'രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ'.. സഹോദരന്‍റെ ബിജെപി പ്രവേശനത്തില്‍ ഹൃദയ വേദനയോടെ പന്തളം സുധാകരന്‍
മറുപടി പറഞ്ഞു തളരുന്നുവെന്ന് പന്തളം സുധാകരന്‍

സഹോദരൻ പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നതില്‍ പ്രതികരിച്ച് മുന്‍മന്ത്രി പന്തളം സുധാകരൻ രംഗത്തെത്തി. അതീവ ഹൃദയ വേദനയോടെയാണ് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു മാറ്റത്തിന്‍റെ വിദൂര സൂചനയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു. പരിചിതരും അപരിചിതരും അമർഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും വിളിക്കുന്നു. മറുപടി പറഞ്ഞു തളരുന്നു. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോയെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. ഇന്നലെ ബിജെപിയുടെ വിജയയാത്രയുടെ സമാപന ചടങ്ങിലാണ് പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത്.
പന്തളം സുധാകരന്‍റെ കുറിപ്പ്
അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്.
ഇന്ന് വൈകുന്നേരം ചാനലിൽ കണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി. എന്റ സഹോദരൻ കെ പ്രതാപൻ ബീജെപിയിൽ ചേർന്നുവെന്ന വാർത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു.
എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്.
സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു,
മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോൺഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാൻ മുൻഅറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലെന്ന ചിന്ത അലട്ടുന്നുണ്ട്.
ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?
Adjust Story Font
16

