Quantcast

'ഒലിയെ വീഴ്ത്തിയ റാപ്പര്‍'; നേപ്പാളിൽ ഇനി 'ബാലെന്‍റെ' കാലം

35-ാം വയസിലാണ് ബാലേന്ദ്ര ഷാ നേപ്പാളിന്‍റെ അധികാര കേന്ദ്രത്തിലേക്ക് എത്തുന്നത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-03-09 09:31:13.0

Published:

9 March 2026 2:59 PM IST

ഒലിയെ വീഴ്ത്തിയ റാപ്പര്‍; നേപ്പാളിൽ ഇനി ബാലെന്‍റെ കാലം
X

നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെൻസി പ്രക്ഷോഭത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പുറത്തുവരുമ്പോൾ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മുൻ റാപ്പറും കാഠ്മണ്ഡു മുൻ മേയറുമായ ബാലേന്ദ്ര ഷാ (ബാലെൻ) നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടി നേപ്പാളിൽ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ്. ഝാപ്പ 5 മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (CPN-UML ) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കെ. പി ശര്‍മ ഒലിയെ ബാലേന്ദ്ര ഷാ അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

വെറും 35-ാം വയസിലാണ് ബാലേന്ദ്ര ഷാ നേപ്പാളിന്‍റെ അധികാര കേന്ദ്രത്തിലേക്ക് എത്തുന്നത്. ഹിമാലയൻ രാജ്യത്തിന്‍റെ ആദ്യത്തെ മാധേസി പ്രധാനമന്ത്രിയും നേപ്പാളിന്‍റെ പാർലമെന്‍ററി ചരിത്രത്തിൽ നേതൃസ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരിക്കും ബാലേന്ദ്ര ഷാ. ശർമ ഒലിയെപ്പോലുള്ള കരുത്തരായ നേതാക്കളുടെ പരാജയം സൂചിപ്പിക്കുന്നത് പരമ്പരാഗത രാഷ്ട്രീയ ശൈലിയോടുള്ള ജനങ്ങളുടെ മടുപ്പാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ബാലേന്ദ്ര ഷായുടെ ആര്‍എസ്പി ഉണ്ടാക്കിയ സ്വാധീനവും വളരെ വലുതാണ്.

ജെൻസി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ്

നേപ്പാളിലെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു മാറ്റത്തിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. 2025 സെപ്തംബറിൽ പൊട്ടിപ്പുറപ്പെട്ട 'ജെൻസി പ്രക്ഷോഭം' കേവലം പ്രതിഷേധമായിരുന്നില്ല, മറിച്ച് പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച പഴയ രാഷ്ട്രീയ നേതൃത്വത്തിന് എതിരെയുള്ള യുവതലമുറയുടെ താക്കീതായിരുന്നു. രാജ്യത്തെയാകെ ഇളക്കിമറിച്ച പ്രക്ഷോഭമാണ് ഒലി സര്‍ക്കാരിനെ താഴെയിറക്കിയത്. ഈ പ്രക്ഷോഭത്തിൽ ഏകദേശം 77-ഓളം പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അധികാരമേറ്റ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഭരണത്തിന് ചുക്കാൻ പിടിച്ചത്.

നേപ്പാളിലെ ജനപ്രതിനിധി സഭയിൽ ആകെ 275 സീറ്റുകളാണുള്ളത്. ഇതിൽ 165 അംഗങ്ങളെ ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് സമ്പ്രദായത്തിന് കീഴിലുള്ള നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ബാക്കി 110 പേരെ ആനുപാതിക പ്രാതിനിധ്യത്തിലൂടെയുമാണ് (Proportional Representation) തെരഞ്ഞെടുക്കുന്നത്. പൂർണരൂപത്തിലുള്ള ഔദ്യോഗിക ഫലം വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും. മാര്‍ച്ച് 5ന് നടന്ന തെരഞ്ഞെടുപ്പിൽ 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. യുവ വോട്ടര്‍മാരുടെ ശക്തമായ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ സർക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയതിന് മാസങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് രാജ്യമെമ്പാടും ഏറെക്കുറെ സമാധാനപരമായിരുന്നു. വൈകിട്ട് 5 മണിക്ക് പോളിങ് അവസാനിച്ച ശേഷം, ഔദ്യോഗിക തെരഞ്ഞെടുപ്പ് കമ്മീഷണർ രാം പ്രസാദ് ഭണ്ഡാരി നേപ്പാളി പൗരന്മാർക്ക് നന്ദി പറഞ്ഞിരുന്നു.

"പ്രത്യേക സാഹചര്യങ്ങളിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്‍റെ വിജയത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, വോട്ടർമാർ, നേപ്പാൾ സർക്കാർ, സ്വകാര്യ മേഖല, മാധ്യമങ്ങൾ, എല്ലാ മേഖലകൾ എന്നിവയിൽ നിന്നുമുള്ള ഫലപ്രദമായ സഹകരണം കാരണം ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു" എന്നാണ് ഭട്ടാരി പറഞ്ഞത്.

ആരാണ് ബാലേന്ദ്ര ഷാ?

രാം നാരായൺ ഷായുടെയും ധ്രുവദേവി ഷായുടെയും മകനായി 1990 ഏപ്രിൽ 27-നാണ് ബാലേന്ദ്ര ഷാ ജനിച്ചത്. നാല് സഹോദരങ്ങളിൽ ഏറ്റവും ഇളയവൻ. അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മധേഷ് പ്രവിശ്യയിലെ മഹോത്തരി ജില്ലയിൽ നിന്നുള്ളവരാണ്.

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പിതാവിന് കാഠ്മണ്ഡുവിലെ നരദേവി ആയുർവേദ ആശുപത്രിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്നാണ് കുടുംബം തലസ്ഥാനത്തേക്ക് താമസം മാറിയത്. ബാലേന്ദ്ര ഷായുടെ ജനനവും കാഠ്മണ്ഡുവിലായിരുന്നു.നേപ്പാളിൽ പഞ്ചായത്ത് ഭരണസംവിധാനവും രാജഭരണവും അവസാനിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട 1990-ൽ തന്നെയാണ് ബാലേന്ദ്ര ഷാ ജനിച്ചത്. ജനാധിപത്യത്തിന്റെ പുതിയ യുഗത്തിൽ ജനിച്ച അദ്ദേഹം ഇന്ന് ആ രാജ്യത്തിന്‍റെ തന്നെ ജനാധിപത്യ ചരിത്രത്തിൽ പുതിയൊരു അധ്യായം തന്നെ എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

'മിടുക്കനും എളിമയുള്ളവനുമായ കുട്ടിയെന്നാണ്' പിതാവ് അദ്ദേഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ജോലി സംബന്ധമായി പിതാവ് പലപ്പോഴും വീട്ടിൽ നിന്ന് മാറിനിൽക്കുമായിരുന്നുവെങ്കിലും, മകനെക്കുറിച്ച് അദ്ദേഹത്തിനുള്ള പ്രധാന ഓർമ ബാലെൻ കവിതകൾ എഴുതുമായിരുന്നു എന്നതാണ്. "ഞാനും കവിതകൾ എഴുതുമായിരുന്നു, അതുകൊണ്ട് തന്നെ ബാലെൻ കവിതകൾ എഴുതുന്നത് എനിക്ക് കൃത്യമായി ഓർമയുണ്ട്," എന്ന് പിതാവ് പങ്കുവെച്ചിരുന്നു.

കാഠ്മണ്ഡുവിലെ ഹിമാലയൻ വൈറ്റ്ഹൗസ് ഇന്റർനാഷണൽ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ബാലൻ, തുടർന്ന് ഇന്ത്യയിലെ കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 2015 ലെ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് കുറഞ്ഞ ചെലവിൽ ഭവനങ്ങൾ നിർമിച്ചതിലൂടെ ബാലെൻ എഞ്ചിനിയര്‍ എന്ന നിലയിലും തന്‍റെ കൈയൊപ്പ് പതിപ്പിച്ചു.

ബാലെൻ എന്ന റാപ്പര്‍

കുട്ടിക്കാലം മുതലെ സംഗീതത്തോട് താൽപര്യമുണ്ടായിരുന്നു ബാലെന്. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ 'സഡക് ബാലക്' (തെരുവുബാലൻ) എന്ന ഗാനം എഴുതിക്കൊണ്ട് സംഗീതത്തിലേക്ക് കടന്നു. 2012-ൽ പുറത്തിറങ്ങിയ ഈ ഗാനം വലിയ ശ്രദ്ധ നേടി. 2013-ൽ പ്രശസ്തമായ യൂട്യൂബ് റാപ്പ് യുദ്ധ പരമ്പരയായ 'റോ ബാർസ്' സീസൺ 2-ൽ വിജയിയായതോടെ അദ്ദേഹം യുവാക്കൾക്കിടയിൽ തരംഗമായി.അഴിമതിക്കെതിരെയും അധികാര വർഗ്ഗത്തിനെതിരെയും ശബ്ദമുയർത്തുന്നതായിരുന്നു ബാലെൻ എന്ന റാപ്പറുടെ വരികൾ. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായിട്ടാണ് പലരും ഇതിനെ കണ്ടത്.

ചിട്ടയായ രാഷ്ട്രീയ പ്രവേശനം

ആവേശത്തിന്‍റെ പുറത്തല്ല അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 2021-ൽ കാഠ്മണ്ഡുവിലെ മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഏകദേശം 5 വർഷത്തോളം നഗരം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബാലൻ പഠിച്ചിരുന്നു. വലിയ റാലികൾക്ക് പകരം സുഹൃത്തുക്കളോടൊപ്പം വീടുകൾ കയറിയിറങ്ങി ജനങ്ങളോട് സംസാരിക്കാനാണ് അദ്ദേഹം മുൻഗണന നൽകിയത്.

32-ാം വയസിൽ അദ്ദേഹം കാഠ്മണ്ഡുവിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. പരമ്പരാഗതമായി ആ സ്ഥാനത്ത് ആധിപത്യം പുലർത്തിയിരുന്ന ന്യൂവാർ സമൂഹത്തേക്കാൾ, മാധേഷ് പ്രവിശ്യയിൽ നിന്നാണ് വന്നത് എന്നതിനാൽ അദ്ദേഹത്തിന്റെ വിജയം കൂടുതൽ ശ്രദ്ധേയമായിരുന്നു. ആഹ്ളാദപ്രകടനങ്ങളോ ആഘോഷങ്ങളോ ഇല്ലാതെയായിരുന്നു ബാലെൻ മേയര്‍ കുപ്പായമണിഞ്ഞത്. മേയറുടെ ഓഫീസിലെ യോഗങ്ങൾ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമാക്കിക്കൊണ്ട് സുതാര്യത ഉറപ്പാക്കി. മാലിന്യ സംസ്കരണം, ട്രാഫിക് പരിഷ്കാരം, പൊതുശൗചാലയങ്ങൾ, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചു.

വെറുതെ കസേരയിലിരുന്ന ഉത്തരവുകൾ ഇടുന്നതിന് പകരം നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി കാര്യങ്ങൾ നിരീക്ഷിക്കുന്ന ഒരു 'ഹാന്‍റ്സ് ഓൺ' (Hands-on) നേതാവായി ബാലെൻ മാറി. ഇത് ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്‍റെ സ്വീകാര്യത വർധിപ്പിച്ചു.യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. 023-ൽ ലോകത്തെ സ്വാധീനിക്കുന്ന വളർന്നുവരുന്ന 100 നേതാക്കളുടെ (Time 100 Next) പട്ടികയിൽ ബാലേന്ദ്ര ഷാ ഇടംപിടിച്ചു. നേപ്പാളിലെ ഒരു പ്രാദേശിക നേതാവിന് ലഭിക്കുന്ന അപൂർവമായ അന്താരാഷ്ട്ര ബഹുമതിയായിരുന്നു ഇത്.

നഗരത്തിലുടനീളം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും വിമര്‍ശനങ്ങൾക്കതീതമായിരുന്നില്ല ബാലെന്‍റെ ഭരണവും. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി തെരുവ് കച്ചവടക്കാരെ നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. സാധാരണക്കാരുടെ ഉപജീവനത്തെ ഇത് ബാധിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം.സർക്കാർ ഭൂമിയിലെ അനധികൃത താമസക്കാരെയും കുടിയേറ്റക്കാരെയും ഒഴിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിനെതിരെ ആയുധമാക്കി.

ആര്‍എസ്‍പിയുമായുള്ള കൂട്ടുകെട്ട്, തന്ത്രപരമായ നീക്കങ്ങൾ

കഴിഞ്ഞ ഡിസംബറിൽ മേയര്‍ സ്ഥാനം രാജിവച്ച രാഷ്ട്രീയ സ്വതന്ത്രത പാര്‍ട്ടിയിൽ ചേരാനുള്ള തീരുമാനമാണ് ബാലെന്‍റെ രാഷ്ട്രീയ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. ജെൻസി പ്രക്ഷോഭത്തിന് ശേഷം യുവാക്കൾക്കിടയിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഈ ആവേശങ്ങളിലൊന്നും വീഴാതെ അനുയോജ്യമായ സമയം വരുന്നത് വരെ ക്ഷമയോടെ കാത്തിരുന്നു. പെട്ടെന്നുള്ള പ്രശസ്തിക്ക് പിന്നാലെ പായാതെ പടിപടിയായി തന്‍റെ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

പതിവായി മാധ്യമങ്ങളുമായി ഇടപഴകുന്ന ശീലം ബാലെനില്ല. പകരം അദ്ദേഹം പൊതുജനങ്ങളുമായി സംവദിക്കാൻ അദ്ദേഹം സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു.ഫേസ്ബുക്കിൽ 3.5 ദശലക്ഷം, യൂട്യൂബിലും ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ, എക്സിൽ 4,00,000...എല്ലാ പ്ലാറ്റ്‌ഫോമുകളിലും നേപ്പാളിൽ സമാനതകളില്ലാത്ത ഒരു ഓൺലൈൻ പ്രേക്ഷകരെ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.

സെപ്തംബറിലെ പ്രതിഷേധങ്ങൾ നേപ്പാളിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിച്ചു. തൊഴിലില്ലായ്മ, അഴിമതി, ശിക്ഷാനടപടിയില്ലായ്മ എന്നിവയ്‌ക്കെതിരെ നേപ്പാളിലെ യുവത , തെരുവുകളിലേക്ക് ഇറങ്ങിയപ്പോൾ ബാലെന്‍ അവരെ മുന്നിൽ നിന്നും നയിക്കുന്നതിന് പകരം അവരോട് ചേര്‍ന്നുനിന്നു. “ബാലെൻ ഞങ്ങളുടെ പ്രദേശത്ത് മത്സരിക്കാത്തതിനാൽ എനിക്ക് നേരിട്ട് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയില്ല. പക്ഷേ ഞാൻ തീർച്ചയായും അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ട് ചെയ്യും.” എന്നാണ് 23 കാരനായ അയാൽ സാഹ പറഞ്ഞത്. “എത്ര കാലം ഞാൻ കുവൈത്തിൽ ജോലി ചെയ്യുമെന്നത് ബാലെന്‍റെ വിജയത്തെ ആശ്രയിച്ചിരിക്കും'' ജോലി തേടി കടൽ കടന്ന 25കാരനായ ബിപാന ഒലിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

കയ്യടിക്കൊപ്പം വിവാദങ്ങളും

ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉയർന്ന 'ലാൻഡ് റോവർ' വിവാദം. അഴിമതിക്കെതിരെ പോരാടുന്ന, ലളിത ജീവിതം നയിക്കുന്ന ഒരാളെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഈ സംഭവം ചെറിയ രീതിയിൽ മങ്ങലേൽപ്പിച്ചു.

രാജ്യം കടക്കെണിയിൽ കഴിയുമ്പോൾ, പ്രചാരണത്തിനായി ഏകദേശം 4 കോടി രൂപ (40 മില്യൺ നേപ്പാളി രൂപ) വിലവരുന്ന ലാൻഡ് റോവർ ഡിഫൻഡർ എന്ന ആഡംബര കാർ ഉപയോഗിച്ചതാണ് വിവാദമായത്. മുൻപത്തെ ഭരണാധികാരികളുടെ ആഡംബരങ്ങളെ വിമർശിച്ചിരുന്ന ബാലെൻ, അതേ രീതിയിലുള്ള ഒരു വാഹനം ഉപയോഗിച്ചത് വൈരുദ്ധ്യമാണെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചു. ഈ വാഹനത്തിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തുടക്കത്തിൽ അവ്യക്തതയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് രൂപന്ദേഹി ആസ്ഥാനമായുള്ള ഒരു പ്രമുഖ വ്യവസായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് വിട്ടുനൽകിയതാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

തെരുവ് കച്ചവടക്കാരെയും ചേരി നിവാസികളെയും ഒഴിപ്പിക്കാൻ പൊലീസ് സേനയെ ഉപയോഗിച്ചതിനെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ രംഗത്തെത്തിയിരുന്നു. മേൽപ്പറഞ്ഞ വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കുമ്പോഴും, നേപ്പാളിലെ യുവാക്കൾക്കിടയിലുള്ള ബാലേന്ദ്ര ഷായുടെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

TAGS :

Next Story