Quantcast

'ഞാൻ തമിഴിൽ സംസാരിക്കാം; നിങ്ങൾ മനസ്സിലാകുന്നുണ്ടോ എന്ന് നോക്കൂ...' ഹിന്ദി പേരിടലിനെ പാർലമെന്റിൽ ട്രോളി കനിമൊഴി

ലോക്സഭയിൽ പ്രസംഗിക്കുന്നതിതിനിടെ "ആത്മനിർഭർ" എന്ന വാക്ക് ഉച്ചരിക്കാൻ കനിമൊഴി ബുദ്ധിമുട്ടിയതാണ് സംഭവങ്ങളുടെ തുടക്കം

MediaOne Logo

André

  • Published:

    10 Dec 2021 6:29 AM GMT

ഞാൻ തമിഴിൽ സംസാരിക്കാം; നിങ്ങൾ മനസ്സിലാകുന്നുണ്ടോ എന്ന് നോക്കൂ... ഹിന്ദി പേരിടലിനെ പാർലമെന്റിൽ ട്രോളി കനിമൊഴി
X

കേന്ദ്രസർക്കാർ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നതിനെതിരെ പാർലമെന്റിൽ ട്രോളുമായി ഡി.എം.കെ എം.പി കനിമൊഴി. സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യം വെച്ചുകൊണ്ടുള്ള കേന്ദ്രസർക്കാറിന്റെ 'ആത്മനിർഭർ' പദ്ധതിയുടെ പേര് തനിക്ക് ഉച്ചരിക്കാൻ കഴിയുന്നില്ലെന്നും, പദ്ധതികൾക്ക് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ പേരിടുന്നതാവും നല്ലതെന്നും ലോക്‌സഭയിലെ ചർച്ചയ്ക്കിടെ കനിമൊഴി പറഞ്ഞു. ഉച്ചാരണം പിഴച്ച കനിമൊഴിയെ തിരുത്താൻ ശ്രമിച്ച ഭരണകക്ഷി എം.പിമാരോട് 'എന്നാൽ ഞാൻ ഇനി തമിഴിൽ സംസാരിക്കാം; നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എന്ന് നോക്കൂ...' എന്നായിരുന്നു ചിരിയോടെ തൂത്തുക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കനിമൊഴിയുടെ പ്രതികരണം.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ചും സംസ്ഥാന സർക്കാറുകളെ ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടെയാണ് കനിമൊഴി 'ആത്മനിർഭർ' എന്ന വാക്ക് ഉച്ചരിക്കാൻ ബുദ്ധിമുട്ടിയത്. പിന്നാലെ സരസമായി 'ഇത് ഉച്ചരിക്കാൻ വല്ലാത്ത ബുദ്ധിമുട്ടാണ്' എന്നും അവർ പറഞ്ഞു. ഇത് സഭയിൽ ചിരിക്കിടയാക്കി. അപ്പോൾ ഭരണപക്ഷ ബെഞ്ചിലെ അംഗങ്ങൾ വാക്ക് ഉച്ചരിച്ചു കാണിച്ചു.

'നോക്കൂ... അതാണ് പ്രശ്‌നം. ഞങ്ങൾ വ്യത്യസ്ത ഭാഷകളാണ് സംസാരിക്കുന്നത് എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നുകിൽ ഇത് ഇംഗ്ലീഷിൽ വേണം. അല്ലെങ്കിൽ എല്ലാവർക്കും പറയാൻ കഴിയുന്ന വിധത്തിൽ പ്രാദേശിക ഭാഷകളിൽ ആയിരിക്കണം...' എന്നായിരുന്നു ഇതിനോട് കനിമൊഴിയുടെ ഇംഗ്ലീഷിലുള്ള പ്രതികരണം. ഹിന്ദി വാക്കുകൾ ഉച്ചരിക്കാൻ കഴിയാത്തത് നിങ്ങളുടെ കുഴപ്പമാണെന്ന് ഒരംഗം കുറ്റപ്പെടുത്തിയതോടെ അവർ സംസാരം തമിഴിലേക്ക് മാറ്റി: 'സെരി, ഇനിമേലെ തമിഴിലേ പേസറേൻ. പുരിയിതാന്ന് സൊല്ല്‌ങ്കേ. അത്ക്ക് പെർമിഷൻ കേക്കണോന്നിരിങ്കിലേ... അത് താനെ പ്രചനേ...' (ഇനിമുതൽ ഞാൻ തമിഴിൽ സംസാരിക്കാം. മനസ്സിലാകുന്നുണ്ടോ എന്നു നോക്കൂ. തമിഴിൽ സംസാരിക്കാൻ നേരത്തെ പെർമിഷൻ എടുക്കണമെന്നുണ്ടല്ലോ. അതാണ് പ്രശ്‌നം). ചിരിയോടെയുള്ള കനിമൊഴിയുടെ മാസ് മറുപടി സഭയിൽ കൂട്ടച്ചിരിക്ക് വഴിവെച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളായ കനിമൊഴി തമിഴ് കവയത്രിയും എഴുത്തുകാരിയുമാണ്. അവരുടെ പുസ്തകങ്ങൾ ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

DMK leader and Tamil poet Kanimozhi Karunanidhi questions Hindi imposition in a funny manner during a session in Loksabha

Next Story