Quantcast

ലക്ഷദ്വീപിന്‍റെ സ്വന്തം ചാള യൂണിയനും അതിന് പിന്നിലെ മാര്‍ലിയും

എന്താണ് ലക്ഷദ്വീപ് ചാള യൂണിയന്‍ എന്ന് ആര്‍ക്കെങ്കിലും അറിയാമോ. അതിന് കൂടെ കാണുന്ന മാര്‍ലി ആരാണെന്നും

MediaOne Logo

ഖാസിദ കലാം

  • Updated:

    2021-06-11 08:21:45.0

Published:

11 Jun 2021 8:06 AM GMT

ലക്ഷദ്വീപിന്‍റെ  സ്വന്തം ചാള യൂണിയനും അതിന് പിന്നിലെ മാര്‍ലിയും
X

ലക്ഷദ്വീപ് അഡ്‍മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്‍റെ ഭരണപരിഷ്കാരങ്ങള്‍ വാര്‍ത്തയും വിവാദവും ചര്‍ച്ചയും ആയതിനൊപ്പം രസകരമായ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കേരളത്തിലെ പ്രധാന ട്രോള്‍ പേജായ ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ അടക്കം നിരവധി ട്രോള്‍ പേജുകളും ട്രോളന്മാരുമാണ് വിഷയത്തില്‍ ട്രോളുകളുമായി രംഗത്തെത്തിയത്.

എന്നാല്‍ എന്താണ് ലക്ഷദ്വീപ് ചാള യൂണിയന്‍ എന്ന് ആര്‍ക്കെങ്കിലും അറിയാമോ? അതിന് കൂടെ കാണുന്ന മാര്‍ലി ആരാണെന്നും.

ലക്ഷദ്വീപിന്‍റെ സ്വന്തം ട്രോള്‍ പേജുകളിലൊന്നാണ് ലക്ഷദ്വീപ് ചാള യൂണിയന്‍. ഹബീബ് മാര്‍ലി എന്ന യുവാവും സുഹൃത്തുക്കളുമാണ് ഇതിന് പിന്നില്‍.


ഹബീബ് മാര്‍ലി എന്ന ലക്ഷദ്വീപുകാരന്‍ എങ്ങനെയാണ് മാര്‍ലി എന്ന ട്രോളനാകുന്നത്?

ട്രോള്‍ ആസ്വദിക്കുന്ന ഒരാളായിരുന്നു. കേരളത്തിലെ ട്രോള്‍ പേജുകളൊക്കെ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഐസിയു, ട്രോള്‍ മലയാളം എന്നിവയില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് ലക്ഷദ്വീപിന്‍റേതായ ഒരു ട്രോള്‍ പേജ് ഉണ്ടാക്കിയാലോ എന്നൊരു ആഗ്രഹമുണ്ടായി. നാടുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളൊക്കെ ട്രോളായി അവതരിപ്പിക്കണം എന്നേ കരുതിയുള്ളൂ. കൂടെ ചില ആനുകാലിക സംഭവങ്ങളും ഉള്‍ക്കൊള്ളിച്ചു. ലക്ഷദ്വീപ് ചാള യൂണിയന്‍ എന്ന് പേരും കൊടുത്തു. സത്യം പറഞ്ഞാല്‍ പേരില്‍ പോലും ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ സ്വാധീനിച്ചില്ലേ എന്നു ചോദിച്ചാല്‍ അതാണ് സത്യം. ഇപ്പോള്‍ ഇന്‍സ്റ്റയിലും ഞങ്ങളുണ്ട്.


ജനസംഖ്യ കുറവുള്ള, ലക്ഷദ്വീപ് പോലുള്ള ഒരു ഇടത്തിലേക്ക് മാത്രമായുള്ള ഒരു ട്രോള്‍ പേജിന് എത്രമാത്രം റീച്ച് കിട്ടുന്നുണ്ട്?

ലക്ഷദ്വീപിലെ ജനസംഖ്യ വെച്ച് പേജുകള്‍ക്ക് റീച്ച് കുറവേ കിട്ടുകയുള്ളൂ. കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി നല്ലൊരു ട്രോള്‍ പേജ് തുടങ്ങണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇവിടുത്തെ സാഹചര്യങ്ങള്‍ വെച്ച് അതിന് സാധ്യത കുറവാണ്. അതുകൊണ്ട്അ തിലേക്ക് അധികം ശ്രദ്ധ കൊടുത്തിട്ടില്ല. ട്രോളുകള്‍ ചെയ്യും ചിലത് എഫ് ബിയിലും ചിലത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്യും. അവിടുന്നാണ് അത് പലരുടെയും വാട്സ് ആപ്പ്, ഇന്‍സ്റ്റ സ്റ്റാറ്റസ് ആയി മാറി വൈറലാകുന്നത്. അത് കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നും.

ദ്വീപിലുള്ളവര്‍ ഉള്ളവര്‍ അത്യാവശ്യം ട്രോള്‍ ആസ്വദിക്കുന്നവരാണ്. അവരുടെ ഒരു സപ്പോര്‍ട്ട് ഞങ്ങള്‍ ട്രോളന്മാര്‍ക്കുണ്ട്. എന്നെപ്പോലെ തന്നെ ട്രോളുകള്‍ ചെയ്യുന്ന കുറേ സുഹൃത്തുക്കളുമുണ്ട്. എല്ലാവരുടെയും പിന്തുണയോടെയാണ് ഫെയ്സ് ബുക്കില്‍ പേജ് തുടങ്ങിയത്. ആ പേജിന് അത്ര റീച്ചില്ലാത്തതുകൊണ്ട് ഞങ്ങളുടെ ഐഡിയിലും ട്രോളുകള്‍ ഷെയര്‍ ചെയ്യും.


എങ്ങനെയാണ് ജോലി തിരക്കിനിടയില്‍ പോലും ട്രോളുകള്‍ക്കായി സമയം കണ്ടെത്തുന്നത്?

ജോലി തിരക്കുകളിലായതുകൊണ്ട് കൂടുതലായി ട്രോളുകള്‍ക്ക് സമയം കണ്ടെത്താന്‍ പറ്റാറില്ല എന്നത് വാസ്തവമാണ്. ലക്ഷദ്വീപിന്‍റെ ഈ പ്രതിസന്ധി സമയത്ത് അതുമായി ബന്ധപ്പെട്ട ഒരുപാട് ട്രോളുകള്‍ വരാറുണ്ട്. എല്ലാം ഒന്നും എന്‍റേതല്ല. മറ്റ് സുഹൃത്തുക്കളും ട്രോളുകള്‍ ചെയ്യുന്നുണ്ട്.

ലക്ഷദ്വീപിലെ ചെത്തിലത്ത് സ്വദേശിയാണ് ഹബീബ് മാര്‍ലി. പഠിച്ചത് കവരത്തി ദ്വീപിലാണ്, അതിന് ശേഷം തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍. ഇപ്പോള്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ചെത്തിലത്ത് ദ്വീപ് പഞ്ചായത്ത് ഓഫീസില്‍ ജിആര്‍എസ് ആയി ജോലി ചെയ്യുന്നു. ഉപ്പയും ഉമ്മയും മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരും അടങ്ങുന്നതാണ് ഹബീബിന്‍റെ കുടുംബം.

TAGS :

Next Story