Quantcast

വീണ്ടും കളം നിറഞ്ഞ് സ്പിന്നർമാർ; മോദി സ്‌റ്റേഡിയത്തിലെ പിച്ചിൽ ഭൂതമുണ്ടോ?

മൂന്നിൽ താഴെയാണ് സ്പിന്നർമാരുടെ എകോണമി നിരക്ക്

MediaOne Logo

  • Updated:

    2021-03-04 10:53:40.0

Published:

4 March 2021 4:28 PM IST

വീണ്ടും കളം നിറഞ്ഞ് സ്പിന്നർമാർ; മോദി സ്‌റ്റേഡിയത്തിലെ പിച്ചിൽ ഭൂതമുണ്ടോ?
X

മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെ കുറിച്ചുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ കുറഞ്ഞ സ്‌കോറിന് പുറത്തായി ഇംഗ്ലണ്ട്. 75.5 ഓവറിൽ 205 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ എല്ലാവരും കൂടാരം കയറിയത്. സ്പിന്നർമാർ എട്ടു വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ കളിയിൽ 11 വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ചായ അക്‌സർ പട്ടേൽ നാലു വിക്കറ്റ് കൊയ്തു. 26 ഓവറിൽ 68 റൺസ് വഴങ്ങിയാണ് അക്‌സർ നാലു പേരെ മടക്കിയയച്ചത്. 2.61 റൺസ് ആണ് ഇകോണമി റേറ്റ്. സീനിയർ സ്പിന്നർ അശ്വിൻ 19.5 ഓവറിൽ 47 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 2.36 റൺസാണ് ഇകോണമി നിരക്ക്. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും പേസർ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി. ഒമ്പത് ഓവർ എറിഞ്ഞ ഇഷാന്ത് ശർമ്മയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

മൂന്നിൽ താഴെയാണ് സ്പിന്നർമാരുടെ എകോണമി നിരക്ക്. പേസർമാരുടേത് മൂന്നും അതിൽക്കൂടുതലും. ഇഷാന്ത് ശർമ്മയുടെ ഇകോണമി നിരക്ക് 2.55 ഉം സിറാജിന്റേത് 3.21 ഉമാണ്.

മോദി സ്‌റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റ് ഒന്നര ദിനം കൊണ്ട് അവസാനിച്ചതോടെയാണ് പിച്ചിനെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്. മൊട്ടേരയിലേത് മോശം പിച്ചാണ് എന്നായിരുന്നു ഇംഗ്ലണ്ടിന്റെ പരാതി. ഒന്നാം ഇന്നിങ്‌സിൽ 81 ഉം രണ്ടാം ഇന്നിങ്‌സിൽ 112 ഉം റൺസ് മാത്രമാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് എടുക്കാനായിരുന്നത്. വിക്കറ്റിനെ പരിഹസിച്ച് മുൻ ഓസീസ് താരം മൈക്കൽ വോൺ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

അതേസമയം, വിക്കറ്റിൽ 200-230 റൺസ് നേടിയാൽ വിജയിക്കാനാകുമെന്നാണ് ഇംഗ്ലണ്ട് സ്പിൻ കോച്ച് ജീതൻ പട്ടേൽ പറഞ്ഞിരുന്നത്. രണ്ടാം ദിനം പന്തിന് കൂടുതൽ സ്പിൻ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. പട്ടേല്‍ പറയുന്നത് പ്രകാരമാണ് എങ്കില്‍ 200 റണ്‍സ് ഈ പിച്ചില്‍ താരതമ്യേന മികച്ച സ്‌കോറാണ്. പിച്ചിൽ ഭൂതമൊന്നുമില്ലെന്ന് സാരം.

TAGS :

Next Story