പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം പടരുന്നു; നിരോധനം ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി
പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു, 27 പേര്‍ അറസ്റ്റിലായി

പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം പടരുന്നു. യാങ്കൂണിലും മന്‍ഡാലെയിലും നിരോധനം ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്പിഡോയില്‍ റബര്‍ ബുള്ളറ്റ് ഏറ്റ് 4 പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. മന്‍ഡാലെ നഗരത്തില്‍ 27 പേര്‍ അറസ്റ്റിലായി.
മ്യാന്‍മറിലെങ്ങും പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. യാങ്കൂണിലും മന്‍ഡാലെയിലും രാവിലെ 4 മുതല്‍ വൈകിട്ട് 8 വരെ നിരോധനാജ്ഞ തുടരുകയാണ്. ഇതു ലംഘിച്ചാണ് നാലാം ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. ഫെബ്രുവരി ഒന്നിനാണ് ഓങ് സാന്‍ സൂചിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചത്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു അട്ടിമറി.
പുതിയ തിരഞ്ഞെടുപ്പ് നടത്തിയശേഷം വിജയികള്‍ക്ക് അധികാരം കൈമാറുമെന്ന് കഴിഞ്ഞ ദിവസം ടിവി പ്രസംഗത്തില്‍ പട്ടാള ഭരണാധികാരി ജനറല്‍ മിന്‍ ഓങ് ലെയ്ങ് പറഞ്ഞെങ്കിലും തീയതി വ്യക്തമാക്കിയില്ല. രാജ്യാന്തരതലത്തില്‍ പട്ടാള ഭരണകൂടത്തിനെതിരെ സമ്മര്‍ദം ശക്തമാകുന്നതിനിടെ, മ്യാന്‍മറുമായുള്ള ഉന്നത ബന്ധങ്ങള്‍ അവസാനിപ്പിച്ചതായി ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചു. പട്ടാള നേതാക്കള്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി.
പട്ടാളഭരണം പിന്‍വലിക്കാനാവശ്യമായ സമ്മര്‍ദം ചെലുത്താന്‍ ഏഷ്യയിലെ രാഷ്ട്ര നേതാക്കളോട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്ന് യുഎസും ആവശ്യപ്പെട്ടു.
Adjust Story Font
16

