രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ നൽകി പി.സി ജോർജ്
ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് പി.സി ജോർജ് പറഞ്ഞു

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ സംഭാവന നൽകി പി.സി ജോർജ് എം.എൽ.എ. കോട്ടയം പള്ളിക്കത്തോട്ടിൽ ഒരു വിവാഹ ചടങ്ങിനെത്തിയ പി.സി ജോർജിനെ കണ്ട് ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾ സംഭാവന തേടിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിനു സംഭാവനയായി ആയിരം രൂപ നൽകിയത്. ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നൽകിയശേഷം പി.സി ജോർജ് പറഞ്ഞു.
രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ. ഹരി, കോട്ടയം ജില്ല പ്രസിഡൻറ് അഡ്വ. നോബിൾ മാത്യു, നേതാക്കളായ ആർ. രാജീവ്, സതീഷ് ചന്ദ്രൻ മാസ്റ്റർ, അജീഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story
Adjust Story Font
16

