തരൂരിന്‍റെ ഇംഗ്ലീഷിനെ ട്രോളി പാക് കൊമേഡിയന്‍; വൈറലായി വീഡിയോ
തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ വിവിധ സ്റ്റെപ്പുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ശശി തരൂരിന്‍റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് കേട്ട് കണ്ണും മിഴിച്ചിരുന്നവരാണ് നമ്മളില്‍ പലരും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഗത്ഭ്യമുള്ളവര്‍ പോലും തരൂര്‍ ഇംഗ്ലീഷ് കേട്ട് വെള്ളം കുടിച്ചിട്ടുണ്ട്. തരൂരിന്‍റെ ഇംഗ്ലീഷ് പ്രാവീണ്യത്തെ ട്രോളിക്കൊണ്ട് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങ് പാകിസ്താനില്‍ നിന്നാണ് ഇത്തവണ തരൂരിന്‍റെ ഇംഗ്ലീഷിനെ ട്രോളിയിരിക്കുന്നത്. പാക് കൊമേഡിയനായ അക്ബര്‍ ചൌധരിയുടെ വീഡിയോ ആരിലും ചിരി പടര്‍ത്തും. ശശി തരൂര്‍ എം.പിയെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം എന്നാണ് തമാശ രൂപേണ തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ പറയുന്നത്.
തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ വിവിധ സ്റ്റെപ്പുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ അക്ബർ ഓക്സ്ഫോര്‍ഡിന്‍റെ ഇംഗ്ലീഷ് ഡിക്ഷണറി കൊണ്ട് പാനീയമുണ്ടാക്കി കുടിക്കുന്നു. തുടർന്ന് ഡിക്ഷണറി സിരകളിൽ കുത്തി വെക്കുകയും ലഹരി വസ്തു പോലെ മൂക്കിൽ വലിക്കുകയും ചെയ്യുന്നു. പിന്നീട് അക്ബർ തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങുന്നതാണ് വീഡിയോയിലുള്ളത്..
വീഡിയോയുടെ അവസാനം തരൂരിന്‍റെ ശബ്ദത്തില്‍ സംസാരിക്കുന്ന അക്ബറിനെ കാണാം. തരൂരിന്‍റെ ശബ്ദം ഉപയോഗിച്ച് അക്ബര്‍ ചുണ്ടനക്കിയിരിക്കുകയാണ് വീഡിയോയില്‍. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ശശി തരൂരും വീഡിയോ പങ്കുവച്ചിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെക്കുറിച്ചും ഇത്തരത്തിലൊരു വീഡിയോ ചെയ്യാന്‍ തരൂര്‍ ആവശ്യപ്പെടുന്നു.
How to speak English like @ShashiTharoor #ShashiTharoor #Defenestrate #Farrago #Floccinaucinihilipilification pic.twitter.com/08KwCq44SR
— Akbar Chaudry (@AkbarChaudry) February 25, 2021
Adjust Story Font
16

