്നത്?

കുരങ്ങിന് വല്ലതും പറ്റിയോ എന്നാണോ?

ഒരു സുഹൃത്ത് ബംഗളൂരിൽ ഒരു ഫ്‌ളാറ്റ്‌ വാങ്ങി. ഒരു വർഷത്തിനുള്ളിൽ വലിയ നഷ്ടത്തിന് അത് വിറ്റ് സ്ഥലം കാലിയാക്കി. പ്രശ്നം കുരങ്ങ് ശല്യം. കതക് തുറന്നിട്ടാൽ കുരങ്ങ് കൂട്ടമായി വന്നു അകത്തു കയറും. അതിനു സാധിച്ചില്ലെങ്കിൽ ജനലിൽ തൂങ്ങി നിന്ന് അകത്തേക്ക് വിസർജ്ജനം നടത്തും. കുട്ടികളെയും മറ്റുവരെയും ഉപദ്രവിക്കും. പച്ചക്കറികളും പഴങ്ങളും കട്ടുകൊണ്ടുപോകും.

ഏലകൃഷി ഉള്ള ഒരു സുഹൃത്ത് പറഞ്ഞതാണ്. ഏലം നട്ടുകഴിഞ്ഞാൽ കുരങ്ങു വന്നത് ഒരു കൈകൊണ്ട് പിടിക്കും, എന്നിട്ട് മനുഷ്യരെ നോക്കിയിരിക്കും. എറിയാൻ കല്ലെടുത്താൽ ഏലം പിഴുത് കളഞ്ഞു നമ്മളെ നോക്കി ഇളിച്ചു കാണിക്കും. ഇതുപോലെ തന്നെയാണ് കുരങ്ങുകള്‍ കൂട്ടത്തോടെ വന്ന് തെങ്ങു മുഴുവൻ നശിപ്പിക്കും. ആയിരക്കണക്കിന് കരിക്കുകൾ ഒരു ദിവസം അത് നശിപ്പിക്കും. എന്‍റെ വീടിന് പുറകിൽ കുറച്ചു മാവ് ഉണ്ട്. എന്നാൽ ഒരു മാങ്ങ പോലും, പഴം ആയിട്ട് പറിച്ചു തിന്നാൻ സാധിക്കാറില്ല. കുരങ്ങുകൾ കൂട്ടമായി വന്ന് മാങ്ങ പറിച്ച് കടിച്ചിട്ടു പോകും. ഇതുപോലെ തന്നെ മനുഷ്യന് ശല്യം സൃഷ്ടിക്കുന്ന ജീവികളാണ് മയിലുകൾ. ചെടികളും പുഷ്പങ്ങളും വിളകളും അത് കൊത്തി പറിച്ചിടും. ഓടുമേഞ്ഞ പുരയുടെ മേൽക്കൂര പോലും ഇത് നശിപ്പിക്കും.


ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ എന്ന് ഒരു ചൊല്ലു തന്നെയുണ്ട്. ഒരാവശ്യവും ഇല്ലെങ്കിലും ആന പുറത്തേക്കിറങ്ങി വന്നു മനുഷ്യന്‍റെ കൃഷിയും പുരയും നശിപ്പിക്കും. അതിൽ വനംവകുപ്പ് ചെയ്യുന്ന ഉപകാരം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. പുൽമേടുകൾ ആയിരുന്ന സ്‌ഥലം മുഴുവൻ മരംവെച്ച് പിടിപ്പിച്ചു അവർ സഹായിച്ചു. ഇപ്പോൾ ആനയ്ക്ക് തിന്നാൻ പുല്ല് ഇല്ല. അവ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി. ഇരുപതിനായിരം പേരെയാണ് ഇന്ത്യയിൽ ഒരു വർഷം പേപ്പട്ടികൾ കടിച്ചു കൊല്ലുന്നത്.

നമ്മുടെ നാട്ടിൽ ഈയിടെ അതിവിചിത്രമായ ഒരു സംഭവം നടന്നു. മൂർഖന്‍റെ 35 മുട്ടകൾ വനപാലകർ അടവെച്ചു വിരിയിച്ച് ജനവാസമുള്ള സ്ഥലത്ത്‌ കൊണ്ടുവിട്ടു. അതിനുശേഷം രാജവെമ്പാലയുടെയും മുട്ടകൾ അടവെച്ചു വിരിയിച്ചിട്ടുണ്ട്. മൃഗസ്നേഹം കൊണ്ട് തലയ്ക്ക് ഓളം വന്നാൽ ചെയ്യുന്ന ഒരു നടപടി എന്ന് മാത്രമേ ഇതിനെ പറയാൻ സാധിക്കുകയുള്ളൂ.

അനേകായിരം ഏക്കർ കൃഷിയാണ് മാനുകളും മയിലുകളും പന്നികളും കുരങ്ങുകളും ആനകളും കൂടി നശിപ്പിക്കുന്നത്.. കർഷകർ പൊറുതിമുട്ടി പട്ടിണിയിൽ ആയിരിക്കുന്നു. ഇവയുടെയൊക്കെ സംഖ്യ ക്രമാതീതമായി തന്നെ വർധിച്ചിരിക്കുന്നു. അവ മനുഷ്യന് ഭീഷണിയാണ്. സ്വയം രക്ഷപെടാൻ വേണ്ടിയുള്ള ശ്രമത്തിൽ ഒരു പുലിയെ കൊന്നു എന്ന പേരിൽ തൊടുപുഴയിൽ ഒരാൾ ഇപ്പോഴും ജയിലിലാണ്. കുറച്ചു നാൾ മുമ്പ് ഒരു മയിൽ മുമ്പിൽ ചാടിയത് മൂലം ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. പത്രങ്ങളിൽ വന്ന ഫോട്ടോ വളരെ ശ്രദ്ധേയമാണ്. മയിലിന്‍റെ ജഡം വനപാലകർ ബഹുമാനത്തോടെ ഏറ്റു വാങ്ങുന്നു. പത്രത്തിലെ വാർത്ത- മയൂരത്തിന് ആദരവ്- ഫോറസ്റ്റുകാർ നിരന്നു നിന്ന് സല്യൂട്ട് ചെയ്യുകയാണ്. മരിച്ച ആ മനുഷ്യ ജീവിക്ക് സർക്കാർ എന്തു നൽകി?


മയിലുകൾ നാട്ടിലേയ്ക്ക് ഇറങ്ങാൻ സർക്കാരും മാധ്യമങ്ങളും കണ്ടെത്തിയ കാര്യങ്ങളാണ് വിചിത്രം. കേരളം ഭാവിയിൽ മരുഭൂമിയാകും അത്രേ. മയിലുകൾ ഉൾപ്പടെയുള്ള വന്യജീവികൾ കൂട്ടത്തോടെ പെരുകി കാട്ടിൽ സ്ഥലമില്ലാതെയായി എന്ന നിസ്സാരയുക്തി ഇവർക്ക് ദഹിക്കില്ല. എന്നോ ഉണ്ടാക്കിയ നിയമങ്ങൾ കാലഹരണപ്പെട്ടതാണ് എന്നു മനസിലാക്കി തിരുത്താൻ തയ്യാറാവുക.

മൃഗങ്ങൾ മനുഷ്യന് എപ്പോൾ ഭീഷണിയാകുന്നുവോ അവയെ അപ്പോൾ കൂട്ടത്തോടെ തന്നെ കൊന്നൊടുക്കുന്ന, Animal Culling എന്നു അറിയപ്പെടുന്ന ഒരു നടപടിയാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചു വരുന്നത്. അനേകായിരം പ്രാവുകളെയും ലക്ഷക്കണക്കിന് കങ്കാരുക്കളെയും മുയലുകളെയും ഒട്ടകങ്ങളെയും ഓസ്ട്രേലിയ, യുഎഇ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ ഒക്കെ കൊന്നൊടുക്കിയിട്ടുണ്ട്. കാനഡയിലും അമേരിക്കയിലും മാനുകളെ വേട്ടയാടാൻ പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ അവ കൂട്ടത്തോടെ പെറ്റുപെരുകി വാഹനങ്ങൾക്ക് മുൻപിൽ ചാടി അപകടങ്ങൾ ഉണ്ടാക്കും.

ഹോമോസാപ്പിയൻസ് ഉണ്ടായി 98% വർഷവും കാട്ടിൽ കിടന്ന് അവിടെനിന്ന് പുറത്തിറങ്ങി ഇത്രയധികം സുഖസൗകര്യങ്ങളും വികസിപ്പിച്ചു, ഇത്രയധികം പുരോഗതി പ്രാപിച്ചെങ്കിൽ അത് പ്രകൃതിക്ക് വിരുദ്ധമായി ജീവിച്ചത് കൊണ്ട് മാത്രമാണ്. ഇല്ലെങ്കിൽ അമ്പും വില്ലുമായി ഇപ്പോഴും കാട്ടിൽ തന്നെ കിടക്കമായിരുന്നു. പശുവിന്‍റെ പേരിൽ മനുഷ്യനെ കൊല്ലുന്ന ഈ രാജ്യത്തു മൃഗാധിപത്യം വരുന്ന ലക്ഷണമാണ്. വനംവകുപ്പ് എന്നാൽ മൃഗങ്ങളുടെ പേരിൽ മനുഷ്യരെ ദ്രോഹിക്കുന്ന ഒരു വകുപ്പ് ആകാതെ മനുഷ്യരെ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ട കടമ കൂടി ഉണ്ടെന്ന് ഓർക്കുക.

മൈസൂരിൽ ബിഹേവിയറൽ സൈക്കോളജിജിസ്റ്റും സൈബർ സൈക്കോളജി കൺസള്‍ട്ടന്‍റും ആണ് ലേഖകൻ.

TAGS :

Next Story