Quantcast

പിണറായിയില്‍ നിന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്

കുടിയേറ്റത്തിന്റെ വർത്തമാനകാല വ്യഥകൾ തിരിച്ചറിഞ്ഞിട്ടും, പ്രളയകാലത്തും മറ്റും പ്രവാസി സമൂഹം ചേർന്നു നിന്നിട്ടും എല്ലുറപ്പുള്ള പ്രവാസിക്ഷേമ പദ്ധതികൾ ഉണ്ടായില്ല എന്നത് കാണാതെ പോകരുത്

MediaOne Logo

MCA Nazer

  • Updated:

    2021-05-22 15:48:12.0

Published:

22 May 2021 2:24 PM GMT

പിണറായിയില്‍ നിന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്
X

"പ്രവാസി വകുപ്പ് പിണറായി തന്നെ നിലനിർത്തിയത് ശരിയായോ?" സുഹൃത്തുക്കൾ പലരും ചോദിക്കുന്നു.

"തീർച്ചയായും, നല്ല തീരുമാനം" എന്നാണ് ഉത്തരം.

തലമുറമാറ്റവും വകുപ്പുമാറ്റവും നേതൃമാറ്റവും ഒരുമിച്ച് ഉന്നയിക്കപ്പെടുന്ന സമയം. പക്ഷെ, ഒരുകാര്യം ഉറപ്പിച്ചു പറയാൻ കഴിയും. പ്രവാസത്തെ കുറിച്ചും പ്രവാസി പ്രശ്നങ്ങളെ കുറിച്ചും കൃത്യമായ ഉൾക്കാഴ്ചയുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. നിയമസഭാ പ്രസംഗങ്ങളിൽ, വാർത്താ സമ്മേളനങ്ങളിൽ, പൊതുപ്രസംഗങ്ങളിൽ നാം അതു കണ്ടതാണ്.

മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ നാലു തവണ യു.എ.ഇയിൽ വന്നിരുന്നു. പെങ്കടുത്തത് നിരവധി പരിപാടികളിൽ. ചില സ്ഥലങ്ങളില്‍ ഒന്നര മണിക്കൂറിലധികം നേരം പ്രവാസത്തെ കുറിച്ചും പ്രവാസി പ്രശ്നങ്ങളെ കുറിച്ചും പിണറായി സംസാരിച്ചു. കൃത്യവും ആഴത്തിലുള്ളതുമായിരുന്നു വിശകലനം. പതിറ്റാണ്ടുകളായി ഗൾഫ് തട്ടകങ്ങളിൽ ഉള്ളവർക്കു പോലും ഇത്ര ആധികാരികമായി പ്രവാസത്തെ കുറിച്ച് സംസാരിക്കാൻ കഴിയുമോ എന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വിഷയത്തെ കുറിച്ച ഉൾക്കാഴ്ച നടപടികളിൽ പ്രതിഫലിച്ചോ? ഇല്ല എന്നാണ് മറുപടി.

കുടിയേറ്റത്തിന്റെ വർത്തമാനകാല വ്യഥകൾ തിരിച്ചറിഞ്ഞിട്ടും, പ്രളയകാലത്തും മറ്റും പ്രവാസി സമൂഹം ചേർന്നു നിന്നിട്ടും എല്ലുറപ്പുള്ള പ്രവാസിക്ഷേമ പദ്ധതികൾ ഉണ്ടായില്ല എന്നത് കാണാതെ പോകരുത്. ലോക കേരള സഭയാണ് ഇടതുസർക്കാർ എടുത്തു പറയുന്ന ഒന്ന്.

സംശയമില്ല. നല്ല ആശയം. പല രാജ്യങ്ങളിലായി ചിതറി കിടക്കുന്ന പ്രവാസികളുടെ മികച്ച ഏകോപനവും കേരള വികസനവഴിയിലേക്ക് അതിനെ തിരിച്ചുവിടലും. ഭാവനാസമ്പന്നമായിരുന്നു ആവിഷ്കാരം. എന്നാൽ പ്രയോഗതലത്തിൽ കക്ഷിരാഷ്ട്രീയം മുൻനിർത്തിയുള്ള വീതം വെപ്പാണ് സഭയുടെ ഘടനയിൽ വരെ കണ്ടത്. പാർട്ടി പക്ഷപാതിത്വങ്ങൾക്കപ്പുറം പ്രാപ്തിയുള്ളവരെ സഭയിൽ കണ്ടില്ല. ഇടക്ക് പ്രതിപക്ഷം കൈയൊഴിഞ്ഞു. അതോടെ സഭാസ്വപ്നങ്ങൾ അകാലത്തിൽ പൊലിഞ്ഞു.



സാധാരണക്കാരെ ചേർത്തു പിടിച്ചും പ്രവാസികളുടെ ജീവൽ പ്രശ്നങ്ങൾക്ക് ഗൗരവപൂർണമായ ചുവടുവെപ്പുകൾ നടത്തിയും വേണം സഭയെ ഇനി മുന്നോട്ടു നയിക്കാൻ. പ്രതിസന്ധികാലത്ത് ഇടതുസർക്കാറിൽ നിന്ന് പ്രവാസലോകം കൂടുതൽ കൊതിക്കുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ആറു മാസ ശമ്പളം സർക്കാർ നൽകുമെന്ന പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.അതും ദുബൈയിൽ. തുടർ നടപടികളൊന്നും മൂന്നു വർഷം കഴിഞ്ഞിട്ടും കണ്ടില്ല. പിന്നിട്ട അഞ്ചു വർഷം പ്രവാസിക്ഷേമ നിധിയും പ്രവാസി പെൻഷൻ പദ്ധതിയും സക്രിയമാണ്. പെൻഷൻ തുക അയ്യായിരമായി ഉയർത്തണം എന്ന ആവശ്യം ശക്തം.

പുനരധിവാസം തന്നെയാണ് ഇപ്പോൾ പ്രധാനം. അത്രയേറെ മലയാളികളാണ് പ്രതിസന്ധികാലത്ത് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്. ആകാശ വാതിലുകൾ പലതും അടഞ്ഞു കിടക്കുന്നു. മറുവഴികളും ഇടത്താവളങ്ങളും ഇല്ലാതായിരിക്കുന്നു. കേന്ദ്രം ഇതൊന്നും കണ്ട മട്ടില്ല. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ കണക്കെടുപ്പ് പോലും കേന്ദ്രം ആരംഭിച്ചിട്ടില്ല. ആകെയുള്ള പ്രവാസിവകുപ്പും നേരത്തെ അടച്ചുപൂട്ടി. കേന്ദ്രബജറ്റുകൾ പ്രവാസികളെ കുറിച്ച് മിണ്ടിയതേയില്ല. മോദിയുടെ ഇന്ത്യ ഗൾഫുമായി നല്ല അടുപ്പം ഉണ്ടാക്കി. പലതവണ ഗൾഫിൽ പര്യടനം നടത്തി. അപ്പോഴൊക്കെയും നിക്ഷേപ വഴികളെ കുറിച്ചു മാത്രമായിരുന്നു ചർച്ചയും പ്രഖ്യാപനങ്ങളും.

നിനച്ചിരിക്കാതെ വന്നുപെട്ട മഹാമാരിയുടെ ഭാഗമായുള്ള തൊഴിൽനഷ്ടം രൂക്ഷം. നാട്ടിൽ തിരിച്ചെത്തിയവരിൽ വൈദഗ്ധ്യമുള്ളവരാണ് ഭൂരിഭാഗം. അവരുടെ കഴിവുകളും നൈപുണ്യവും നാടിന് മുതൽക്കൂട്ടാകേണ്ടതാണ്. കേരളത്തിെൻറ സാമ്പത്തിക ഞെരുക്കം പുനരധിവാസ പദ്ധതികൾക്ക് തിരിച്ചടിയാണ്. ഗൾഫിലെ സമ്പന്നവ്യവസായികളുടെ പിന്തുണയോടെ പ്രത്യേക പുനരധിവാസ പദ്ധതിക്ക് രൂപം നൽകുന്നതും പരിഗണിക്കാം. 'നിക്ഷേപ സംഗമ' മാമാങ്കങ്ങൾക്ക് കാണിക്കുന്ന ധൃതി തിരിച്ചെത്തിയ പ്രവാസികൾക്ക് ഉപജീവന വഴികൾ കണ്ടെത്തുന്നതിലേക്ക് കൂടി നീങ്ങണം.

2019 ൽ ദുബൈയിൽ ചേർന്ന ലോകകേരള സഭാ റീജ്യനൽ സേമ്മളനം നിരവധി നിർദേശങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. പല കാരണങ്ങളാൽ അതും മുന്നോട്ടു പോയില്ല. പ്രളയത്തിൽ പെട്ട കേരളത്തിന് പിന്തുണ തേടി മുഖ്യമന്ത്രി വന്നപ്പോൾ എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുകയായിരുന്നു പ്രവാസികൾ. സർക്കാർ സംവിധാനങ്ങളിലും പദ്ധതികളിലും പ്രവാസികൾക്ക് വിശ്വാസ്യത ഉറപ്പാക്കാൻ കൂടുതൽ നടപടി വേണം. മുടക്കുമുതൽ സുരക്ഷിതവും പദ്ധതി ലാഭകരവും ആണെന്ന് ഉറപ്പു വരുത്താൻ കഴിയണം.

പ്രതിവർഷം നാലര ലക്ഷം കോടിക്കു മുകളിൽ വിദേശധനം ഇന്ത്യയിൽ എത്തുന്നുണ്ട്. അതിൽ തരക്കേടില്ലാതെ ഒരു പങ്ക് കേരളത്തിലേക്കാണ്. ഒന്നര ലക്ഷം കോടി രൂപയെങ്കിലും പ്രവാസികളുടേതായി കേരളത്തിലെ വിവിധ ബാങ്കുകളിൽ കിടക്കുന്നു. ഗൾഫിലെ പ്രതികൂല സാഹചര്യത്തിലും റെമിറ്റൻസ് തുകയിൽ വലിയ കുറവില്ലെന്നും ബാങ്ക് മേധാവികൾ പറയുന്നു.മനുഷ്യ അധ്വാനത്തിന്റെ കയറ്റുമതിയിലൂടെ വിദേശനാണ്യം തേടുന്നു എന്നതാണ് കേരളത്തിന്റെ മികവ്. ലോകെമങ്ങുമുള്ള മലയാളികളിൽ നല്ലൊരു പങ്കും സാമൂഹികബോധം ഉള്ളിലുള്ളവർ. നാടുമായി ആത്മബന്ധം പുലർത്തുന്നവരും.അവരിൽ കുറേക്കൂടി വിശ്വാസം അർപ്പിക്കണം.

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മി കേരളം സന്ദർശിച്ചത് 2017 സെപ്റ്റംബറിൽ. കേരളത്തിന് തുണയാകുന്ന പല പദ്ധതികളും അന്ന് മുന്നോട്ടു വെച്ചിരുന്നു. ഷാർജയിൽ ചെലവു കുറഞ്ഞ താമസ കേന്ദ്രം മുതൽ കേരളത്തിെൻറ തുടിപ്പുകൾ ഉൾക്കൊള്ളുന്ന മികച്ച സാംസ്കാരിക കേന്ദ്രം വരെ, എന്നാല്‍ തുടർനടപടികൾ പിന്നെ ഒന്നും ഉണ്ടായില്ല.

കാലഹരണപ്പെട്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും ചേർന്ന ഒരു കുടിയേറ്റ നിയമത്തിന്റെ പുറത്ത് യാതൊരുളുപ്പം കൂടാതെ എൻ.ആർ.ഐ നയങ്ങൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നതിന്റെ സങ്കടപർവം കൂടിയാണ് പ്രവാസികൾ താണ്ടുന്നത്. പാർലമെൻറിെൻറ ഇരു സഭകളിലും പ്രവാസി പ്രശ്നം ചർച്ചയാകാതെ പോകുന്നതും ഇതു കൊണ്ടാണ്.

കേരളവും നിയമസഭയും ഈ പരിമിതിയെ മറികടക്കണം. കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പരദേശികൾക്ക് പ്രതിസന്ധി നാളുകളിൽ കൂടുതൽ കരുതലായി മാറാൻ ഊ സർക്കാറിന് കഴിയണം. പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിയിൽ അത്രയേറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ഈ മനുഷ്യർ

TAGS :

Next Story