മികച്ച ഫുട്ബോള്‍ കളിക്കാരന് സമ്മാനം പെട്രോള്‍ !
മൂന്ന് ലിറ്റർ പെട്രോള്‍ ആണ് ടൂര്‍ണമെന്‍റില്‍ സമ്മാനമായി നൽകിയത്

മികച്ച കാല്‍പന്ത് കളിക്കാരന് പെട്രോള്‍ സമ്മാനമായി നല്‍കി മലപ്പുറത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ്. മലപ്പുറം മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനുള്ള സമ്മാനമാണ് തീർത്തും വ്യത്യസ്തമായി മാറിയത്.
മൂന്ന് ലിറ്റർ പെട്രോള്‍ ആണ് ടൂര്‍ണമെന്‍റില്‍ സമ്മാനമായി നൽകിയത്. 'പാസ്‌ക് പിലാക്കല്‍' ടീമംഗം അനസാണ് മികച്ച കളിയിലൂടെ ആ ഭാഗ്യവാനായി മാറിയത്. പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ പറഞ്ഞു.
24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പാസ്‌ക് പിലാക്കല്‍, 'രാജകുടുംബം കോഴിക്കോടി'നെ തോല്‍പ്പിച്ച് ജേതാക്കളായി. ടൂർണമെന്റിൽ ഉദ്ഘാടന ചടങ്ങിൽ അതിഥികളായി എത്തിയവർക്കും പെട്രോൾ സ്നേഹ സമ്മാനമായി നൽകി. 1/2 ലിറ്റർ പെട്രോൾ വീതമാണ് അതിഥികൾക്ക് നൽകിയത്.
ടൂർണമെന്റിൽ നിന്നും സംഘാടകർക്ക് ലഭിച്ച തുകയുടെ ഒരു വിഹിതം ചികിത്സ ധനസഹായമായി നല്കുകയും ചെയ്തു.
Adjust Story Font
16

