Quantcast

കൂട്ടരാജി, തെരുവിൽ കനക്കുന്ന പ്രതിഷേധം; പൊന്നാനിയിൽ പകച്ച് സിപിഎം

രാജിയും പ്രതിഷേധവും പാർട്ടിയെ അഭൂതപൂർവമായ പ്രതിസന്ധിയിലാക്കി

MediaOne Logo

  • Published:

    9 March 2021 5:45 AM GMT

കൂട്ടരാജി, തെരുവിൽ കനക്കുന്ന പ്രതിഷേധം; പൊന്നാനിയിൽ പകച്ച് സിപിഎം
X

പൊന്നാനി നിയമസഭാ മണ്ഡലത്തിൽ പി നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിന് പിന്നാലെ അണപൊട്ടിയ പ്രതിഷേധത്തില്‍ സിപിഎം നേരിടുന്നത് അഭൂതപൂര്‍വ്വമായ പ്രതിസന്ധി. നൂറു കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങിയതിന് ഒപ്പം പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിൽ നിന്ന് ചൊവ്വാഴ്ച കൂട്ടരാജിയുമുണ്ടായി. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് രാജിവച്ചത്. പ്രശ്‌നം ചർച്ച ചെയ്യാൻ പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടിയും പി ശ്രീരാമകൃഷ്ണനും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

നന്ദകുമാറിനെ വേണ്ടെന്ന് പ്രാദേശിക ഘടകങ്ങൾ

രണ്ടു തവണ മത്സരിച്ച സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാറി നിൽക്കുന്ന സാഹചര്യത്തിലാണ് പി നന്ദകുമാറിനെ സിപിഎം സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. എന്നാൽ നന്ദകുമാറിനെ വേണ്ടെന്നും പൊന്നാനി ഏരിയ സെക്രട്ടറി ടിഎം സിദ്ദീഖിനെ മത്സരിപ്പിക്കണമെന്നാണ് കീഴ്ഘടകങ്ങളുടെ ആവശ്യം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിലും ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയിലും സിദ്ദീഖിന്റെ പേരാണ് ഉയർന്നു കേട്ടിരുന്നത്. സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് ഒരു ബസ് നിറയെ സിപിഎം പ്രവർത്തകർ നേരത്തെ മലപ്പുറത്തേക്ക് പോകാൻ തയ്യാറിയിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.

പി ശ്രീരാമകൃഷ്ണൻ

എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് സിഐടിയു ദേശീയ ഭാരവാഹിയായ നന്ദകുമാറിനെ നിശ്ചയിക്കുകകയായിരുന്നു. തീരുമാനം തിരിച്ച് ജില്ലാ കമ്മിറ്റിയിൽ എത്തിയ വേളയിൽ ഭാരവാഹികൾ കടുത്ത എതിർപ്പാണ് ഉയർത്തിയത്. എന്നാൽ പ്രതിഷേധത്തിനിടയിലും തീരുമാനം മാറ്റാൻ സെക്രട്ടറിയേറ്റ് തയ്യാറായില്ല.

പൊന്നാനി മണ്ഡലത്തിലെ വെളിയങ്കോട് സ്വദേശിയാണ് ടിഎം സിദ്ദീഖ്. തിരൂർ ആലങ്കോട്ടാണ് നന്ദകുമാർ താമസിക്കുന്നത്.

പോസ്റ്റർ 'വിപ്ലവം'

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പോസ്റ്ററുകൾ വഴിയാണ് ആദ്യം പുറത്തെത്തിയത്. പൊന്നാനിയിൽ ഇമ്പിച്ചിബാവയ്ക്ക് ശേഷം പൊന്നാനിക്കാരനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കണം എന്നാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഇതിന് മുമ്പ് ശ്രീരാമകൃഷ്ണനെ തന്നെ പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ ഉയർന്നിരുന്നു. ഇതിന് മുകളിലാണ് ഈ പുതിയ പോസ്റ്ററുകൾ പതിഞ്ഞത്.

പോസ്റ്ററിൽ നിന്ന് തുടങ്ങിയ പ്രതിഷേധം തെരുവിൽ അണപൊട്ടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അഞ്ഞൂറോളം പാർട്ടി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും എന്ന ബാനറാണ് ഇവർ ഉയർത്തിപ്പിടിച്ചിരുന്നത്.

ഇതിന് മുമ്പ് വിഎസിനു വേണ്ടി

സിപിഎം നേതൃത്വത്തിനെതിരെ തെരുവിൽ പ്രതിഷേധമുണ്ടാകുന്നത് അപൂർവ്വമാണ്. ഇതിന് മുമ്പ് 2011ലും 2016ലും മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് വേണ്ടി അനുയായികൾ തെരുവിലിറങ്ങിയതു മാത്രമാണ് ഇതിന് അപവാദം. സിപിഎം ഔദ്യോഗിക പക്ഷതത്തിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന കണ്ണൂരിൽ അടക്കം കേരളത്തിലുടനീളം പ്രവർത്തകർ വിഎസിനായി രംഗത്തിറങ്ങിയിരുന്നു.

വിഎസ് അച്യുതാനന്ദൻ

പ്രതിഷേധത്തിന് പിന്നാലെ നേതൃത്വം മുതിർന്ന നേതാവിന് സീറ്റ് നൽകാൻ നിർബന്ധിതമാകുകയായിരുന്നു.

പൊന്നാനിയിലെ സ്ഥിതി

2011ലാണ് പി ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. നാലായിരത്തിലേറെ വോട്ടായിരുന്നു ഭൂരിപക്ഷം. 2016ലെ രണ്ടാമൂഴത്തിൽ ഭൂരിപക്ഷം 15650 വോട്ടാക്കി ഉയർത്താൻ അദ്ദേഹത്തിനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ 9,127 വോട്ടാണ് സിപിഎമ്മിന്റെ ഭൂരിപക്ഷം.

ലോക്‌സഭയിൽ പൊന്നാനി എല്ലാ കാലത്തും ലീഗിന്റ ഉറച്ച കോട്ടയാണ് എങ്കിലും നിയമസഭയിൽ മണ്ഡലം ഇടതിനൊപ്പമാണ്.

TAGS :

Next Story